ന്യൂഡൽഹി : വിദേശ സംഭാവന സ്വീകരിക്കുന്ന സർക്കാർ ഇതര സംഘടനകൾക്കു (എൻ.ജി.ഒ) മേൽ കർശന നിയന്ത്രണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന എൻ.ജി.ഒകൾക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂക്കുകയറിട്ടത്. സംഘടനകളുടെ പ്രധാന ഭാരവാഹികളിൽ മാറ്റമുണ്ടാകുകയാണെങ്കിൽ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
വിദേശത്ത് നിന്ന് ധനസഹായം നേടുന്ന എല്ലാ എൻ.ജി.ഒകളും രജിസ്ട്രേഷൻ സമയത്ത് അവയുടെ ഭാരവാഹികളെക്കുറിച്ചുള്ള വിവരം നൽകണമെന്നാണ് 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ പറയുന്നത്. എന്നാൽ ഭാരവാഹികളിൽ ഉണ്ടാകുന്ന മാറ്റം പല സംഘടനകളും സർക്കാരിനെ അറിയിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടെതെങ്കിലും പലരും വീഴ്ച വകുത്തുന്നതിനെ തുടർന്നാണ് സർക്കാരിന്റെ വിജ്ഞാപനം.
2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷം വിദേശ ഫണ്ട് നേടുന്ന സർക്കാർ ഇതര സംഘടനകളുടെ പ്രവർത്തനങ്ങൾക്കു മേൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാത്ത സംഘടനകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാനാകാത്ത വിധം എഫ്.സി.ആർ.എ രജിസ്ട്രേഷൻ എടുത്തുകളയുകയും ചെയ്തു. 2016–17 ൽ രാജ്യത്ത് 23,176 എൻ.ജി.ഒകൾക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നെങ്കിൽ നിലവിൽ അത് 12,000 ത്തോളം മാത്രമാണ്. 2016–17 ൽ മാത്രം ഉദ്ദേശം 18,065 കോടി രൂപയാണ് ഈ സംഘടനകൾ വിദേശ സഹായ ഇനത്തിൽ കൈപ്പറ്റിയത്.