kisan

ന്യൂഡൽഹി: കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യം, കൃഷിഭൂമിയുടെ പരിധി നോക്കാതെ അർഹരായ എല്ലാ കർഷകർക്കും നൽകുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലേറിയ എൻ.ഡി.എ സർക്കാരിന്റെ ആദ്യ കാബിനറ്ര് യോഗത്തിലാണ് ആനുകൂല്യം കൂടുതൽ കർഷകർക്ക് നൽകാൻ തീരുമാനിച്ചത്.

മൂന്നു ഗഡുക്കളായി 6,000 രൂപയാണ് നേരത്തേ പ്രതിവർഷം കർഷകർക്ക് പ്രഖ്യാപിച്ചത്. രണ്ട് ഹെക്‌ടറിൽ താഴെ കൃഷി ഭൂമിയുള്ള 12 കോടി ചെറുകിട-ഇടത്തരം കർഷകരായിരുന്നു യോഗ്യർ. ഭൂപരിധി നിബന്ധന ഒഴിവാക്കിയതോടെ ആനുകൂല്യത്തിന് അർഹരായ കർഷകരുടെ എണ്ണം 14.5 കോടിയായി ഉയരും. പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമാണ് നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതിലൂടെ യാഥാർത്ഥ്യമാകുന്നത്. പുതിയ നോട്ടിഫിക്കേഷൻ പുറത്തിറക്കിയതിന് പിന്നാലെ, അർഹരായ കർഷകരുടെ പട്ടിക നൽകണമെന്ന് നിർദേശിച്ച് കേന്ദ്ര കാർഷിക മന്ത്രാലയം സംസ്‌ഥാന സർക്കാരുകൾക്ക് കത്തെഴുതിയിട്ടുണ്ട്.

പുതിയ നോട്ടിഫിക്കേഷൻ പ്രകാരം, അർഹരായ കർഷകരുടെ പട്ടിക തയ്യാറാക്കി, പദ്ധതിയുടെ പോർട്ടലിൽ സമർപ്പിക്കാനാണ് നിർദേശം. സർക്കാർ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, ഭരണഘടനാ പദവി വഹിക്കുന്നവർ, ഡോക്‌ടർ, എൻജിനിയർ, വക്കീൽ, പ്രതിമാസം 10,000 രൂപയ്‌ക്കുമേൽ പെൻഷനുള്ളവർ, ആദായ നികുതി ദായകർ തുടങ്ങിയവരുടെ കുടുംബം കാർഷിക വൃത്തിയിലുണ്ടെങ്കിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരിപ്പിച്ച, ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ് പി.എം. കിസാൻ പദ്ധതി പ്രഖ്യാപിച്ചത്.

₹87,217 കോടി

പി.എം. കിസാൻ പദ്ധതിക്കായി മൊത്തം 75,000 കോടി രൂപയുടെ ചെലവാണ് കേന്ദ്രസർക്കാർ ആദ്യം വിലയിരുത്തിയത്. പദ്ധതിയുടെ പ്രയോജനം അധികമായി രണ്ടുകോടിയിലേറെ കർഷകർക്ക് കൂടി ലഭ്യമാക്കുന്നതോടെ നടപ്പുവർഷം ചെലവ് 87,217.50 കോടി രൂപ കവിയും.

3.66 കോടി

പി.എം. കിസാൻ പദ്ധതിയിൽ ഇതിനകം രജിസ്‌റ്റർ ചെയ്‌ത കർഷകർ 3.66 കോടിയാണ്. ഇതിൽ 3.03 കോടിപ്പേർ ആദ്യ ഗഡുവായ 2,000 രൂപ മാത്രവും രണ്ടുകോടിപ്പേർ രണ്ടാംഗഡുവും ചേർത്ത് 4,000 രൂപയും നേടി.

കേരളത്തിനും നേട്ടം

പദ്ധതിയിൽ കേരളത്തിൽ നിന്ന് ഇതുവരെ രജിസ്‌റ്റർ ചെയ്‌ത കർഷകരുടെ എണ്ണം 11.65 ലക്ഷമാണ്. ഇതിൽ 9.31 ലക്ഷം പേർ ആദ്യ ഗഡുവും 4.86 ലക്ഷം പേർ രണ്ടാംഗഡുവും നേടി.

മുന്നിൽ യു.പി

ഉത്തർപ്രദേശിൽ നിന്നാണ് പദ്ധതിയിലേക്ക് ഏറ്റവുമധികം കർഷകർ എൻറോൾ ചെയ്‌തിരിക്കുന്നത്; 1.20 കോടിപ്പേർ.