ആലുവ : ആലുവ നഗരസഭയിലെ ഓഫീസിലെത്തിയ പാമ്പ് ജീവനക്കാരെ ആശങ്കയിലാഴ്ത്തി. ഒന്നരയടിയോളം നീളമുള്ള മൂർഖൻ പാമ്പാണ് കാടുപിടിച്ച പൂന്തോട്ടത്തിൽ നിന്നും ഓഫീസിലേക്ക് കയറിയത്. പ്രവേശന വാതിൽക്കൽ പാമ്പെത്തിയതോടെ ഇരിപ്പിടം വിട്ട് ജീവനക്കാർ ഓടുകയായിരുന്നു. അതേ സമയം ഓഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനായെത്തിയ യുവാവ് ധൈര്യസമേതം പാമ്പിനെ കുപ്പിയിലാക്കുകയായിരുന്നു. ഒഴിഞ്ഞ കുപ്പിയുടെ മൂടി മാറ്റി പാമ്പിന് നേരെ നീട്ടിയപ്പോൾ പത്തി മടക്കിയ മൂർഖൻ കുപ്പിയിലേക്ക് കയറുകയായിരുന്നു. കുപ്പിയുടെ മൂടിയടച്ച് പാമ്പിനെ ഓഫീസിന് മുൻപിൽ വച്ച് യുവാവ് സ്ഥലംവിട്ടതോടെ ഉദ്യോഗസ്ഥർ വനം വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് കോടനാടു നിന്നു വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.