ജൂലായ് ഒന്നുമുതൽ നടപ്പാക്കും
കൊച്ചി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകാനായി, എസ്.ബി.ഐ ജൂലായ് ഒന്നുമുതൽ റിപ്പോ അധിഷ്ഠിത ഭവനവായ്പ പദ്ധതി നടപ്പാക്കും. നിലവിൽ, മാർജിനൽ കോസ്റ്ര് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) അധിഷ്ഠിതമായ പലിശനിരക്കാണ് എസ്.ബി.ഐ ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. 30 വർഷം കാലാവധിയുള്ള, 75 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതുപ്രകാരം പലിശ 8.55 ശതമാനമാണ്. റിപ്പോ അധിഷ്ഠിതമാകുമ്പോൾ പലിശ 8.40 ശതമാനമാകും. അതേസമയം, തിരിച്ചടവ് കാലാവധി 35 വർഷം വരെയായി ഉയരും.
5.75 ശതമാനമാണ് നിലവിൽ റിപ്പോ നിരക്ക്. ഇതോടൊപ്പം 2.65 ശതമാനം അധികനിരക്കാണ് എസ്.ബി.ഐ ഈടാക്കുക. എം.സി.എൽ.ആർ അധിഷ്ഠിത വായ്പാ പദ്ധതി തുടരുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എം.സി.എൽ.ആർ പ്രകാരം വായ്പയെടുത്തവർക്ക് 0.25 ശതമാനം ഫീസ് നൽകി റിപ്പോ അധിഷ്ഠിത പദ്ധതിയിലേക്ക് മാറാൻ അവസരം ലഭിക്കും.
എം.സി.എൽ.ആർ., ബേസ്റേറ്ര് എന്നിവ അടിസ്ഥാനമാക്കിയാണ് നിലവിൽ ബാങ്കുകൾ വായ്പാപ്പലിശ നിർണയിക്കുന്നത്. ഇതിനുപകരം, റിപ്പോ നിരക്കോ മറ്ര് എക്സ്റ്രേണൽ ബെഞ്ച്മാർക്കുകളോ അധിഷ്ഠിതമാക്കി പലിശ നിശ്ചയിക്കണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. റിപ്പോ കുറയുന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കാനാണിത്. എസ്.ബി.ഐയുടെ പാത വൈകാതെ മറ്റു ബാങ്കുകളും സ്വീകരിച്ചേക്കും.
എന്താണ് നേട്ടം?
നിലവിൽ എം.സി.എൽ.ആർ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പാപ്പലിശ നിർണയിക്കുന്നത്. 75 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് ഇതുപ്രകാരം പലിശ 8.55 ശതമാനം.
ജൂലായ് മുതൽ എസ്.ബി.ഐ റിപ്പോ അധിഷ്ഠിത ഭവനവായ്പാ പദ്ധതിയും നടപ്പാക്കും. ഇതുപ്രകാരം പലിശ 8.40 ശതമാനം ആയിരിക്കും.