ആനവാൽ മോതിരം അണിഞ്ഞാൽ പേടി വരില്ലെന്ന് മുത്തശിമാർ പറഞ്ഞതുകേട്ട് ആനയെ തേടിയിറങ്ങിയ വീരന്മാരുടെ നാടാണ് നമ്മുടേത്. പണ്ടത്തെ പിള്ളേർ പരീക്ഷയിൽ ജയിക്കാൻ ഈ 'മോതിര മന്ത്രം' എത്ര തവണ പരീക്ഷിച്ചിട്ടുണണ്ടാകും. മോതിരം മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെയും അല്ലാത്തവരുടെയും വിരലുകളിൽ ഒരു മന്ത്രം പോലെ പറ്റിച്ചേർന്നു കിടക്കുന്നുണ്ട്. പ്രണയിക്കുമ്പോൾ, വിവാഹവേളകളിൽ...മോതിരം ഇടുന്നത് വാഗ്ദാനത്തിന്റെയും കെട്ടുറപ്പിന്റെയും അടയാളമാണ്. അങ്ങനെ എത്രയെത്ര മോതിര വിശേഷങ്ങൾ. മോതിരത്തിന് മറ്റൊരു 'ക്രെഡിറ്റ്'കൂടിയുണ്ട്. 'വാല്യുബിൾ ആൻഡ് സെന്റിമെന്റൽ' ആഭരണമായിട്ടാണ് മോതിരത്തെ കണക്കാക്കുന്നത്. മോതിരത്തോട് മാത്രം എന്താണ് ഇത്ര പ്രിയമെന്ന് ചോദിച്ചാൽ. ഒരേ സമയം ഹൈ ഫാഷനബിളും എളുപ്പത്തിൽ ലഭ്യവുമായ ഫാഷൻ ആക്സസറീസ് വേറെ ഇല്ലെന്ന ഉത്തരം കിട്ടും.
പകിട്ട് കുറയ്ക്കാതെ സ്വർണ്ണം
വിലയെത്ര കൂടിയാലും സ്വർണ മോതിരങ്ങളുടെ ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് പറയാം. വിവാഹവേളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സ്വർണ മോതിരങ്ങൾ തന്നെ. ഡയമണ്ട് മോതിരങ്ങളും താരമായിട്ടുണ്ട്. 'വൈറ്റ് ഗോൾഡ്' രംഗത്തുണ്ടെങ്കിലും സ്വർണത്തിൽ ഡയമണ്ട് പതിച്ച മോതിരങ്ങളാണ് വധൂവരന്മാർക്ക് പ്രിയം. ഭാഗ്യം ഓതുന്ന നവരത്നങ്ങൾ പതിച്ച മോതിരങ്ങൾ, ജന്മനക്ഷത്രക്കല്ലുകൾ പതിച്ച മോതിരങ്ങൾ തുടങ്ങിയവ സ്വർണത്തിന് തൊട്ടു താഴെയായി സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്വർണത്തിൽ പണിത മോതിരങ്ങളായിരുന്നു എന്നത്തെയും പോലെ മലയാളിക്ക് കമ്പം. പിന്നെ വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നിവയിൽ തീർത്ത മോതിരങ്ങളായി താരങ്ങൾ. ഫാഷൻ മോതിര ലോകത്തിലേക്കും ചുവട് വെച്ചപ്പോൾ തടി, മെറ്റൽ, റെക്സിൻ, ബോൺ, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയ രൂപങ്ങളിൽ മോതിരങ്ങൾ വിരലുകളിൽ വിരുന്നെത്തിത്തുടങ്ങി. ഫാഷൻ ലോകം എത്ര തലകുത്തി മറിഞ്ഞാലും 'സാരി'യുടെ ഫാഷന് ഒരു മാറ്റവും സംഭവിക്കില്ല എന്നത് പോലെയാണ് ആഭരണ ലോകത്ത് സ്വർണത്തിന്റെ കാര്യം.
മോതിരം പലതരം
സ്വർണത്തിന്റെയും പ്ലാറ്റിനത്തിന്റെയും അതേ രൂപത്തിൽ കൃത്രിമ കല്ലുകൾ പതിച്ച മോതിരങ്ങൾക്കാണ് ടീനേജുകാർക്കിടയിൽ ഡിമാൻഡ്. പല വർണത്തിൽ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിൽ ഇവ കോളേജുകുമാരികളുടെ 'സുന്ദര വിരലുകളിൽ' സ്ഥാനം പിടിച്ചിട്ടുണ്ട്. വൃത്താകൃതിയിൽ നിറയെ കല്ലുകൾ പതിപ്പിച്ച മോതിരങ്ങൾ ചൂണ്ടുവിരലിൽ അണിയുന്നതും ഒരു സ്റ്റൈലായിട്ടുണ്ട്. പാർട്ടികൾക്കും കല്യാണങ്ങൾക്കുമെല്ലാം മസക്കലി ചുരിദാറിനും ഫാൻസി സാരിക്കുമൊപ്പം ഈ സ്റ്റൈൽ പരീക്ഷിക്കാം.
നക്ഷത്രാകൃതിയിൽ പല വർണങ്ങളിലുള്ള ഫാഷൻ മോതിരങ്ങളാണ് മറ്റൊരു താരം. പ്ലാസ്റ്റിക്, തടി എന്നിവയിൽ തീർത്ത ചൈനീസ് മോതിരങ്ങൾ കണ്ടാൽ തന്നെ കൈയിലെടുത്ത് അണിയാൻ തോന്നും. പല വർണങ്ങളിലുള്ള ഡ്രസിന്റെ നിറത്തിനനുസരിച്ച് അണിയുകയും ചെയ്യാം. വിലയും വളരെ കുറവാണ്.ചിത്രങ്ങൾ പ്രിന്റ് ചെയ്ത പെയിന്റിംഗ് മോതിരങ്ങളും ലഭ്യമാണ്. ഇടയ്‌ക്കൊന്ന് മാറ്റി പരീക്ഷിക്കണമെങ്കിൽ തടിയിലും മൃഗങ്ങളുടെ എല്ലിലും തീർത്ത ട്രെൻഡി മോതിരങ്ങളുമുണ്ട്.
ആണഴകിനും മോതിരം
അഴകിലും രൂപത്തിലും പെൺമോതിരങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന കിടിലൻ മോതിരങ്ങളാണ് ആണുങ്ങളുടേത്. ഹോളിവുഡിൽ നിന്നാണ് പെരുവിരലുകളെ അലങ്കരിക്കുക എന്ന സ്റ്റൈൽ യുവാക്കൾ കടംകൊണ്ടത്. ഒരു വ്യക്തിയുടെ മനോബലത്തെയും ശാരീരികാരോഗ്യത്തെയും പ്രതിഫലിപ്പിക്കുന്നത് പെരുവിരലാണെന്ന വിശ്വാസം യൂറോപ്പിലുണ്ട്. അതുതന്നെയാണ് പെരുവിരലിനെ എങ്ങനെ അണിയിച്ചൊരുക്കാം എന്ന ചിന്തയ്ക്കു പിന്നിലും. ചരിത്രത്തിലുമുണ്ട് പെരുവിരലിലെ മോതിരത്തെക്കുറിച്ചുള്ള വർണനകൾ. എ.ഡി.1500ൽ പടിഞ്ഞാറൻ രാജ്യങ്ങളിലെ ഡോക്ടർമാരായിരുന്നു പെരുവിരലിൽ മോതിരം അണിഞ്ഞിരുന്നത്. ഭർത്താക്കന്മാർ പോർക്കളത്തിൽ യുദ്ധത്തിനു പോവുന്ന സമയത്ത് ഭാര്യമാരും പെരുവിരലിൽ മോതിരം അണിയുമായിരുന്നു.
ഇതൊന്നും അറിഞ്ഞിട്ടല്ലെങ്കിലും ഇപ്പോഴത്തെ ചെറുപ്പം മോതിരങ്ങളുടെ പിറകെ തന്നെയാണ്. പെരുവിരലിലായിരുന്നു തുടക്കം. ഇപ്പോഴത് ചൂണ്ടുവിരലും നടുവിരലും മോതിരവിരലും കടന്ന് ചെറുവിരലിലെത്തിനിൽക്കുന്നു. പെരുവിരലിൽ കട്ടിയും വീതിയുമുള്ള മോതിരങ്ങളാണ് ഫാഷൻ. രണ്ടുപെരുവിരലിലും അണിയുന്നവരുമുണ്ട്. സിൽവർ, കോപ്പർ കളറിലുള്ളവയോടാണ് പൊതുവെ പ്രിയം. ചെറുവിരലിൽ അണിയാൻ സ്പ്രിംഗ് ടൈപ്പിൽ ചുറ്റുകളുള്ള മോതിരങ്ങളുണ്ട്. വിരൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നതരം മോതിരങ്ങളാണത്. ഒരേ തരത്തിലുള്ള മോതിരങ്ങൾ ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ എന്നിവയിൽ ഒരുമിച്ചണിയുന്ന രീതിയുമുണ്ട്. സിൽവർ കളറിലുള്ള മോതിരങ്ങളാണ് കൂടുതൽ ഭംഗി. ഇതിനൊപ്പം സിൽവർ നിറത്തിലുള്ള വളയും ചെയിനും ധരിച്ചാൽ ഗംഭീരം.
വിരൽ തുരന്ന് മോതിരം
വിവാഹമോതിരം വിരലിലിടുന്നതിന് പകരം വിരലിൽ കുഴിച്ചുവയ്ക്കുന്നതാണ് പുതിയ ട്രെൻഡ്. പോക്കറ്റിന്റെ വലിപ്പം പോലെ മോതിരം സ്വർണമോ ഡയമണ്ടോ ഒക്കെ ആകാം. ഏതു വിരലിൽ എവിടെ മോതിരം അണിയണം എന്നു തീരുമാനിക്കുകയാണ് ആദ്യത്തെ പടി. അത് ഉറപ്പിച്ചുകഴിഞ്ഞാൽ നേരെ ജുവലറിയിലെത്തി ആവശ്യം പറയുക. പ്രത്യേക പേനകൊണ്ട് അടയാളപ്പെടുത്തിയ ശേഷം ആ ഭാഗം സ്പിരിറ്റും മറ്റ് അണുനാശിനികളും ഉപയോഗിച്ച് പലതവണ വൃത്തിയാക്കും. ഈ ഭാഗത്തുനിന്ന് ഒരു പൊട്ടുപോലെ തൊലി നീക്കം ചെയ്യുന്നു. ഇവിടെ ലോഹ നിർമ്മിതമായ പ്രത്യേക ക്യാപ്പ് ഇറക്കിവയ്ക്കുന്നു. ഇതിലാണ് മോതിരം ഉറപ്പിക്കുന്നത്. വരനും വധുവും ഒരേ പോലത്തെ മോതിരങ്ങൾ അണിയുന്നതാണ് ട്രെൻഡ്.
തട്ടിയാലോ മുട്ടിയാലോ ഇളകിപ്പോകുമെന്ന് പേടിയേ വേണ്ട. വേണ്ടെന്ന് തോന്നിയാൽ ഊരിമാറ്റുകയും ചെയ്യാം. അല്പം വേദന സഹിച്ചാലേ പുതിയ ട്രെൻഡ് നടപ്പാക്കാനാകൂ. അതിനാൽ പങ്കാളിയോട് സ്‌നേഹവും കൂടുമെന്നാണ് പുതിയ കണ്ടുപിടിത്തം. എച്ച്.ഐ.വി പോലുള്ള രോഗങ്ങൾ പകരാനുള്ള സാദ്ധ്യത വളരെ കൂടുതലായതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മാത്രം. ഒരുതവണ മോതിരം ഉറപ്പിക്കുന്നതിന് പതിനായിരം രൂപയ്ക്കടുത്ത് ചെലവാകും. ഒരു പ്രത്യേക കാര്യം മോതിരത്തിന്റെ വില ഇതിൽ ഉൾപ്പെടില്ല. യുവതലമുറയാണ് പുതിയ ട്രെൻഡിന് പിന്നാലെ പോകുന്നവരിൽ ഏറിയ കൂറും. ശരീരത്തിന്റെ പല ഭാഗങ്ങളും തുളച്ച് കമ്മലിടുന്നവർക്ക് ഇതിന്റെ വേദനയൊന്നും ഒരു പ്രശ്നമേ അല്ല.