kaumudy-news-headlines

1. നിപ വൈറസ് ഭീതിയില്‍ തുടരുന്ന കേരളത്തിന് ആശ്വാസം. നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സാമ്പിള്‍ കൂടി നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരാളുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയ എട്ടുപേരുടെയും സാമ്പിളുകളും നെഗറ്റീവാണ്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്ധര്‍ തുടങ്ങിയെന്നും ആരോഗ്യമന്ത്രി


2. അതിനിടെ, നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്. ചെറിയ പനി ഉണ്ടെങ്കിലും യുവാവ് നന്നായി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് തുടര്‍ ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു. നിപയില്‍ ഇന്നലെ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ചികിത്സയിലുള്ള യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും.
3. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയുന്നതിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പരിശോധന നടത്തുന്നത്. വൈറസ് ബാധയേറ്റ യുവാവുമായി നേരിട്ട് ഇടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ ഇപ്പോഴും അതീവതീവ്ര നിരീക്ഷണത്തില്‍ തുടരുകയാണ്. ബാക്കി നീരീക്ഷണത്തിലുള്ള 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലാണ് തുടരുന്നത്.
4. ഗുരുവായൂരില്‍ എത്തി ക്ഷേത്ര ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദമോദി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കിഴക്കേ ഗോപുരത്തിന് മുമ്പില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദര്‍ശനം
5. സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഒരു ഉരുളി നെയ്യും പ്രധാനമന്ത്രി വഴിപാടായി സമര്‍പ്പിച്ചു. 111 കിലോ താമരപ്പൂവ് കൊണ്ട് തുലാഭാരവും നടത്തി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വ ബോര്‍ഡിന്റെ ശ്രീവത്സലം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ദര്‍ശനത്തിന് ശേഷം, ഇന്ത്യയുടെ പുരോഗതിയ്ക്കും സമൃദ്ധിയ്ക്കുമായി പ്രാര്‍ത്ഥിച്ചെന്ന് മലയാളത്തിലെ നരേന്ദ്രമോദിയുടെ ട്വീറ്റ്. അരമണിക്കൂര്‍ നീണ്ട ദര്‍ശനത്തില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗവര്‍ണര്‍ പി. സദാശിവം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള എന്നിവരും അനുഗമിച്ചു.
6. ദര്‍ശനത്തിന് ശേഷം ഗസ്റ്റ് ഹൗസില്‍ ദേവസ്വം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഗുരുവായൂര്‍ ക്ഷേത്ര വികസന പദ്ധതിയ്ക്കുള്ള നിവേദനം അംഗങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് കൈമാറി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പിയുടെ പൊതു യോഗമായ അഭിനന്ദന്‍ സഭയില്‍ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ശേഷമുള്ള ആദ്യ പൊതു യോഗത്തില്‍ നാല് നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തുന്നത്.
7. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. പ്രകാശ് തമ്പി റിമാന്‍ഡില്‍ കഴിയുന്ന കാക്കനാട് ജയിലില്‍ ക്രൈംബ്രാഞ്ച് സംഘം എത്തി. നീക്കം, അപകടത്തിന് മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പ്രകാശ് തമ്പി ശേഖരിച്ചെന്ന വിവരത്തെ തുടര്‍ന്ന്. അപകട സ്ഥലത്ത് അസ്വാഭാവികമായി രണ്ട് പേരെ കണ്ടെന്ന കലാഭാവന്‍ സോബിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനും നീക്കം.
8. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശ് തമ്പിയ്ക്ക് അപകടത്തില്‍ പങ്കുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി ഉള്‍പ്പെടെ ഉള്ളവരുടെ ആരോപണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ സംഭവുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പി നടത്തിയ ചില നിര്‍ണായക ഇടപെടലുകളും കണ്ടെത്തിയിരുന്നു. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയത് ഇതിന്റെ അടിസ്ഥാനത്തില്‍.
9. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കുക. സംഭവത്തില്‍ നിര്‍ണായക തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കൊണ്ടു പോയെന്ന മൊഴി, കൊല്ലത്തെ ജൂസ് കടക്കാരന്‍ മാറ്റിയതും സംഭവത്തില്‍ ദുരൂഹത കൂട്ടുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നതായാണ് കണ്ടെത്തല്‍. ഇയാളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും
10. കേരളത്തില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കേരള തീരത്തും കര്‍ണാടകയ്ക്കും സമീപമായി അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
11. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 2016ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നത്. തൃശ്ശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. ജില്ലാ ഭരണകൂടങ്ങള്‍ ഇത് അനുസരിച്ചുള്ള മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
12. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.