തിരുവനന്തപുരം: ബാലു അറിയാതെ തലസ്ഥാനത്തെ ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയായ വിഷ്ണുവിന് ബാലഭാസ്കറിനോട് വിരോധം ഉണ്ടായിരുന്നെന്ന നിർണായക വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാർ. തിരുവനന്തപുരത്താണ് ബാലുവിന്റെ ആ ഫ്ലാറ്റ്. അതിന്റെ നോട്ടക്കാരൻ വിഷ്ണു ആയിരുന്നു. ഫ്ളാറ്റ് ബാലുവിനെ അറിയിക്കാതെ കാൽലക്ഷം രൂപയ്ക്ക് വിഷ്ണു പ്രതിമാസ വാടകയ്ക്ക് നൽകി. ഇതറിഞ്ഞതോടെ ബാലു വിഷ്ണുവുമായി വഴക്കുണ്ടാക്കി. തുടർന്ന് വാടകക്കാരെ വിഷ്ണുവിന് ഒഴിപ്പിക്കേണ്ടിവന്നു. ഇക്കാര്യത്തിൽ വിഷ്ണുവിന് ബാലുവിനോട് വിരോധമുണ്ടായി. ഇതുകൂടാതെ ഗൾഫിൽ ചപ്പാത്തിക്കട തുടങ്ങാനെന്ന പേരിൽ 20 ലക്ഷത്തോളം രൂപ വിഷ്ണു ബാലുവിനോട് കടമായി ചോദിച്ചിരുന്നു. വിഷ്ണുവിനും പ്രകാശ് തമ്പിയ്ക്കും പൂന്തോട്ടം ഗ്രൂപ്പിനുമെല്ലാം ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതാണ് ബാലഭാസ്കറിന്റെ മരണം സംശയത്തിനിടയാക്കുന്നതും. ശശികുമാർ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
ആശുപത്രിയിൽ നിന്ന് ഒഴിവാക്കാൻ നോക്കി
ബാലുവുമായും കുടുംബവുമായും വർഷങ്ങളായി ബന്ധമുണ്ടായിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയുമെല്ലാം അപകടത്തോടെ ആകെ മാറി. അതുവരെ സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ തന്നെയും ബാലഭാസ്‌കറിന്റെ അച്ഛനെയും ആശുപത്രിയിൽ നിന്നുപോലും ഒഴിവാക്കാനാണ് ശ്രമിച്ചത്. അപകടവാർത്തയറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് തെളിച്ചുപറയാൻപോലും അവർ തയാറായില്ല. അപകടവിവരം അറിയിക്കാൻപോലും വൈകി. ബാലുവിന്റെ അച്ഛൻ താമസിച്ചിരുന്ന റൂം വാടക നൽകാൻ പണമില്ലെന്ന കാരണത്താൽ ഒഴിയണമെന്നുപോലും പ്രകാശ് തമ്പി ആവശ്യപ്പെട്ടു.
ബാലഭാസ്‌കറിനൊപ്പം ഇരുവരെയും പലപ്പോഴും കണ്ടിട്ടുണ്ട്. അതുവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്ന ഇരുവരുടെയും പെരുമാറ്റത്തിൽ അപകടത്തിനുപിന്നാലെ മാറ്റമുണ്ടായി. ഇരുവരും മറ്റാരുടെയോ നിയന്ത്രണത്തിലായിരുന്നു. ആശുപത്രിയിലെ ഒരു മുറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശിയുമായിട്ടാണ് ഇരുവരും ചികിത്സ സംബന്ധിച്ച കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നത്. ആശുപത്രിയിലെ അവരുടെ ഓട്ടവും ചാട്ടവും ദുരൂഹതയുളവാക്കുന്നതാണ്. ഇപ്പോൾ അതെല്ലാം ശരിയാണെന്ന് വന്നിരിക്കുന്നു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ വിരലടയാളം പകർത്താൻപോലും ശ്രമമുണ്ടായി. നഴ്‌സാണ് അത് തടഞ്ഞത്. ആശുപത്രി ബില്ലടയ്ക്കാൻ ബാങ്കിൽനിന്നും പണമെടുക്കാനെന്നാണ് അവർ വെളിപ്പെടുത്തിയത്.
വർഷങ്ങൾക്ക് മുമ്പ് ബാലഭാസ്കറിന് തോളിന് വേദനയുണ്ടായപ്പോൾ സുഹൃത്തുക്കളാരോ ആണ് അവനെ ആയുർവേദ ചികിത്സയ്ക്കായി പാലക്കാടേക്ക് കൊണ്ടുപോയത്. പിന്നീട് ഡോക്ടറും കുടുംബവുമായും അടുപ്പത്തിലായ ബാലുവിനെ അവർ സാമ്പത്തികമായി ചൂഷണം ചെയ്തു. ആശുപത്രി കെട്ടിടം നിർമ്മിക്കാനും മകനെ വിദേശത്ത് അയച്ച് പഠിപ്പിക്കാനുമെല്ലാം ബാലുവിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ അവർ ബാലു അപകടത്തിൽപ്പെടുന്ന ദിവസം അവനെ തുടർച്ചയായി ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. അപകട ദിവസം അവരുടെ മകൻ ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നു.പരീക്ഷാഫീസ് അടയ്ക്കാനോ മറ്റോ വന്നതാണെന്നാണ് പറയുന്നത്. ബാലഭാസ്കറിന്റെ വീട്ടിൽ നിൽക്കാമെന്ന് കരുതിവന്ന ജിഷ്ണു, പ്രകാശൻ തമ്പിയുടെ വീട്ടിലാണ് താമസിച്ചത്. ബാലുവും കുടുംബവും തൃശൂരിലെ ക്ഷേത്രത്തിൽ വഴിപാട് കഴിക്കാനെത്തുമെന്ന് അറിഞ്ഞിട്ട് മകനെ തിരുവനന്തപുരത്തേക്ക് അയച്ചതിൽ ദുരൂഹതയുണ്ട്. മരിക്കുന്നതിന് തലേന്നാണ് ബാലുവിനെ ഞാൻ അവസാനമായി കണ്ടത്. അന്ന് വൈകുന്നേരം ആരോഗ്യനിലയിൽ ഇംപ്രൂവ്മെന്റുണ്ടായി. അവ്യക്തമായി എന്തൊക്കെയോ അവൻ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അടുത്തദിവസം റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ചാണ് തിരിച്ചിറങ്ങിയത്. എന്നാൽ, അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല. ബാലുവിന്റെ ആരോഗ്യം ഭേദപ്പെട്ടുവരുന്ന വേളയിൽ പൊടുന്നനെയായിരുന്നു മരണം. അവസാനം ബാലുവിനെ കണ്ടത് പ്രകാശൻ തമ്പിയും പാലക്കാട് സ്വദേശിനിയുമാണ്.
അച്ഛനോട് ചൂടായി
അപകടത്തിൽപ്പെട്ട കാറിൽനിന്നുള്ള സാധനങ്ങൾ അടുത്തദിവസം പ്രകാശൻ തമ്പിയും വിഷ്ണുവും കൂടിയാണ് ഏറ്റുവാങ്ങിയത്. ബാലുവിന്റെ മരണത്തിനുശേഷം അവന്റെ ഭാര്യയെ കാണാൻപോലും ബന്ധുക്കൾക്ക് പ്രകാശൻ തമ്പിയുടെ അനുമതി വേണ്ടിയിരുന്നു. ബാലുവിന്റെ മരണശേഷം അവന്റെ ഇടപാടുകളെല്ലാം പ്രകാശ് തമ്പിയാണ് നടത്തുന്നത്. ബാലുവിന്റെ അച്ഛൻ സി.കെ ഉണ്ണി പലതവണ പ്രകാശ് തമ്പിയെ ഫോണിൽ വിളിച്ചു. ഫോണെടുക്കാറുണ്ടായിരുന്നില്ല. ഒരുതവണ ഫോണെടുത്ത പ്രകാശ് ചൂടായി. പിന്നീട് പ്രകാശിനെ ആരും വിളിക്കാനും കൂട്ടാക്കിയില്ല.