കൽപ്പറ്റ: ജനങ്ങൾക്കിടയിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും അരക്ഷിതാവസ്ഥയുടെയും വിത്തുവിതച്ച് നരേന്ദ്രമോദി നടത്തിയ വിളവെടുപ്പായിരുന്നു പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൻ.ഡി.എ വിജയമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറഞ്ഞ് ജില്ലയിലെ വിവിധ പൊതു യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മണ്ഡലത്തിലെ എല്ലാ പാർട്ടിയിലെയും വോട്ടർമാർ നൽകിയ അംഗീകാരമാണ് തന്റെ ചരിത്ര വിജയത്തിന് കാരണം. പാർലമെന്റ് അംഗമെന്ന നിലയിൽ ജനങ്ങളെ കേൾക്കാനും അവരുടെ ആവലാതികൾക്ക് രാഷ്ട്രീയത്തിന് അതീതമായി പരിഹാരം കാണാനും എപ്പോഴും താൻ കൂടെയുണ്ടാകുമെന്നും രാഹുൽ ഉറപ്പു നൽകി. ഏതൊരു പൗരനും ഏത് സമയത്തും തന്നെ സമീപിക്കാം. അതിന് യാതൊരു തടസവും ഉണ്ടാകില്ല. മോദിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസം വരെ പൊരുതുമെന്നും രാഹുൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, എ.പി.അനിൽകുമാർ, കെ.കെ.അബ്രാഹം, പി.വി.ബാലന്ദ്രൻ, കെ.സി.റോസക്കുട്ടി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
കൽപ്പറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപ്പളളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ റോഡ് ഷോയിൽ രാഹുൽഗാന്ധി പങ്കെടുത്തു.