maldieves-

മാലദ്വീപ്: മാലദ്വീപിൽ ഇന്ത്യ സ്ഥാപിച്ച റഡാർ സംവിധാനമുൾപ്പെടെ രണ്ടു പദ്ധതികൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോളിഹും ചേർന്ന് ഉദ്ഘാടനം ചെയ്തു. സൈന്യത്തിന്റെ പ്രത്യേക പരിശീലന കേന്ദ്രമാണ് ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ പദ്ധതി. 180 കോടിയോളം മുടക്കിയുള്ള വലിയ പ്രൊജക്​ടുകളാണ്​ ഇവ. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ യുദ്ധക്കപ്പലുകളുടെ നിരീക്ഷണമാണ് റഡാറിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി ഇന്നലെ മാലദ്വീപിലെത്തിയത്. രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്ര ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.

മാലി വിമാനത്താവളത്തിൽ എത്തിയ മോദിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. മാലദ്വീപ് വിദേശികൾക്ക് നൽകുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂൾ ഒഫ് നിഷാൻ ഇസുദ്ദീൻ മോദി ഏറ്റുവാങ്ങി. ഇതിനുമുമ്പ് 2018 നവംബറിലാണ് മോദി മാലദ്വീപിൽ സന്ദർശനം നടത്തിയത്. മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി മാലദ്വീപിലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തി. മാലദ്വീപിന്റെ വികസനത്തിലും സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്ന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. മാത്രമല്ല,​ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ കൂടി കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങൾ പങ്കുവയ്ക്കാനുള്ള കരാറും ഒപ്പുവച്ചു. കടൽക്കൊള്ളക്കാരെ നേരിടാനെന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന യുദ്ധക്കപ്പലിനെ വിന്യസിച്ചിട്ടുണ്ട്.

മാലദ്വീപിൽ നിന്ന് പുറപ്പെട്ട മോദി ഇന്ന് ശ്രീലങ്ക സന്ദർശിക്കും. ''ആദ്യം അയൽരാജ്യങ്ങൾ" എന്ന നയത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടുന്നതാണ് ഇരുരാജ്യങ്ങളിലെയും സന്ദർശനമെന്നു മോദി ട്വീറ്റ് ചെയ്തിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡന്റിന്റെ കൊളംബോയിലെ ഓഫീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ ചാവേറാക്രമണത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ വിദേശരാജ്യ പ്രതിനിധിയാണ് മോദി. 11 ഇന്ത്യാക്കാരടക്കം 250ഓളം പേരാണ് ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. മോദിയുടെ മൂന്നാമത്തെ ശ്രീലങ്കൻ സന്ദർശനം കൂടിയാണിത്. ഇതിനുമുമ്പ് 2015ലും 2017ലുമാണ് മോദി ശ്രീലങ്ക സന്ദർശിച്ചത്.

ലക്ഷ്യം ചൈന

 മാലദ്വീപിലുള്ളത് ഇന്ത്യയുടെ 10 തീരനിരീക്ഷണ റഡാറുകൾ

 പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സാണ് ഇവ നിർമിച്ചത്

 പ്രധാനലക്ഷ്യം എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോൺ നിരീക്ഷണം

 ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളായ ശ്രീലങ്ക, സീഷെൽസ്, മൗറീഷ്യസ് എന്നിവിടങ്ങളിലും റഡാറുകൾ സ്ഥാപിക്കും

 റഡാറുകൾ നിയന്ത്രിക്കുക,​ വില്ലിംഗ്‌ലി ദ്വീപിലുള്ള കേന്ദ്രത്തിൽ നിന്ന്