സുൽത്താൻ ബത്തേരി : കേരള സർക്കാർ വയനാടിനോട് നീതികേട് കാട്ടില്ലെന്നും, തുറന്ന മനസ്സോടെ കാര്യങ്ങളെ കാണുമെന്നും രാഹുൽഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു. ബത്തേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാരിൽ നിന്ന് വയനാടിന് ഒന്നും പ്രതീക്ഷിക്കുന്നില്ല.എന്നാൽ പിണറായി സർക്കാർ നീതികേട് കാട്ടില്ലെന്ന് മാത്രമല്ല വയനാടിന്റെ പ്രശ്‌നങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്ന് തനിക്ക് ബോദ്ധ്യമുണ്ട്. ഈ ഭൂമുഖത്ത് ഒരുപാട് വെല്ലുവിളികൾ ഉണ്ടെങ്കിലും അതിനേക്കാൾ പ്രശ്‌നങ്ങളാണ് വയനാട്ടിലുള്ളത്. ഈ പ്രശ്‌നങ്ങൾ പാർലമെന്റിൽ എത്തിച്ച് പരിഹാരം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെ സ്വഭാവം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. അദ്ദേഹം എത്രമാത്രം നമ്മുടെ പ്രശ്‌നങ്ങൾ കേൾക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ. എത്രമാത്രം ശബ്ദമുയർത്താമോ അത്രയും ശബ്ദമുയർത്തി ഞാൻ വയനാടിന്റെ പ്രശ്‌നങ്ങൾ പാർലമെന്റിൽ എത്തിച്ച് പരിഹരിക്കും. വയനാടിന്റെ മാത്രം എം.പിയല്ല ഞാൻ. കേരളത്തിന്റെ ഏത് പ്രശ്‌നവും പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കാണാൻ മുൻപന്തിയിലുണ്ടാകും. ഇവിടെ വന്നത് നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. ഞാനല്ല നിങ്ങളാണ് യജമാനൻ. നിങ്ങളുടെ പ്രശ്‌നങ്ങൾ പറഞ്ഞാൽ പരിഹരിക്കാൻ ശ്രമിക്കും.
ഞാൻ വയനാടിന്റെ പാർലമെന്റ് അംഗമായതിൽ എല്ലാ പാർട്ടികളുടെയും പങ്കുണ്ട്. എല്ലാവരും രാഷ്ട്രീയം നോക്കാതെ എനിക്ക് വോട്ട് ചെയ്തു. ഇതിൽ സന്തോഷവും നന്ദിയും കടപ്പാടും ഉണ്ട്. ഞാൻ കോൺഗ്രസിന്റെ അംഗമാണെങ്കിലും വയനാട്ടിലെ ഓരോരുത്തർക്കും വേണ്ടിയും എന്റെ വാതിൽ തുറന്നിരിക്കും. എനിക്ക് കിട്ടിയഎം.പി.സ്ഥാനം അംഗീകാരമാണ്. ഇനി മുതൽ എന്റെ വീടും വയനാടാണ് രാഹുൽ പറഞ്ഞു.