modi

ലോക്സഭതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ പരസ്പരം ആരോപണങ്ങളുയർത്തിയ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഒരേ സമയം കേരളത്തിലെത്തിയത് യാദൃശ്ചികമാവും. മിന്നുന്ന ജയത്തോടെ രണ്ടാമതും പ്രധാനമന്ത്രിയുടെ കസേര സ്വന്തമാക്കിയ നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുവാനും തുലാഭാരമടക്കമുള്ള വഴിപാടുകൾ നടത്തുവാനുമാണ് കേരളത്തിലെത്തിയിരിക്കുന്നത്. അതേ സമയം വയനാട് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ രാഹുൽ ഗാന്ധി വോട്ടർമാരെ നേരിട്ടുകണ്ട് നന്ദിയറിക്കുവാനാണ് കേരളത്തിലെത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെത്തിയ ഈ രണ്ട് നേതാക്കളുടെയും പ്രവർത്തികളെ താരതമ്യം ചെയ്യുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ. താമരപ്പൂ കൊണ്ട് മോദി തുലാഭാരം നടത്തുമ്പോൾ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തുന്നതിന്റെ കാരണങ്ങളാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം വിവരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ്.

വരുന്ന അഞ്ചു വർഷം കൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവർത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേൽക്കോയ്മ തകർക്കണം, നരേന്ദ്രമോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

ഇതിനൊക്കെ പുറമെ, വയനാട്ടിലെ കർഷകരുടെ, കർഷക തൊഴിലാളികളുടെ, ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവർത്തിക്കാതെ നോക്കണം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ദീർഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണം