-sheela

ഇരുപത്തിയഞ്ചാമത് ജെ.സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ സിനിമാസ്വാദക എന്ന നിലയിൽ മനസിലുദിച്ച സംശയം തന്നെയാണ് ഷീലാമ്മയോട് അഭിമുഖത്തിൽ ആദ്യം ചോദിച്ചത്. വൈകിപ്പോയെന്ന് തോന്നുന്നുണ്ടോ... അഞ്ചു പതിറ്റാണ്ടായി പ്രേക്ഷകരെ ഉള്ളം കൈയിലെടുക്കുന്ന പതിവു ചിരിയോടെ മറുപടിയും വന്നു 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ'. ഒന്നും വൈകിയതായി കണക്കാക്കേണ്ട കാര്യമില്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ട്. ആദ്യകാലത്തൊക്കെയാണ് കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ ഈ പുരസ്കാരത്തിന്റെ വില അതിന്റെ മുഴുവൻ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. അതുകാെണ്ടുതന്നെ ഇതാണ് ശരിക്കുള്ള സമയം. നടി ഷീല 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

മന്ത്രി വിളിച്ചു

മലയാള സിനിമയുടെ പിതാവിന്റെ പേരിലുള്ള അവാർഡിനായി ഓരോ തവണയും അർഹരെ തന്നെയാണ് ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കുന്നത്. മന്ത്രി എ.കെ ബാലനാണ് എന്നെ വിളിച്ച് അവാർഡിന്റെ വിവരം പറയുന്നത്. അപ്പോൾ വളരെ സന്തോഷം തോന്നി. ഒരു മന്ത്രിക്ക് എന്നെ വിളിച്ചറിയിക്കേണ്ട കാര്യമൊന്നുമില്ല. എന്നിട്ടും കലയോടുള്ള താത്പര്യം കാരണം അദ്ദേഹം അതു ചെയ്തു. ആ വലിയ മനസിനാണ് നമ്മൾ കൈയടി നൽകേണ്ടത്. ഒരു ചെറിയ കാര്യത്തിൽ പോലും സന്തോഷിക്കുന്ന പ്രകൃതമാണ് എന്റേത്. അപ്പോൾ പിന്നെ ഇത്രയും വലിയ പുരസ്കാരം കിട്ടുമ്പോൾ പ്രത്യേകം പറയണോ. ഒരുപാടു പേർ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇത്രയും ആളുകളുടെ മനസിൽ ഇപ്പോഴും നമ്മൾ ഉണ്ടെന്നത് മറ്റൊരു സന്തോഷം. ജൂറി അംഗങ്ങളായിരുന്ന ഓരോരുത്തരോടും പ്രത്യേക നന്ദിയും കടപ്പാടുമുണ്ട്.

എന്റെ സിനിമയിൽ കഥയാണ് ഹീറോ

ഞാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എന്റെ മകൻ അസോസിയേറ്റ് ഡയറക്ടറായി ആ ചിത്രത്തിൽ വർക്ക് ചെയ്യുന്നുണ്ട്. അവന് സിനിമയെന്നാൽ വലിയ പാഷനാണ്. പക്ഷേ വീട്ടിലെ ഒറ്റപ്പുത്രനായതു കാരണം ബിസിനസൊക്കെ നോക്കി നടത്താനുള്ള ചുമതലയും മകനാണ്. ഇനി മകന്റെ ഇഷ്ടവും കൂടി നടക്കട്ടെ. എന്റെ സിനിമയിൽ കഥയാണ് ഹീറോ. കുറച്ചുനാളായി മനസിൽ കൊണ്ടുനടന്ന കഥയാണിത്. തിരക്കഥ എന്റേതാണ്. സംഭാഷണം എഴുതുന്നത് മറ്റൊരാളായിരിക്കും. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല.

അഭിനയിച്ചു കൊണ്ടേയിരിക്കണം

മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിച്ചുകൊണ്ടേയിരിക്കണം. കഥാപാത്രത്തോട് ഒപ്പം ഒഴുകുന്ന പോലെ പോകണം.

കാണും വിലയിരുത്തും

റിലീസാകുന്ന എല്ലാ സിനിമകളും കാണും. സിനിമകൾ ഓടിയോ ഇല്ലയോ, ഇല്ലെങ്കിൽ എന്തുകൊണ്ട് തുടങ്ങി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. അടുത്തിടെ കണ്ടതിൽ മമ്മൂട്ടിയുടെ പേരൻപും ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സും ഒക്കെ ഇഷ്ടപ്പെട്ടു. റിലീസിന് തിയേറ്ററിനെ മാത്രം ആശ്രയിക്കുകയെന്ന പതിവ് മാറി വരുന്നതിനെ വളരെ ശുഭസൂചകമായാണ് കാണുന്നത്. കഴിവുള്ള നിരവധി പേർക്കാണ് ഇതിലൂടെ അവസരം ലഭിക്കുക. ചിലപ്പോൾ നല്ല സിനിമയായിരിക്കും. താരങ്ങൾ ഇല്ലാത്ത കാരണം തിയേറ്ററുകൾ ലഭിക്കാതെ പോകാം. അത്തരം പ്രശ്നങ്ങൾക്ക് ഇതോടെ അവസാനമാകും.

താരാരധന ഇല്ലാതെ സിനിമയില്ല

താരാരാധന അതൊരു യാഥാർത്ഥ്യമാണ്. അതില്ലാതെ സിനിമയില്ല. സത്യൻ, നസീർ കഴിഞ്ഞാൽ നമ്മൾ പറയുന്ന പേര് ജയന്റെയാണ്. അതിനിടയിൽ എത്ര താരങ്ങൾ വന്നെങ്കിലും ജയന്റെ പേര് ഓർമ്മിക്കുന്നത് ആരാധനയുടെ പേരിലാണ്.

ബയോപിക്കോ എന്റെയോ

സാവിത്രിയെ പോലെയൊക്കെ ഒരു ബയോപിക്ക് ഒരുക്കാൻ മാത്രം എന്താണ് എന്റെ ജീവിതത്തിലുള്ളത്. 13 വയസിൽ സിനിമയിലെത്തി. പിന്നെ സിനിമ തന്നെ ജീവിതം. സെറ്റിൽ നിന്ന് സെറ്റിലേക്കുള്ള ഓട്ടവും പല പല കഥാപാത്രങ്ങളും. വില്ലത്തിയായും നായികയായും അമ്മയായും ഒക്കെ ചെയ്തു.