കൊല്ലം : തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സംഘിയാക്കിയ സി.പി.എം സമീപനം കേട്ട് തന്റെ നെഞ്ച് തകർന്നുവെന്ന് കൊല്ലം എം.പി. എൻ.കെ.പ്രേമചന്ദ്രൻ. ഒരു വേള തന്റെ പിതൃത്വം പോലും സി.പി.എം ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചില സ്ഥലങ്ങളിൽ ചെന്നപ്പോൾ 'സാർ ബി.ജെ.പിയിൽ ചേരുന്നോ' എന്ന് ചോദിച്ചുവെന്നും അതു കേട്ട് തന്റെ നെഞ്ച് തകർന്നുപോയെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. തന്റെ മുഖഭാവം കണ്ട് തോൽക്കുമോ എന്ന ഭയമാണോ എന്ന് ചോദിച്ചവരുണ്ടെന്നും എൻ.കെ.പ്രേമചന്ദ്രൻ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കുന്നതിന് മുൻപേ പ്രേമചന്ദ്രന് ബി.ജെ.പി ബന്ധമുണ്ടെന്ന ആരോപണം സി.പി.എം ഉയർത്തുന്നുണ്ട്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നിൽ പ്രേമചന്ദ്രനാണെന്ന ആരോപണവും ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇക്കാര്യങ്ങൾ സി.പി.എം ഉയർത്തിയിരുന്നു. കൊല്ലത്ത് നിന്നും പ്രേമചന്ദ്രൻ വിജയിച്ചാൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ഉണ്ടായില്ലെങ്കിൽ അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന ആരോപണവും സി.പി.എം ഉയർത്തിയിരുന്നു. കൊല്ലത്തെ സി.പി.എം പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി അദ്ദേഹത്തെ വിമർശിച്ചിരുന്നു. മുൻപ് നടത്തിയ പരനാറി പ്രയോഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതൊക്കെ മറികടന്നാണ് കൊല്ലത്ത് ഇടത് കോട്ടയായിട്ടും മിന്നുംവിജയം നേടാൻ എൻ.കെ. പ്രേമചന്ദ്രനായത്.