തിരുവനന്തപുരം: കാലവർഷം കേരള തീരത്തിലേക്കെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. ഇതോടെ നാലുമാസത്തെ മൺസൂൺ കാലത്തിന് തുടക്കമായി. അതേസമയം, കാലവസ്ഥ പ്രവചനം കൂടുതൽ ശാസ്ത്രീയവും കൃതൃതയുള്ളതുമാക്കാൻ നടപടി വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
പതിവിലും ഒരാഴ്ച വൈകിയാണ് കാലവർഷം കേരളത്തിലെത്തിയത്. മേയ് 10ന് ശേഷം സംസ്ഥാനത്തെ 14 മഴ മാപിനികളിൽ തുടർച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററിൽ അധികം മഴ റേഖപ്പെടുത്തണമെന്നാണ് കാലവർഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇത് അംഗീകരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം കാലവർഷത്തിന്റെ വരവ് പ്രഖ്യാപിച്ചത്.
മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താലൂക്ക് തലം വരെ ഉൾപ്പെടുത്തിയുള്ള മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനം കൂടുതൽ ശാസ്ത്രീയമാക്കാനുള്ള നടപടി വേണമെന്നും കോഴിക്കോട് ഡോപ്ളാർ റഡാർ സ്ഥാപിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കാലാവസ്ഥ നിരീക്ഷണം കൃത്യവും വിപുലവുമാക്കാനായി സംസ്ഥാനത്തെ കാലാവസ്ഥ മാപിനികളുടെ എണ്ണം നൂറായി ഉയർത്താൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 35 കാലാവസ്ഥാ മാപിനികൾ സ്ഥാപിക്കാനുള്ള സ്ഥലം ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഒരു ഉദ്യോസ്ഥനെങ്കിലും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുന്നു.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയ്യാറാക്കി വക്കണം. അടിയന്തര സാഹചര്യം വന്നാൽ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.