rahul-gandhi

കൽപ്പറ്റ: രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്ന് വയനാട്ടിലെ എം.പിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിന്റെ പ്രശ്നങ്ങളും കേരളത്തിന്റെ പ്രശ്നങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങൾക്കെതിരായും സ്നേഹംകൊണ്ട് പോരാടാനാണ് കോൺഗ്രസ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു. വയനാട് ജില്ലയിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറ‌ഞ്ഞത്.

പകയും ,വിദ്വേഷവും, അരക്ഷിതാവസ്ഥയുമാണ് മോദി പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങളോടൊപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പാർലമെന്റിൽ ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്റെ ഓഫീസിന്റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞു.

ഇന്നലെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 2.30 നാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. യു.ഡി.എഫ് നേതാക്കൾ ചേർന്നാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. തുടർന്ന് കാളികാവിലായിരുന്നു ആദ്യ സ്വീകരണം. മഴയും മിന്നലും അവഗണിച്ച് പതിനായിരങ്ങൾ ആവേശത്തോടെ രാഹുലിനെ കാണാനെത്തി.

പിന്നീട് നിലമ്പൂർ, എടവണ്ണ, അരിക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തി. തുടർന്ന് റോഡ് മാർഗ്ഗം രാത്രിയോടെയാണ് രാഹുൽ ഗാന്ധി കൽപ്പറ്റയിലെത്തിയത്. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റർ സന്ദർശിച്ചു. ഇവിടെവച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തി. കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ ,റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് റോഡ്‌ഷോ ആരംഭിച്ചു. കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്നാണ് റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി, എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടത്തുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് മുമ്പെങ്ങുമില്ലാത്ത സുരക്ഷയാണ് എങ്ങും. അതിർത്തികളിലും കർശന പരിശോധനയാണ്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് റോഡ് ഷോ നടത്തുന്നത് കൊണ്ട് എങ്ങും സുരക്ഷ കർശനമാക്കി. മൂവായിരം പൊലീസുകാരെ ജില്ലയിലെങ്ങും വിന്യസിച്ചു.