india-

വാഷിംഗ്ടൺ: പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ നശിപ്പിക്കാനുള്ള ബാദ്ധ്യത അവർക്ക് തന്നെയാണെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിൽ സമാധാനം നിലനിറുത്തുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും അമേരിക്ക അറിയിച്ചു.

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും ഇന്ത്യയെ ആക്രമിക്കാനുമുള്ള സാഹചര്യം ഇല്ലാതാവണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ വക്താവ് പി.ടി.ഐയോട് പറഞ്ഞു.

തീവ്രവാദികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ പാകിസ്ഥാനിൽ താവളം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മേഖലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പാകിസ്ഥാനുള്ളതെന്ന് അമേരിക്ക വ്യക്തമാക്കി. ഭീകര പ്രവർത്തനങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുക ബുദ്ധിമുട്ടായിരിക്കും,​ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് അമേരിക്ക എല്ലാ പ്രോത്സാഹനവും നൽകുമെന്നും യുഎസ് വക്താവ് പറഞ്ഞു.

കാശ്മീർ അടക്കം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇമ്രാൻ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ ഈ ആവശ്യം ഇന്ത്യ തളളിയിരുന്നു.