new-zealand

പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിറുത്താൻ കിവീസ് മൂന്നാം അങ്കത്തിനിറങ്ങുന്നു. രണ്ട് മത്സരത്തിലും ദയനീയമായി തോറ്റ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള അഫ്ഗാനെതിരെയാണ് പോരാട്ടം. കൗണ്ടി ഗ്രൗണ്ട് ടോന്റണിൽ ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം. ലോകകപ്പ് വേദിയിൽ ഒരു തവണ മാത്രമാണ് കിവീസും അഫ്ഗാനും നേർക്കുനേർ എത്തിയിട്ടുള്ളത്. അന്ന് ജയം ന്യൂസിലാന്റിനൊപ്പമായിരുന്നു.

തേരോട്ടം തുടരാൻ

അഫ്ഗാനെതിരെ അനായാസ ജയം പ്രതീക്ഷിച്ചാണ് കിവിപ്പട ഇന്ന് കളത്തിലിറങ്ങുന്നത്. സൂപ്പർ താരം റോസ് ടൈലർ മിന്നും ഫോമിലുള്ളത് ടീമിന് കൂടുതൽ ഊർജം പകരുന്നു. കടുവകളുടെ മുന്നിൽ പതറിയ ടീം ജയത്തിലേക്ക് തുഴഞ്ഞടുത്തപ്പോൾ കരുത്തായത് ടൈലറുടെ ഇന്നിംഗ്സായിരുന്നു. ന്യൂസിലാന്റ് നിരയിൽ ഒറ്റയാൾ പോരാട്ടം നടത്തിയ റോസ് ടൈലർ 91 പന്തിൽ 82 റൺസാണ് കഴിഞ്ഞ മത്സരത്തിൽ അടിച്ചെടുത്തത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിൽ, കോളിൻ മൺറോ എന്നിവർ മികച്ച തുടക്കം നൽകിയാൽ മൂന്നാം ജയത്തിലേക്ക് അനായാസം നടന്നുകയറാമെന്ന് ടീം കണക്ക് കൂട്ടുന്നു. ശ്രീലങ്കയ്‌ക്കെതിരെ തർത്താടിയ മൻറോ ഗുപ്ടിൽ സഖ്യത്തിന് ബംഗ്ലാദേശിനെതിരെ തിളങ്ങാനായില്ലെന്നത് ശ്രദ്ധേയമാണ്. ക്യാപ്ടൻ വില്യംസൺ ഫോമിലേക്ക് ഉയർന്നതും പേസർ ജെയിംസ് ഹെന്റി തിളങ്ങി നിൽക്കുന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

ജീവൻ നിലനിറുത്താൻ

ജീവൻ മരണ പോരാട്ടത്തിനാണ് അഫ്ഗാൻ ഇന്നിറങ്ങുന്നത്. തോൽവി സ്വപ്‌നം പോലും കാണാൻ ആഗ്രഹിക്കുന്നില്ല. ഇനിയൊരു പതനം കിരീടത്തിലേക്കുള്ള യാത്രയ്ക്ക് സഡൻ ബ്രേക്കിടുമെന്ന് കാബൂൾ പോരാളികൾക്ക് അറിയാം. അതുകൊണ്ട് അട്ടിമറിക്ക് കോപ്പുകൂട്ടിയാണ് നായിബും കൂട്ടരും ടോന്റണിൽ ന്യൂസിലാന്റിനെ നേരിടാൻ എത്തുന്നത്. റാഷിദ് ഖാനും നബിയും തന്നെയാണ് ടീമിന്റെ കരുത്ത്. മുൻനിരയ്ക്ക് കാര്യമായ സംഭാവന ചെയ്യാൻ സാധിക്കാത്തത് തന്നെയാണ് ഇപ്പോഴും ടീമിന് വെല്ലുവിളി ഉയർത്തുന്നത്. സ്പിന്നർമാരുടെ മികവിൽ ആദ്യ ജയം സ്വന്തമാക്കാമെന്നാണ് അഫ്ഗാൻ പ്രതീക്ഷ. മഴയിൽ തട്ടിയാണ് അഫ്ഗാന്റെ ജയം പൊലിഞ്ഞത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 34 റൺസിനാണ് ലങ്ക ജയം കൊത്തിപ്പറന്നത്.