കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ താരമായത് സ്നേഹയും സാൻ ജോയും. കൽപ്പറ്റ കനറാ ബാങ്ക് ജംഗ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്‌നേഹയും സാൻജോയും. കുറെ ദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും. ഉറക്കെ രാഹുൽഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവർ ശ്രദ്ധയിൽപ്പെടുന്നത്. തുടക്കം മുതൽ കൂടെ ഓടുകയായിരുന്നുവെന്ന് വാഹനത്തിലുണ്ടായിരുന്നവർ രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി. പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അദ്ദേഹം വാഹനത്തിൽ നിന്നു കൊണ്ട് തന്നെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അദ്ഭുതത്തോടെ സ്‌നേഹയും സാൻജോയും രാഹുലിന്റെ അടുത്തേക്ക് നീങ്ങി. വാഹനത്തിനടുത്തേക്ക് വന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ അവരെ വാഹനത്തിലേക്ക് കടത്തിവിടാൻ അദ്ദേഹം തന്നെ പറഞ്ഞു. വാഹനത്തിനകത്തു കയറിയ രണ്ടുപേർക്കും അദ്ഭുതം. രാഹുൽഗാന്ധി ഇരുവരെയും ചേർത്തുനിറുത്തി ചിത്രമെടുത്തു. മുട്ടിൽ 77-ാം നമ്പർ ബൂത്ത് പ്രസിഡന്റ് ആഞ്ഞിലിക്കൽ തോമസിന്റെ മക്കളാണ് ഇരുവരും.