virat-kohli

ന്യൂഡൽഹി: മിനറൽ വാട്ടർ കൊണ്ട് കാർ കഴുകിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഗുരുഗ്രാം മുനിസിപ്പൽ കോർപറേഷൻ. 500 രൂപയാണ് കോഹ്‌ലിക്ക് പിഴയായി ചുമത്തിയത്. കോഹ്‌ലിയുടെ വീട്ടുജോലിക്കാരൻ മിനറൽ വാട്ടർ കൊണ്ട് കാർ കഴുകിയതായാണ് കോർപ്പറേഷന്റെ ശ്രദ്ധയിൽ പെട്ടത്. വിരാടിന്റെ ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഫേസ് വണ്ണിലുള്ള വസതിയിൽ അര ഡസനോളം കാറുകളാണ് ഉള്ളത്.

ദിവസവും ആയിരക്കണക്കിന് ലിറ്റർ മിനറൽ വാട്ടർ ഇങ്ങനെ വിരാടിന്റെ ജോലിക്കാർ കാർ കഴുകി പാഴാക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ അയൽക്കാർ കോർപ്പറേഷന് പരാതി നൽകിയിരുന്നു. വടക്കേ ഇന്ത്യയിൽ ഇപ്പോൾ കടുത്ത വേനലായതിനാൽ വീട്ടാവശ്യങ്ങൾക്കും മറ്റുമായി വെള്ളത്തിന് കാര്യമായ കുറവ് നേരിടുന്നുണ്ട് ഇവിടുത്തുകാർ. ഇങ്ങനെ ഒരു സമയത്താണ് കോഹ്‌ലിയുടെ വീട്ടിൽ കുടിവെള്ളം ഇങ്ങനെ പാഴാക്കി കളയുന്നത്.

കോഹ്‌ലി ഇപ്പോൾ ഇംഗ്ളണ്ടിൽ ലോക കപ്പ് മത്സരത്തിൽ സ്വന്തം ടീമിനെ നയിക്കുകയാണ്. ലോക കപ്പിന്റെ ഭാഗമായി പ്രചാരണം ആരംഭിച്ച അവസാന ടീമാണ് ഇന്ത്യ. എന്നാൽ സൗത്ത് ആഫ്രിക്കയുമായുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ആറ് വിക്കറ്റിന്റെ ജയം നേടിയിരുന്നു.