മഹേന്ദ്രഗഡ് (ഹരിയാന): 80കാരിയായ വൃദ്ധയെ മരുമകൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ട്വിറ്ററിൽ താക്കീതുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഡൽഹി സർവകലാശാല വിദ്യാർത്ഥിയായ യുവതിയുടെ അയൽവാസി പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഡിലാണ് സംഭവം. ചന്ദ് ഭായ്(80)യെ മർദ്ദിച്ച കേസിൽ മരുമകൾ കാന്ത ഭായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോദൃശ്യങ്ങൾ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ഖട്ടറിന്റെ പ്രതികരണം.
'' ഇത്തരം നീചവും കുറ്റകരവുമായ പ്രവൃത്തികൾ സമൂഹത്തിൽ വച്ചുപൊറുപ്പിക്കില്ല. സംഭവത്തിലെ കുറ്റക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്യും" എന്നായിരുന്നു ഖട്ടർ ട്വിറ്ററിൽ കുറിച്ചത്. അതിർത്തിസുരക്ഷാസേനയിലുണ്ടായിരുന്ന മരണപ്പെട്ട സൈനികന്റെ ഭാര്യയാണ് ചന്ദ് ഭായ്.