കൊച്ചി: താൻ ഒളിവിലല്ലെന്നും കോളേജ് സുഹൃത്തിനൊപ്പം ഹിമാലയ യാത്രയിലാണെന്നും ബാലഭാസ്കറിന്റെ കുടുംബ സുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ മകൻ ജിഷ്ണു ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചു. താൻ ഒളിവിൽ പോയതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘത്തെ ഫോണിൽ ബന്ധപ്പെട്ട ജിഷ്ണു ഇതാണ് തന്റെ നമ്പരെന്നും ഏത് സമയം വിളിച്ചാലും വരാൻ തയ്യാറാണെന്നും വെളിപ്പെടുത്തി.
എന്നാൽ ജിഷ്ണുവിനോട് എപ്പോൾ വരണമെന്ന് സംബന്ധിച്ച് നിർദേശങ്ങളൊന്നും തൽക്കാലം നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നൊന്നായി പരിശോധിക്കുന്ന അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഓരോരുത്തരിലേക്ക് കേന്ദ്രീകരിക്കുന്ന സമയത്ത് അവരെ ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായി ബാലഭാസ്കറിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടും അർജുനെ ഡ്രൈവറായി നിയോഗിച്ചതിൽ അവരുടെ പങ്കുമാണ് ഡോക്ടറുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ കാതൽ. ബാലഭാസ്കറിന് അപകടമുണ്ടായ ദിവസം ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നതും ജിഷ്ണുവുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവോയെന്നും അന്വേഷിക്കേണ്ടതായുണ്ട്. ഇതെല്ലാം വരുംദിവസങ്ങളിൽ അന്വേഷിച്ച് പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
എസ്.പിയ്ക്ക് സ്ഥാനചലനം
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിനിൽക്കെ അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി കെ.എം ആന്റണിയെ സ്ഥലം മാറ്റി. തൃശൂരിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായാണ് മാറ്റം. പൊലീസിൽ കഴിഞ്ഞദിവസം വരുത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം എസ്.പി ആന്റണിയും ഡിവൈ.എസ്.പി ഹരികൃഷ്ണനും എറണാകുളത്തെത്തി ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജരായ പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ ജയിലിൽ ആയതോടെയാണ് ബാലഭാസ്കറിന്റെ മരണവും ദുരൂഹമായത്. പ്രകാശ് തമ്പി പിടിയിലായശേഷം പുറത്തുവന്ന വിവരങ്ങളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ചില വെളിപ്പെടുത്തലുകളും സംശയങ്ങൾ ഇരട്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. ബാലഭാസ്കർ അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തി സിസി ടിവി കാമറയുടെ ഹാർഡ് ഡിസ്ക് പരിശോധിച്ചതായ വെളിപ്പെടുത്തലാണ് പ്രകാശ് തമ്പിയ്ക്കെതിരായ സംശയങ്ങൾ ബലപ്പെടുത്തിയത്.
പ്രകാശ് തമ്പിയെത്തി ഹാഡ് ഡിസ്ക് പരിശോധിച്ച വിവരം പിന്നീട് ജ്യൂസ് കടയുടെ ഉടമ നിഷേധിച്ചതോടെ സംഭവം കൂടുതൽ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. ജയിലിൽ ക്രൈംബ്രാഞ്ച് നടത്തുന്ന ചോദ്യം ചെയ്യലിൽ സംശയങ്ങൾ ദുരീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിലും ബാലഭാസ്കറിന്റെ കേസിലും അന്വേഷിച്ചുവരുന്ന വിഷ്ണുവിനെ കണ്ടെത്താൻ ഡി.ആർ.ഐയ്ക്കോ ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജരാണ് വിഷ്ണുവെന്നാണ് ഡി.ആർ.ഐ വെളിപ്പെടുത്തിയത്. സ്വർണക്കള്ളക്കടത്ത് പിടിക്കപ്പെട്ടദിവസം വീട്ടിൽ നിന്ന് മുങ്ങിയ വിഷ്ണു എവിടെയാണെന്ന് അറിയില്ലെന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ കേസിലും സ്വർണക്കടത്തിലും വിഷ്ണുവിന്റെ മൊഴി നിർണായകമായിരിക്കെ ഇയാളെ ഉടൻ പിടികൂടിയാലേ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇനി വ്യക്തമാകൂ.