bjp

അഗർത്തല: 2047 വരെ ബി.ജെ.പി തുടർച്ചയായി ഭരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ്‌ പറഞ്ഞു. "ദേശീയതയാണ്‌ ബി.ജെ.പിയുടെ ഡി.എൻ.എ. അതാണ്‌ പാർട്ടിയുടെ മുഖമുദ്രയയും. തിരഞ്ഞെടുപ്പ്‌ വന്നാലും ഇല്ലെങ്കിലും ബി.ജെ.പിയെന്നാൽ ദേശീയത എന്ന്‌ തന്നെയാണ്‌ അർത്ഥമെന്നും" അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു രാം മാധവ്‌.

രാജ്യത്ത്‌ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പാർട്ടിയെന്ന കോൺഗ്രസിന്റെ റെക്കോർഡ്‌ ബി.ജെ.പി തകർക്കുമെന്നും ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047 വരെയും ബി.ജെ.പി തുടർച്ചയായി അധികാരത്തിലുണ്ടായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

1950 മുതൽ 1977 വരെയാണ്‌ കോൺഗ്രസ്‌ തുടർച്ചയായി ഭരണത്തിലുണ്ടായിരുന്നത്‌. ഈ റെക്കോർഡ്‌ ബി.ജെ.പി മറികടക്കും. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയാണ്‌ ഇന്ത്യയുടെ വർത്തമാനവും ഭാവിയും. 2022 ആകുമ്പോഴേക്കും ഭവനരഹിതരില്ലാത്ത, തൊഴിൽ രഹിതരില്ലാത്ത ഒരു ഇന്ത്യ തങ്ങൾ സൃഷ്ടിക്കും. 2047 ആകുമ്പോഴേക്കും ലോകത്തിന്‌ മുന്നിൽ വിശ്വഗുരു ആയി ഇന്ത്യ നിലകൊള്ളുമെന്നും രാം മാധവ്‌ അഭിപ്രായപ്പെട്ടു.