കൊച്ചി : ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെട്ടപ്പോൾ താനാണ് വാഹനമോടിച്ചതെന്ന് നിരവധി തവണ അർജുൻ പറഞ്ഞതായി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പി വെളിപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ബാലഭാസ്‌കറും ഡോ. ലതയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും ഇയാൾ വ്യക്തമാക്കി.
ആശുപത്രിയിൽ കഴിയുമ്പോൾ, അപകടത്തിന്റെ കാരണക്കാരനെന്ന് പറഞ്ഞ് അർജുൻ വിലപിച്ചിരുന്നു. എന്തു പറ്റിയതാടാ എന്ന് അർജുന്റെ അമ്മ ചോദിച്ചപ്പോൾ ഉറങ്ങിപ്പോയതാണെന്ന് പറഞ്ഞു. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ലതയും ഇക്കാര്യം കേട്ടിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്നതിന് തലേ ദിവസമാണ് പൊലീസുകാരോട് മൊഴി മാറ്റിപ്പറഞ്ഞത്. ഇതെന്തിനെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. കഴിഞ്ഞ മൂന്നു മാസമായി അർജുനുമായി ഒരു ബന്ധവുമില്ല.
അർജുൻ മൊഴി മാറ്റിയതോടെ സ്വന്തം നിലയിൽ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സി.സി.ടി.വി ദൃശ്യങ്ങൾ തേടിയിറങ്ങിയത്. അപകടം നടന്ന സ്ഥലം മുതൽ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കട വരെ സ്ഥാപനങ്ങൾ കയറിയിറങ്ങി. തന്റെ കാറിൽ ബാലുവിന്റെ സുഹൃത്തുക്കളായ ജമാൽ, ചിക്കു എന്നിവർക്കൊപ്പമായിരുന്നു യാത്ര. ജ്യൂസ് കടയിൽ നിന്ന് ഹാർഡ് ഡിസ്‌ക് എടുത്തു. ഇതിന് സഹായിച്ചത് അവിടെ സി.സി.ടി.വി സ്ഥാപിച്ചു നൽകിയ നിസാമാണ്. ഇയാളുടെ സ്ഥാപനത്തിൽ കൊണ്ടുപോയി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചില്ല. 15 ദിവസത്തെ ദൃശ്യങ്ങൾ റെക്കാഡ് ചെയ്യാനുള്ള ശേഷിയെ അതിനുണ്ടായിരുന്നുള്ളു. പിന്നീട് ഹാർഡ് ഡിസ്‌ക് കടയിൽ തിരികെ സജ്ജീകരിച്ച് നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി എസ്. ഹരികൃഷ്‌ണനോട് പ്രകാശൻ പറഞ്ഞു.