കൊച്ചി: പ്രഗൽഭരായ യുവമനസുകൾക്ക് അവരുടെ ബിസിനസ് ചിന്തകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കി, വി-ഗാർഡ് സംഘടിപ്പിക്കുന്ന 'വി-ഗാർഡ് ബിഗ് ഐഡിയ ഡിസൈൻ ആൻഡ് ടെക് കോണ്ടസ്‌റ്ര് - 2019"ന്റെ വിജയികളെ ജൂൺ പത്തിന് നടക്കുന്ന അവസാന പ്രസന്റേഷന് ശേഷം പ്രമുഖ പ്രൊഫഷണലുകൾ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കും. ഇന്ത്യയിലുടനീളമുള്ള എൻജിനിയറിംഗ് സ്ഥാപനങ്ങളിൽ നിന്ന് മികവുറ്റ ആശയങ്ങൾ പ്രോട്ടോടൈപ്പുകളായും മികച്ച ഡിസൈൻ ഡയഗ്രങ്ങളായും മത്സരത്തിൽ അവതരിപ്പിക്കപ്പെട്ടു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ജോർജ്ജ് സ്ളീബയാണ് ജൂറിയെ നയിക്കുന്നത്. ആർ ആൻഡ് ഡി (ഇലക്‌ട്രോണിക്‌സ് വൈസ് പ്രസിഡന്റ് നരേന്ദർ സിംഗ് നേഗി, ന്യൂ പ്രൊഡക്‌ട് ഡെവലപ്‌മെന്റ് സീനിയർ ജി.എം. മുഹമ്മദ് തൻവീർ, ആർ ആൻഡ് ഡി (ഇൻഡസ്‌ട്രിയൽ ഡിസൈൻ) ജി.എം ജയിംസ് എം. വർഗീസ്, ഹോം അപ്ളയൻസസ് സീനിയർ ജി.എം പ്രസാദ് തേനി എന്നിവരാണ് മറ്ര് ജൂറി അംഗങ്ങൾ. മത്സരാർത്ഥികൾ മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങൾ നൈപുണ്യം, പ്രായോഗികത, സാദ്ധ്യത, ലാളിത്യം, വി-ഗാർഡിന്റെ ബിസിനസിനും ഉപഭോക്താക്കൾക്കും ലോകത്തിന് തന്നെയും അതിന്റെ പ്രയോജനം എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് വിലയിരുത്തുന്നത്.
സമാപന ചടങ്ങിൽ വി-ഗാർഡ് ഇൻഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുൻ ചിറ്റിലപ്പിള്ളി മുഖ്യാഥിതിയാകും. വി-ഗാർഡ് സി.ഒ.ഒ വി. രാമചന്ദ്രൻ സന്നിഹിതനാകും. ഒന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷം രൂപ, രണ്ടാംസ്ഥാനക്കാർക്ക് 50,000 രൂപ, മൂന്നാംസ്ഥാനക്കാർക്ക് 25,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.