തിരുവനന്തപുരം: രാജ്യത്ത് സിമന്റ് വില അന്യായമായി കൂട്ടുന്നത് തടയാൻ വില നിയന്ത്രണ അതോറിട്ടി വരുന്നു. മരുന്നു മേഖലയിലെ കമ്പനികൾ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്നത് തടയാൻ രൂപീകരിച്ച നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിക്ക് സമാനമായിട്ടാവും ഇതിന്റെ രൂപീകരണം. ഇതിനായി സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് വേഗം തീർക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്ന് ചെറുകിട വ്യവസായ ത്തിന്റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
കമ്പനികൾ സിമന്റിന്റെ വില അന്യായമായി കൂട്ടുന്നതിനെ തുടർന്നാണ് നിയന്ത്രണ അതോറിട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നത്. ഉത്പാദന ചെലവ് വർദ്ധിക്കാതെതന്നെ സിമന്റ് വില അന്യായമായി കൂട്ടുന്നുവെന്നാണ് ആക്ഷേപം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം ആറ് ശതമാനം വിലയാണ് കഴിഞ്ഞ വർഷത്തെക്കാൾ കൂടിയത്. ഇതേതുടർന്ന് വില നിയന്ത്രണ അതോറിട്ടി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ 32.12 ദശലക്ഷം ടൺ സിമന്റാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്. ഏപ്രിലിൽ ഉത്പാദനം 28.73 ദശലക്ഷം മെട്രിക് ടൺ ആയി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ 163 ദശലക്ഷം ടൺ ആയിരുന്നു ആകെ ഉത്പാദനം.
ലോകത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് ഉത്പാദക രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 502 ദശലക്ഷം ടൺ ആണ് ഉത്പാദനം. കെട്ടിട നിർമ്മാണ മേഖലയിലാണ് ഇതിന്റെ 65 ശതമാനവും ഉപയോഗിക്കുന്നത്. പൊതുമേഖലയിലെ പശ്ചാത്തല വികസന പദ്ധതികൾക്ക് 20 ശതമാനവും ശേഷിക്കുന്നത് വ്യാവസായിക വികസനത്തിനും ഉപയോഗിക്കുന്നു. എന്നാൽ, കമ്പനികൾക്ക് ഉത്പാദിപ്പിക്കാവുന്ന കപ്പാസിറ്രിയുടെ 65 70 ശതമാനം മാത്രമാണ് രാജ്യത്തെ ഉപയോഗം. യാത്രാക്കൂലിയെ മറികടക്കാൻ വിപണന മേഖലകളിൽ സിമന്റ് ഉത്പാദനം ഒതുക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. അതേസമയം, സിമന്റ് നിർമ്മിക്കാനാവശ്യമായ ഫ്‌ളൈ ആഷ്, ജിപ്സം എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. എന്നിട്ടും സിമന്റ് വിലയിൽ കുറവ് വരുന്നില്ല.
ഈ ധനകാര്യ വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ മറ്ര് വ്യവസായങ്ങൾ ശരാശരിക്ക് താഴെ പോയപ്പോൾ സിമന്റ്, പഞ്ചസാര കമ്പനികൾ മാത്രമാണ് ലാഭമുണ്ടാക്കിയത്. പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ള സിമന്റ് ഇറക്കുമതിക്കുള്ള ചുങ്കം 200 ശതമാനം വർദ്ധിപ്പിച്ചതും സിമന്റ് കമ്പനികൾക്ക് നേട്ടമായി. അന്യായമായ വിലവർദ്ധനവിനെ തുടർന്ന് ബിൽഡേഴ്സ് അസോസിയേഷന്റെ പരാതിയിൽ കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ സിമന്റ് കമ്പനികളോട് 6,300 കോടി രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സിമന്റ് കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്.