കൊച്ചി: അപകടമുണ്ടായ ദിവസം വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുനെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന പ്രകാശ് തമ്പിയുടെ മൊഴി. ബാലഭാസ്‌കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അർജുൻ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നും അർജുൻ പറഞ്ഞു. പിന്നീട് മൊഴി മാറ്റിയതെന്തിനാണെന്ന് അറിയില്ല. ഇക്കാര്യം ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ അർജുൻ തയ്യാറായില്ല. താൻ വിളിച്ചിട്ട് അർജുൻ ഫോൺ എടുത്തിട്ടുമില്ല. മൂന്ന് മാസമായി അർജുനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കാക്കനാട് ജയിലിൽ വച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിൽ പ്രകാശ് തമ്പി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇപ്പോൾ ഡി.ആർ.ഐ കസ്‌റ്റഡിയിലാണ് പ്രകാശ് തമ്പി.
അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുന്നതിന് മുമ്പ് ജ്യൂസ് കുടിക്കാൻ നിറുത്തിയ കൊല്ലത്തെ ജ്യൂസ് കടയിലെ ദൃശ്യങ്ങൾ താൻ പരിശോധിച്ചിരുന്നുവെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. താനല്ല വാഹനം ഓടിച്ചതെന്ന് അർജുൻ മൊഴി മാറ്റിയതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിനാണ് ദൃശ്യങ്ങൾ കണ്ടത്. പക്ഷേ, ഇതിൽ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല. ദൃശ്യങ്ങൾ താൻ കോപ്പി ചെയ്‌തില്ലെന്നും ഇയാൾ നൽകിയ മൊഴിയിൽ വ്യക്തമാക്കി. ബാലഭാസ്‌കറുമായി ഒന്ന് രണ്ട് തവണ താൻ ഗൾഫ് പരിപാടിക്ക് പോയിരുന്നു. പ്രോഗ്രാം കഴിയുമ്പോൾ തനിക്കുള്ള പ്രതിഫലം ബാലഭാസ്‌കർ തന്നെയാണ് തന്നിരുന്നത്. ഇതല്ലാതെ ബാലഭാസ്‌കറുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ബാലഭാസ്‌കറും വിഷ്‌ണുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.