ഹൈദരാബാദ്: കോൺഗ്രസ് പാർട്ടിയിൽ അച്ചടക്കം കൊണ്ടുവന്നതിന് ശേഷം മാത്രമേ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജി വയ്ക്കാൻ ആകൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന എം. വീരപ്പ മൊയ്‌ലി. മാത്രമല്ല കൃത്യമായ ഘടനയില്ലാതെ കിടക്കുന്ന പാർട്ടി സംവിധാനത്തെ പുനഃസംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തവും രാഹുലിന്റേതാണെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു. സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ഇത് അടിയന്തിരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും മൊയ്‌ലി പറഞ്ഞു.
പാർട്ടി തലവൻ തന്റെ ഉത്തരവാദിത്തങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോഴാണ് അംഗങ്ങൾക്കിടയിൽ ഇത്തരം കല്ലുകടികൾ ഉണ്ടാകുന്നതെന്നും മൊയ്‌ലി രാഹുലിനെ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു. പാർട്ടിയിൽ അച്ചടക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സമാധാനമായി ഇരിക്കാൻ പറ്റിയൊരു അവസരമല്ല ഇതെന്നും, അടിയന്തിരമായി അച്ചടക്കം പുനഃസ്ഥാപിക്കേണ്ടതാണെന്നും മൊയ്‌ലി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കാണ് അതിന് കഴിയുക എന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് ശേഷം താൻ പാർട്ടി അധ്യക്ഷൻ സ്ഥാനത്തുനിന്നും രാജി വയ്ക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടിയിൽ ഒരു സാധാരണ പ്രവർത്തകനായി തുടരുമെന്നും രാഹുൽ പറഞ്ഞിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും പ്രമുഖ കോൺഗ്രസ് നേതാക്കളും രാഹുലിനെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങാൻ രാഹുൽ കൂട്ടാക്കിയിരുന്നില്ല.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കോൺഗ്രസിൽ തമ്മിൽ തല്ല് രൂക്ഷമാണ്. പഞ്ചാബ്, രാജസ്ഥാൻ മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിലാണ് നേതാക്കൾക്കിടയിൽ ഉൾപ്പോര് മുറുകുന്നത്.