attacked

ലണ്ടൻ: തങ്ങൾക്ക് മുന്നിൽ പരസ്യമായി ചുംബിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ലെസ്ബിയൻ ദമ്പതികൾക്ക് ഒരു കൂട്ടം യുവാക്കളുടെ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഒരു ബസിലാണ് ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടിയിട്ടുണ്ടെന്ന് ലണ്ടൻ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. മെലാനിയ ഗെയ്‌മൊനാത്തും പങ്കാളി ക്രിസും ലെസ്ബിയൻ ദമ്പതികളാണെന്ന് മനസിലാക്കിയ യുവാക്കൾ ഇവരുടെ അടുത്ത് എത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. തങ്ങൾക്ക് മുന്നിൽ പരസ്പരം ചുംബിക്കണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും യുവതികൾ ഇതിന് തയ്യാറായില്ല.നിങ്ങൾ പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എങ്ങനെയാണെന്നും ഏതൊക്കെ പൊസിഷനുകൾ ഉപയോഗിക്കും തുടങ്ങിയവരായിരുന്നു യുവാക്കളുടെ ചോദ്യം. എന്നാൽ യുവാക്കളുടെ ചോദ്യത്തിനോ ആവശ്യത്തിനോ പ്രതികരിക്കാൻ യുവതികൾ തയ്യാറായില്ല. ഇതിന്റെ പ്രതികാരമെന്നോണം യുവാക്കൾ ഇവരെ ക്രൂരമായി മർദ്ദിക്കുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന ഫോണും ബാഗും തട്ടിപ്പറിച്ച ശേഷം ഓടിപ്പോവുകയുമായിരുന്നു.

സംഭവം വിവാദമായതോടെ നാല് പേരെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് ഇനിയും ചിലരെ പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു. പ്രതികളെല്ലാവരും 15നും 19നും ഇടയിലുള്ളവരാണ്. ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.