എല്ലാ മാതാപിതാക്കളുടെയും പരിധിയില്ലാത്ത ആഗ്രഹം തങ്ങളുടെ കുഞ്ഞുങ്ങൾ സമൂഹം അംഗീകരിക്കുന്ന നിലയിലെത്തണമെന്നാണ്. സത്യദർശിയായ ഒരു ഗുരു ആഗ്രഹിക്കുന്നത് ശിഷ്യന്മാർ സമൂഹത്തിനു ദിശാബോധം നല്കും വിധം ത്യാഗികളായിത്തീരണമെന്നാണ്. നല്ല അദ്ധ്യാപകർ തങ്ങളുടെ കുട്ടികൾ ഉന്നതവിജയം നേടി മാതൃകയായിത്തീരണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം ആഗ്രഹങ്ങൾ സഫലമാകണമെങ്കിൽ വലിയ പരിശ്രമം വേണ്ടിവരുമെന്നറിയാം. എന്നാൽ പരിശ്രമം കൊണ്ടുമാത്രം ഇത് സാദ്ധ്യമാകുമോ? ഇല്ലെന്നാണ് അനുഭവം. അതിന് മറ്റെന്തൊക്കെ വേണം ?
പ്രാഥമികമായി വേണ്ടത് നിശ്ചയദാർഢ്യമാണ്. പുറമേ മൗലികമായി ചിന്തിക്കാനുള്ള ബുദ്ധിവൈഭവവും സ്ഥിരോത്സാഹവും ധാർമ്മികാവബോധവും ഉണ്ടാവണം. ഇവയെല്ലാം വേണ്ടുംവിധം സമന്വയിക്കുമ്പോഴാണ് ഒരാൾക്ക് ഉന്നതമായ നിലയിലേക്ക് ഉയരാനുള്ള വഴി തെളിയുന്നത്. അതിനുള്ള പാകപ്പെടുത്തലാണ് ഗുരുവും അദ്ധ്യാപകനും മാതാപിതാക്കളും ചെയ്യേണ്ടത്. നല്ലൊരു കർഷകൻ നന്നായി തറയൊരുക്കി ശാസ്ത്രീയമായി വിത്തുവിതച്ച് വേണ്ട അളവിൽ വെള്ളവും വളവും നല്കി അതിനെ പരിചരിക്കുന്നത് പോലെയാണത്. ഇവയിലേതെങ്കിലുമൊന്നിന് കുറവുണ്ടായാൽ ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
മാതാപിതാക്കളുണ്ടാകുന്നത് കുഞ്ഞുങ്ങളുടെ പിറവിയോടെയും അദ്ധ്യാപകരുണ്ടാകുന്നത് വിദ്യാർത്ഥികളുടെ വരവോടെയും ഗുരു ഉണ്ടാകുന്നത് ശിഷ്യന്മാരുടെ പിന്തുടർച്ചയിലൂടെയുമാണ്. എന്നാൽ നല്ല മാതാപിതാക്കളുണ്ടാകുന്നത്, സമൂഹത്തിനു ഗുണം ചെയ്യുന്നവരായി വളരാൻ വേണ്ട വഴികൾ മക്കൾക്ക് സജ്ജമാക്കിക്കൊടുക്കുന്നതിലൂടെയാണ്. അതുകൊണ്ടുതന്നെ എല്ലാ മാതാപിതാക്കളും നല്ല മാതാപിതാക്കളായിത്തീരുന്നില്ല.
കഷ്ടപ്പെട്ടിട്ടാണെങ്കിലും മിക്ക മാതാപിതാക്കളും മക്കൾക്ക് നല്ല ആഹാരവും നല്ല വസ്ത്രവും നല്ല പാർപ്പിട - പഠനസൗകര്യങ്ങളുമൊക്കെ ഒരുക്കിക്കൊടുക്കുന്നു. തങ്ങളുടെ പല ആഗ്രഹങ്ങളും ആവശ്യങ്ങളും മാറ്റിവച്ചിട്ടാണ് പലരും മക്കളുടെ നല്ല ഭാവിക്ക് വേണ്ടതെല്ലാം ഒരുക്കുന്നത്. ഇങ്ങനെ മക്കൾക്ക് വേണ്ടതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്നാണ് മിക്കവരുടെയും വിചാരം. ഒന്നു മാത്രം അവരറിയുന്നില്ല, തങ്ങൾ കൊടുക്കുന്നതെല്ലാം അവരുടെ ഭൗതികോന്നതിക്ക് മാത്രം സഹായകമാകുന്നവയാണെന്ന വസ്തുത.
ഭൗതികോന്നതി ഒരിക്കലുണ്ടാകുന്നതും പിന്നീടൊരിക്കൽ ഇല്ലാതാകുന്നതുമാണ്. അസ്ഥിരതയാണ് അതിന്റെ സ്വഭാവം. അസ്ഥിരമായതിനെ അടിസ്ഥാനമാക്കിയാൽ അത് അറ്റുപോകും. അതിനാൽ ഭൗതികോന്നതിയ്ക്ക് വേണ്ട കാര്യങ്ങൾക്കൊപ്പം ധാർമ്മികമൂല്യങ്ങൾ കൂടി കുട്ടികൾക്ക് നൽകണം. എന്തെന്നാൽ ധാർമ്മികതയുടെ അടിത്തറയോ പിൻബലമോ ഇല്ലാത്ത ഏതൊരു ഭൗതിക വളർച്ചയും കേവലം ചെടിച്ചട്ടിയിൽ വളർത്തുന്ന ആൽമരം പോലെയാണ്. എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ഒരു ചെടിക്ക് അപ്പുറത്തേക്ക് വളരാൻ അതിനാവില്ല. കാരണം മണ്ണിന്റെ ജൈവികവും സ്വാഭാവികവുമായ യാതൊരു ഗുണങ്ങളും ചെടിച്ചട്ടിയിലെ ഒരു തുണ്ടു മണ്ണിൽ വളരുന്ന ആൽമരത്തിനുണ്ടാകില്ല. ധാർമ്മികാവബോധം പകരാതെ ഭൗതികാവശ്യങ്ങൾ മാത്രം നിറവേറ്റിക്കൊടുക്കുന്ന മാതാപിതാക്കൾ മക്കളെ ബോൺസായ് തലത്തിലേക്ക് ചെറുതാക്കുകയാണ് . സ്വാഭാവിക വളർച്ചയെ മുരടിപ്പിക്കുകയാണ്. ഇങ്ങനെ നാളത്തെ സമൂഹത്തിന്റെ നായകരായി വളരേണ്ട കുഞ്ഞുങ്ങളുടെ നല്ല ഭാവിയെ ഒതുക്കിവയ്ക്കുന്നത് ലോകത്തോട് ചെയ്യുന്ന വലിയ അപരാധമാണ്. അതാകട്ടെ നമ്മൾ പലപ്പോഴും തിരിച്ചറിയുന്നുമില്ല.
സ്വന്തം മകനുവേണ്ടി ജീവിച്ച ഒരമ്മയുടെ കഥ കേൾക്കുക : മകനെ നല്ലൊരു നിലയിലാക്കാനായി രാപകലില്ലാതെ അവർ പല വീടുകളിലും ഓടിനടന്നു പണിയെടുത്തു. കിട്ടുന്ന പണം മുഴുവൻ മകനു വേണ്ടി ചെലവാക്കിക്കൊണ്ടിരുന്നു. നല്ല ആഹാരം, നല്ല വസ്ത്രങ്ങൾ, നല്ല ട്യൂഷൻ , അവൻ ആഗ്രഹിച്ച നല്ല സ്കൂട്ടർ... അവൻ ആവശ്യപ്പെടുന്നത് വാങ്ങിക്കൊടുക്കാനാകാതെ വന്നാൽ അവർക്ക് ഉറക്കം വരുമായിരുന്നില്ല. ഒരു ദിവസം മകന്റെ സ്കൂട്ടർ ഒരപകടത്തിൽപ്പെട്ടു. അത് നന്നാക്കാനുള്ള പണം പെട്ടെന്നു കണ്ടെത്താൻ ആ സാധു വീട്ടമ്മയ്ക്ക് കഴിഞ്ഞില്ല. അപ്പോൾ മകൻ ഒരുപായം അമ്മയോടു പറഞ്ഞു. അമ്മ ജോലിചെയ്യുന്ന വലിയൊരു ധനികന്റെ വീട് അവൻ നോക്കിവെച്ചു. അമ്മയുടെ ഒത്താശയോടെ ഒരു രാത്രി ആ വീടിനകത്തുകടന്ന് സ്വർണമാല മോഷ്ടിച്ചു. അതുകണ്ട അവിടുത്തെ വലിയമ്മ ഉറക്കെ ഒച്ചവയ്ക്കാൻ തുടങ്ങി. പെട്ടെന്ന് അവൻ അവരുടെ മുഖത്ത് തലയിണ കൊണ്ട് അമർത്തിപ്പിടിച്ചു. അത് അവരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായി. പൊലീസ് അവനെ പിടിച്ച് ജയിലിലാക്കി. വിചാരണക്കൊടുവിൽ അവനെ തൂക്കിക്കൊല്ലാനുള്ള വിധി വന്നു. അതുകേട്ട് പൊട്ടിക്കരഞ്ഞ അമ്മയെ നോക്കി അവൻ കടുത്ത സ്വരത്തിൽ പറഞ്ഞു. 'നിങ്ങൾ അന്ന് എന്നെ തടഞ്ഞിരുന്നുവെങ്കിൽ ഞാനൊരു മോഷ്ടാവോ കൊലയാളിയോ ആകുമായിരുന്നില്ല. നിങ്ങളാണ് എന്നെയൊരു മോഷ്ടാവും കൊലയാളിയുമാക്കിയത്. " അവന്റെ ശാസന കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ആശ്ചര്യപ്പെട്ടു. ധാർമ്മികാടിത്തറയില്ലാതെ മക്കളെ വളർത്തിയാൽ ഫലം എന്താവുമെന്ന തിരിച്ചറിവോടെയാണ് അവരെല്ലാം മടങ്ങിയത്.
ധർമ്മ ഏവ ഹി ബോദ്ധവ്യോ മന്തവ്യഃ കർമ്മകോടിഷു
അനുഷ്ഠേയോപദേഷ്ടവ്യോ ധർമ്മോ ലോകപ്രവർത്തകഃ
മനുഷ്യൻ ധർമ്മത്തെ അറിയുകയും വിചാരിക്കുകയും ഉപദേശിക്കുകയും ചെയ്യണം. അവന്റെ എല്ലാ പ്രവൃത്തിയും ധർമ്മമായിരിക്കണം. ധർമ്മമാണ് ലോകത്തെ നടത്തുന്നതും ധരിക്കുന്നതും എന്ന ഗുരുദേവതൃപ്പാദങ്ങളുടെ ഈ ധർമ്മസംഹിത എല്ലാ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ആദ്ധ്യാത്മിക നേതാക്കൾക്കും മാർഗ്ഗദർശകമായിത്തീരുന്ന കാലം യാഥാർത്ഥ്യമാകട്ടെയെന്നാണ് പ്രാർത്ഥന.