തന്റെ ഒഴിവുകാല ചിത്രം പങ്കുവച്ച കരീന കപൂറിനെ 'ആന്റി' എന്നുവിളിച്ചാണ് സോഷ്യൽ മീഡിയ തങ്ങളുടെ 'സ്നേഹം' പ്രകടിപ്പിക്കുന്നത്. ഇറ്റലിയിലെ ടസ്ക്കനിയിൽ തന്റെ അവധിക്കാലം ചിലവഴിക്കാനെത്തിയതാണ് നടി. ഇതിനിടയിൽ വെയിലിൽ കുളിച്ച് നിൽക്കുന്ന തന്റെ ഏതാനും ചിത്രങ്ങളും കരീന ഇൻസ്റ്റാഗ്രാമിൽ ഇട്ടു. അതിസുന്ദരിയയെന്ന് പേരുകേട്ട നടിയുടെ ഫോട്ടോകൾ പക്ഷെ സോഷ്യൽ മീഡിയ സ്വീകരിച്ചത് മറ്റൊരു രീതിയിലാണ്. നടിക്ക് പ്രായമായെന്നും കാണാൻ വയസിയെപോലെ ഉണ്ടെന്നും കമന്റിട്ട് കരീനയെ നഗ്നമായി ബോഡി ഷെയിം ചെയ്തിരിക്കുകയാണവർ.
38 വയസ് മാത്രമായ നടിയെ 'കിഴവി കരീന' എന്നും 'ജീവനില്ലാത്തവളെ'ന്നും വിളിച്ച് നിർവൃതി കണ്ടെത്തുകയാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ യൂസേഴ്സ്. കരീന 'ഒന്നും കഴിക്കുന്നില്ലേ' എന്നും 'ചാവാറായത് പോലെ ഉണ്ടല്ലോ' എന്നുമൊക്കെയാണ് ചിലർ കണ്ടുപിടിച്ചിരിക്കുന്നത്. എന്നാൽ ബോളിവുഡ് ആരാധകവൃന്ദത്തിൽ അൽപ്പമെങ്കിലും പ്രതീക്ഷ ബാക്കി നിൽപ്പുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഏതാനും പേർ 'ഓൾഡ് ഈസ് ഗോൾഡ്' എന്നും 'അതിസുന്ദരി' എന്നും വിശേഷിപ്പിച്ചുകൊണ്ട് പ്രിയതാരത്തെ പിന്താങ്ങുന്നു.
ബോഡി ഷെയിമിംഗ് ബോളിവുഡ് നടിമാർക്ക് പുത്തരിയല്ല. 'വാനിറ്റി ഫെയർ' മാസികയുടെ ഫോട്ടോ ഷൂട്ടിനിടെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ദീപിക പദുക്കോണിനോട് 'എന്തെങ്കിലും തിന്നാ'നാണ് 'ആരാധകർ' ഉപദേശിച്ചത്. കരീനയും ഇതാദ്യത്തെ തവണയല്ല ഈ ആക്രമണം നേരിടുന്നത്. തന്റെ സൈസ് സീറോ ചിത്രം പങ്കുവെച്ച കരീനയോടും ഇതേ ഉപദേശവുമായി ഇവർ വന്നിട്ടുണ്ട്. അൽപ്പം ഗ്ലൂക്കോസ് കഴിക്കണമെന്നും പോഷകകുറവുണ്ടെന്നുമാണ് അന്ന് ഇവർ പറഞ്ഞത്.