bullet-silencer

ബൈക്കുകളിലും കാറുകളിലും ഉപയോഗിക്കുന്ന ആഫ്‌ടർ മാർക്കറ്റ് എക്‌സ്ഹോസ്‌റ്റുകൾ (സൈലൻസറുകൾ) വാഹനം ഓടിക്കുന്നവർക്ക് ആവേശമാകുമെങ്കിലും ചുറ്റുമുള്ളവർക്ക് തലവേദനയാകാറാണ് പതിവ്. ഇത്തരം സൈലൻസറുകൾ ശബ്‌ദ മലിനീകരണത്തിന് കാരണമായതോടെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുകളാണ് പൊലീസും മോട്ടോർ വാഹന വകുപ്പും. മിക്ക സംസ്ഥാനങ്ങളിലും ഇത്തരം സൈലൻസറുകൾ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുക്കുകയോ പിഴ ചുമത്തുകയോ ആണ് ചെയ്യുന്നത്. എന്നാൽ കർണാടക പൊലീസ് ഒരു പടി കൂടി കടന്ന് പിടിച്ചെടുത്ത വാഹനങ്ങളിലെ സൈലൻസറുകൾ ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചിരിക്കുകയാണ്. നശിപ്പിച്ചതെല്ലാം റോയൽ എൻഫീൽഡിന്റെ ബുള്ളറ്റുകളിലെ സൈലൻസറുകൾ ആണെന്ന് അറിയുമ്പോഴാണ് ബുള്ളറ്റ് ആരാധകരുടെ ഹൃദയം തകരുന്നത്. പിഴയടച്ച് വിട്ടാൽ ഇവ വീണ്ടും നിരത്തുകളിലേക്ക് തിരിച്ചെത്തുമെന്ന് ഭയന്നാണ് സൈലൻസറുകൾ നശിപ്പിച്ചതെന്നാണ് പൊലീസിന്റെ വാദം.

ബംഗളൂരുവിന് സമീപത്തുള്ള ദവാങ്കരേ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് വിവരം. പിടിച്ചെടുത്ത ബുള്ളറ്റുകളിൽ നിന്നും ഇളക്കിയെടുത്ത സൈലൻസറുകൾ ജെ.സി.ബി ഉപയോഗിച്ച് നശിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏതാണ്ട് അമ്പതോളം സൈലൻസറുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. സംഭവം ചിത്രീകരിക്കാൻ മാദ്ധ്യമങ്ങളെയും ക്ഷണിച്ചിരുന്നു. ഈ വീഡിയോ കണ്ടിട്ടെങ്കിലും അനാവശ്യമായ മാറ്റങ്ങൾ ബൈക്കിൽ വരുത്തുന്നതിൽ നിന്നും ആളുകൾ പിന്തിരിയണമെന്നാണ് പൊലീസിന്റെ ആവശ്യം.

ഇരുചക്രവാഹനങ്ങളിൽ 80 ഡെസിബൽ വരെയുള്ള സൈലൻസറുകൾ ഉപയോഗിക്കാമെന്നാണ് ചട്ടം. എന്നാൽ 140 ഡെസിബൽ വരെ ശബ്‌ദമുണ്ടാക്കുന്ന സൈലൻസറുകൾ വരെ വിപണിയിൽ ലഭ്യമാണ്. ബൈക്കിന്റെ പെർഫോമൻ കൂട്ടാനാണ് മിക്കവരും ഇത്തരത്തിലുള്ള സൈലൻസറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ബുള്ളറ്റുകളിൽ ഉപയോഗിക്കുന്ന ആഫ്‌ടർ മാർക്കറ്റ് സൈലൻസറുകൾ അനാവശ്യ ശബ്‌ദമുണ്ടാക്കുമെന്നല്ലാതെ മറ്റൊരു ഉപയോഗവുമില്ലെന്നും വാഹന വിദഗ്‌ദ്ധർ പറയുന്നു.