വിദൂരത്തുള്ള ഗ്രഹങ്ങളുടെ, ജനനസമയത്തെ സ്ഥാനവും പിന്നീടുള്ള ഗതിവിഗതികളും ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുമെങ്കിൽ സമീപപ്രദേശങ്ങളിലെ സംഭവങ്ങളും അതിനെ സ്വാധീനിക്കേണ്ടതല്ലേ? ഈ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ താൻ ജനിച്ച ദിവസം ജനനസ്ഥലമായ ബുഡാപെസ്റ്റിലും മറ്റിടങ്ങളിലും എന്തെല്ലാം നടന്നെന്ന് കണ്ടെത്താൻ പത്രമാപ്പീസിലെ പഴയ ഫയലുകൾ പരിശോധിച്ചതായി പ്രശസ്ത എഴുത്തുകാരൻ ആർതർ കോസ്റ്റലർ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ തലമുറയിൽപ്പെട്ട പല മലയാളികളുടെയും പ്രവർത്തനങ്ങളും ശൈലിയും പരിശോധിക്കുമ്പോൾ അവർ ജനിച്ചുവളർന്ന കാലത്ത് കേരളത്തിൽ അലയടിച്ച നവോത്ഥാനം അവരുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചിരുന്നതായി കാണാം. ആ സ്വാധീനം വലിയ തോതിൽ ഉൾക്കൊണ്ട പത്രപ്രവർത്തകനായിരുന്നു എൻ. രാമചന്ദ്രൻ. കേരള നവോത്ഥാനത്തെ അത്യുച്ചത്തിലെത്തിച്ച വൈക്കം സത്യഗ്രഹത്തിന്റെ അലകൾ കെട്ടടങ്ങും മുമ്പായിരുന്നു രാമചന്ദ്രന്റെ ജനനം.
സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരെ സമരോന്മുഖരാക്കിയ ശ്രീനാരായണഗുരുവും അയ്യങ്കാളിയും അവരുടെ ദൗത്യം അതിനകം ഏറക്കുറെ പൂർത്തിയാക്കിയിരുന്നു. വി.ടി. ഭട്ടതിരിപ്പാടിനായി കാത്തിരിക്കുന്ന നമ്പൂതിരി സമുദായമൊഴികെ എല്ലാ വിഭാഗങ്ങളും സമത്വത്തിൽ അധിഷ്ഠിതമായ സമൂഹം എന്ന ലക്ഷ്യം തത്വത്തിൽ സ്വീകരിച്ചിരുന്നു. പുതിയ സമൂഹത്തെ സൃഷ്ടിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് വ്യത്യസ്തധാരകൾ ഇഴചേർന്നിരുന്ന രാഷ്ട്രീയപ്രസ്ഥാനം വൈക്കം സത്യാഗ്രഹത്തിലൂടെ അംഗീകരിക്കുകയും ചെയ്തിരുന്നു.
നിരവധി നവോത്ഥാന മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കൊല്ലത്താണ് രാമചന്ദ്രൻ വളർന്നത്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ രണ്ടാം വാർഷിക സമ്മേളനം അവിടെയാണ് ചേർന്നത്. അതിനോടൊപ്പം ഇന്ത്യയിലെ ആദ്യ വ്യാവസായിക പ്രദർശനവും നടന്നു. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാവുക, കൃഷിയിലൂടെയും വ്യവസായത്തിലൂടെയും അഭിവൃദ്ധി നേടുക എന്നിങ്ങനെയുള്ള ഗുരുവിന്റെ ഉപദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു ഗുരുവിന്റെ അനുയായികൾ. അവർ നേതൃത്വം നൽകിയ സമരത്തിലൂടെ കൊല്ലത്തെ പ്രധാന തൊഴിൽ ദാതാവായിരുന്ന ബ്രിട്ടീഷ് സ്ഥാപനം 1915ൽ രാജ്യത്ത് ആദ്യമായി തൊഴിലാളികൾക്ക് ബോണസ് നൽകി. അയ്യങ്കാളി സംഘടിപ്പിച്ച കല്ലുമാല പൊട്ടിക്കൽ സമരത്തിന്റെ വേദികളിലൊന്ന് കൊല്ലത്തിനടുത്തുള്ള പെരിനാട് ആയിരുന്നു. രാമചന്ദ്രന്റെ മാതാപിതാക്കൾ ശ്രീനാരായണ സന്ദേശ പ്രചാരകരായിരുന്നു. അച്ഛൻ പി.ആർ.നാരായണൻ സി.വി. കുഞ്ഞുരാമന്റെ കേരള കൗമുദിയിലും ടി.കെ. മാധവന്റെ ദേശാഭിമാനിയിലും പത്രപ്രവർത്തകനായിരുന്നു. അമ്മ പി.ആർ. മന്ദാകിനി സഹോദരി എന്ന പേരിൽ സ്ത്രീകൾക്കായി ഒരു മാസിക നടത്തി. നവോത്ഥാന സ്വാധീനത്തിൽ വളർന്ന രാമചന്ദ്രൻ വിദ്യാർത്ഥികാലത്തു തന്നെ രാഷ്ട്രീയത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനത്തിലും സജീവമായി. എൻ. ശ്രീകണ്ഠൻ നായരുടെയും മത്തായി മാഞ്ഞൂരാന്റെയും നേതൃത്വത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും വളർന്നു കൊണ്ടിരുന്ന കേരള സോഷ്യലിസ്റ്റ് പാർട്ടിയാണ് അദ്ദേഹത്തെ ആകർഷിച്ചത്. സോവിയറ്റ് കമ്മൂണിസ്റ്റ് പാർട്ടിയെ പിന്തുടർന്ന് ഇന്ത്യയിലെ പാർട്ടിയും മാർക്സിനും ലെനിനുമൊപ്പം സ്റ്റാലിനെയും മാർക്സിസ്റ്റ് ആചാര്യനിരയിൽ ഉൾപ്പെടുത്തിയിരുന്നു. മാർക്സിന്റെ തത്വസംഹിതയിലും ലെനിനിന്റെ വിശദീകരണത്തിലും വിശ്വാസം അർപ്പിച്ച കെ.എസ്.പി. സ്റ്റാലിനെ തള്ളി. പിന്നീട് പാർട്ടി പിളരുകയും ശ്രീകണ്ഠൻനായർ വിഭാഗം ബംഗാളിൽ സമാനചിന്താഗതിക്കാർ രൂപീകരിച്ച റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിക്കുകയും ചെയ്തു. തിരുവനന്തപുരം ലാ കോളേജിൽ വിദ്യാർത്ഥിയായിരുന്ന രാമചന്ദ്രൻ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ആർ. ശങ്കറിനെതിരെ മത്സരിച്ച ടി.കെ.ദിവാകരനുവേണ്ടി പ്രവർത്തിക്കാനായി ഒന്നാംവർഷ പരീക്ഷ എഴുതാതെ കൊല്ലത്തേക്ക് പോയി. അതോടെ നിയമപഠനം അവസാനിച്ചു. പിന്നീട് ട്രേഡ് യൂണിയൻരംഗമായി പ്രധാന കളരി. എന്റെ അച്ഛൻ എ.കെ.ഭാസ്കർ കൊല്ലത്ത് നിന്ന് നവഭാരതം എന്ന പേരിൽ ഒരു ദിനപത്രം തുടങ്ങിയപ്പോൾ അതിന്റെ പത്രാധിപ സമിതിയിൽ അംഗമായി. പിന്നെയും കുറേക്കാലം തൊഴിലാളി സംഘടനാ പ്രവർത്തനം തുടർന്നെങ്കിലും അദ്ദേഹം ഒടുവിൽ പത്രപ്രവർത്തനം കർമ്മമണ്ഡലമാക്കി. നവഭാരതത്തിന്റെ പ്രസിദ്ധീകരണം നിലച്ചശേഷം അദ്ദേഹം കേരളകൗമുദിയിൽ ചേർന്നു. ടി.കെ.ദിവാകരൻ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാനും സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ അംഗമായി നിയമിതനായപ്പോൾ ആ സ്ഥാനം ഏറ്റെടുക്കാനും വിട്ടുപോയതൊഴിച്ചാൽ കേരളകൗമുദിയുമായുള്ള ബന്ധം അദ്ദേഹം ജീവിതാവസാനം വരെ തുടർന്നു.
പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിൽ പത്രങ്ങൾ വലിയ പങ്കുവഹിച്ചിരുന്ന കാലത്ത് കേരളകൗമുദിയുടെ മുഖപ്രസംഗകാരനെന്ന നിലയിലും ഒരു യുവ തലമുറയെ ത്രസിപ്പിച്ച കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയുടെയും കേരളശബ്ദത്തിന്റെയും പംക്തികാരനെന്ന നിലയിലും രാമചന്ദ്രൻ വിലപ്പെട്ട സംഭാവനകൾ നൽകി. ഇടുങ്ങിയ ചിന്തകൾക്കതീതമായി ഉയർന്ന് വിശാല സാമൂഹ്യ താത്പര്യങ്ങൾ മുൻനിറുത്തി ചിന്തിക്കാനുള്ള കഴിവ് മൂലമാണ് ഒരു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു കാലത്ത് കെ.ആർ. നാരായണനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുഖപ്രസംഗത്തിലൂടെ നിർദ്ദേശിക്കാൻ അദ്ദേഹത്തിനായത്. ആ നീക്കം കാലക്രമത്തിൽ നാരായണനെ രാഷ്ട്രപതിപദത്തിലെത്തിച്ചു. പംക്തികൾ കേവലം വ്യക്തിഗത അഭിപ്രായ പ്രകടനത്തിനുള്ള വേദികളായിരുന്ന കാലത്ത് പ്രധാന സംഭവ വികാസങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും വിശകലനം ചെയ്തും വായനക്കാരെ സ്വന്തമായി അഭിപ്രായം രൂപീകരിക്കാൻ സഹായിക്കുന്ന രീതി അദ്ദേഹം അവലംബിച്ചു. പത്രപ്രവർത്തനം വലിയ മാറ്റങ്ങൾ കണ്ട കാലമായിരുന്നു രാമചന്ദ്രന്റെത്. തൊഴിൽ മൂല്യങ്ങൾ നിലനിറുത്തിക്കൊണ്ട് പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിൽ പത്രപ്രവർത്തന രീതികൾ പരിഷ്കരിക്കാൻ അദ്ദേഹത്തിന്റെ തലമുറ ശ്രമിച്ചു.
ആധുനിക മാദ്ധ്യമരംഗത്തെ ചില പ്രവണതകളെ കുറിച്ച് അദ്ദേഹം സംശയാലു ആയിരുന്നു.'സാങ്കേതികരംഗത്ത് സ്വപ്നം കാണാനാവാത്ത സാധ്യതകളാണ് ഇന്നുള്ളത്,' ഡേറ്റ് ലൈൻ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. 'എന്നാൽ അതിനനുസരിച്ച് പത്രപ്രവർത്തനരംഗത്ത് എല്ലാ മേഖലകളിലും വളർച്ചയുണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. ആഴത്തിലുള്ള, ധീരമായ സമീപനം പലർക്കും നഷ്ടമാകുന്നോ എന്ന സന്ദേഹം ഇല്ലാതില്ല.'