ന്യൂഡൽഹി: ഐസിസ് ഭീകരസംഘടനയിൽ ചേർന്ന മലയാളി യുവാവിന് തിരിച്ച് നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. സിറിയിൽ എത്തിയ കാസർകോട് എലമ്പച്ചി സ്വദേശിയായ ഫിറോസ് എന്ന ഫിറോസ് ഖാനാണ് തിരിച്ച് വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇവിടെ പട്ടിണിയാണെന്നും ഭക്ഷണത്തിന് വേണ്ടി പോരാടുകയാണെന്നും യുവാവ് കുടുംബത്തിന് അയച്ച സന്ദേശത്തിൽ പറയുന്നതായി ദ ന്യൂ ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്ക നടത്തിയ ആക്രമണത്തിൽ ഐസിസ് തകർന്നതോടെ അവിടെയുള്ള ഭികരർ പ്രതിസന്ധിയിലാണെന്നും നാട്ടിലെത്തി കീഴടങ്ങാമെന്ന് പറഞ്ഞതായും ബന്ധു വെളിപ്പെടുത്തി. കഴിഞ്ഞ മാസമാണ് ഫിറോസിന്റെ കോൾ വന്നതെന്നും ഉമ്മയോട് സംസാരിച്ചപ്പോഴാണ് കീഴടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്നും ബന്ധു പറയുന്നു. അവിടെ കടുത്ത ദാരിദ്രമാണെന്നും ഫിറോസ് ഉമ്മയോട് പറഞ്ഞതായി ബന്ധു വെളിപ്പെടുത്തുന്നു.
2016 ജൂൺ മാസത്തിലാണ് ഫിറോസും സംഘവും ഐസിസിൽ ചേരാൻ വേണ്ടി നാടുവിട്ടത്. കൂടെയുള്ളവർ അഫ്ഗാനിസ്ഥാനിലേക്ക് പോയപ്പോൾ ഫിറോസ് സിറിയയിൽ എത്തിച്ചേരുകയായിരുന്നു. അവിടെ വച്ച് മലേഷ്യൻ യുവതിയുമായി തന്റെ വിവാഹം ഐസിസ് നടത്തിയെന്നും എന്നാൽ പിന്നീട് തന്നെ അവർ ഉപേക്ഷിച്ചതായും ഫിറോസ് പറഞ്ഞു. തിരിച്ച് വന്നാൽ ഉണ്ടാകുന്ന കേസുകളെ കുറിച്ചും ഫിറോസ് അന്വേഷിച്ചു. തുടർന്ന് കീഴടങ്ങാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഫിറോസിന്റെ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.