മലയാളിതാരം സഹൽ അബ്ദുൾ സമദും കളത്തിലിറങ്ങി
ബുരിരാം (തായ്ലൻഡ്): കിംഗ്സ് കപ്പിൽ ഇന്നലെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ആതിഥേയരായ തായ്ലൻഡിനെ കീഴടക്കി ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം അനിരുഥ് ഥാപ്പയാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.
പുതിയ പരിശീലകൻ ഇഗോർ സ്റ്രിമാച്ചിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. തുണ്ടർ കാസ്റ്റിൽ സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങളെയാണ് സ്റ്റിമാച്ച് പരീക്ഷിച്ചത്.
കുറകാവോയോട് ആദ്യ മത്സരത്തിൽ തോറ്റ ടീമിൽ നിന്ന് 8 മാറ്രങ്ങളുമായാണ് ഇന്നലെ ഇന്ത്യ കളത്തിലിറങ്ങിയത്. സീനിയർ താരങ്ങളായ സുനിൽ ഛെത്രി, ഉദ്ദണ്ഡത സിംഗ്, ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു എന്നിവരെല്ലാം ഇന്നലെ ബഞ്ചിലിരുന്നു. നായകൻ സന്ദേശ് ജിങ്കൻ, രാഹുൽ ഭേകെ, സുഭാശിഷ് ബോസ് എന്നിവരെ മാത്രമാണ് നിലനിറുത്തിയത്.
തുടക്കം മുതൽ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്രെടുത്തു. 17-ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ഥാപ്പ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ആദിൽ ഖാന്റെ പാസിൽ നിന്നായിരുന്നു ഥാപ്പയുടെ ഗോൾ.
തുടർന്ന് സ്വന്തം കാണികൾക്ക് മുന്നിൽ സമനിലപിടിക്കാനായി തായ്ലൻഡ് ആക്രമണം കടുപ്പിച്ചു. എന്നാൽ ആദിൽ ഖാന്റെയും ഗോളി അമരീന്ദ സിംഗിന്റെയും നേതൃത്വത്തിൽ ഇന്ത്യ ആ ശ്രമങ്ങൾ എല്ലാം നിഷ്ഫലമാക്കുകയായിരുന്നു.
74-ാം മിനിറ്റിൽ റയ്നിയർ ഫെർണാണ്ടസിന് പകരമാണ് സമദ് കളത്തിലെത്തിയത്. സമദ് വന്നതോടെ ഇന്ത്യൻ മധ്യനിര കൂടുതൽ കാര്യക്ഷമമായെങ്കിലും ലീഡുയർത്താനായില്ല.