ലോകകപ്പിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും
ലണ്ടൻ: ലോകകപ്പിൽ ഇന്ന് നടക്കുന്ന ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്രുമുട്ടും. ലണ്ടനിലെ ഓവലിൽ ഇന്ത്യൻസമയം വൈകിട്ട് 3 മുതലാണ് മത്സരം.മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. രണ്ട് ടീമുകളും ഈ ലോകകപ്പിൽ തോൽവി അറിഞ്ഞിട്ടില്ല. ഇന്ത്യ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയപ്പോൾ ആസ്ട്രേലിയ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെയും രണ്ടാം മത്‌സരത്തിൽ വെസ്‌റ്റിൻഡീസിനെയും തോൽപ്പിച്ചു.
ജയിക്കാൻ ഇന്ത്യ
കഴിഞ്ഞ ലോകകപ്പ് സെമിയിൽ തങ്ങൾക്ക് മടക്ക ടിക്കറ്റ് നൽകിയ ആസ്ട്രേലിയ്ക്കെതിരെ വിജയത്തിൽ കുറഞ്ഞൊന്നും. ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നില്ല.
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഷോർട്ട്ബാളുകൾക്ക് മുന്നിൽ ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പ്രതിസന്ധിയിലായിരുന്നു. അതിനാൽ ബൗൺസറിലൂടെ വിക്കറ്റ് നേടാൻ മിടുക്കനായ മുഹമ്മദ് ഷമിക്ക് ആദ്യഇലവനിൽഅവസരം ലഭിക്കാൻ സാധ്യതയുണ്ട്. ഡിസംബറിൽ പെർത്ത് ടെസ്റ്റിൽ ഷമി ആസ്ട്രേലിയക്കെതിരെ ആറ് വിക്കറ്ര് സ്വന്തമാക്കിയിരുന്നു. ഷമി വന്നാൽ ഭുവനേശ്വർ പുറത്തിരിക്കേണ്ടിവരും. അത് ഇന്ത്യയുടെ വാലറ്രത്തെ ബാറ്രിംഗ് കരുത്ത് കുറയ്ക്കുമെന്നതിനാൽ രണ്ട് വട്ടംചിന്തിച്ചേ ഇന്ത്യ അവസാന തീരുമാനമെടുക്കൂ. ചഹലും കുൽദീപും മികച്ച ഫോമിലാണെങ്കിലും ഓവലിലെ സാഹചര്യം പരിഗണിച്ച് രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിക്കാൻ വിദൂര സാധ്യതയുണ്ട്.
സാധ്യതാ ടീം: രോഹിത്, ധവാൻ,വിരാട്, രാഹുൽ, ധോണി കേദാർ, ഹാർദ്ദിക്,ഭുവനേശ്വർ,കുൽദീപ്, ബുംറ,ചഹാൽ.
കുതിച്ചുയരാൻ കംഗാരുക്കൾ
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഒരേ ടീമിനെ തന്നെയാണ് ആസ്ട്രേലിയ കളത്തിലിറക്കിയത്. ഇന്നും ടീമിൽ മാറ്രംവരാൻ സാധ്യത കുറവാണ്. വെസ്റ്രിൻഡീസിനെതിരെ മുൻനിര തകർന്നിട്ടും സ്മിത്തും കോൾട്ടർനില്ലും പുറത്തെടുത്ത ബാറ്രിംഗ് ഈ മത്സരത്തിൽ കംഗാരുക്കൾക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
സാധ്യതാ ടീം: വാർണർ,ഫിഞ്ച്,ഖ്വാജ,സ്മിത്ത്,മാക്സ്‌വെൽ, സ്റ്റോയിനിസ്, കാരെ,കോൾട്ടർനിൽ, കമ്മിൻസ്, സ്‌റ്രാർക്ക്,സാംപ.
പിച്ച് റിപ്പോർട്ട്
ബാറ്രിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഓവലിലേത്. ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ റൺസ് ഒഴുകുന്ന പിച്ചാണ് ഇവിടത്തേത്.
8മത്സരങ്ങളിൽ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആസ്ട്രേലിയയ്ക്ക് വിജയം നേടാനായി. മൂന്നെണ്ണത്തിലെ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടുള്ളൂ. അവസാനം ലോകകപ്പിൽ ഏറ്രുമുട്ടിയ ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ ഇന്ത്യയ്ക്ക് (2011 ലോകകപ്പ് ക്വാർട്ടർ) ജയിക്കാനായിട്ടുള്ളൂ.
ഈ ലോകകപ്പിൽ ഇതുവരെ ക്യാച്ചിൽ നൂറ് ശതമാനം റെക്കാഡുള്ള ടീമുകളാണ് ഇന്ത്യയും ആസ്ട്രേലിയയും.
ഏകദിനത്തിൽ ആയിരം റൺസ് തികയ്ക്കാൻ ഓസീസ് താരം മാർകസ് സ്റ്റോയിനിസിന് 18 റൺസ് കൂടി മതി.
ഇന്ത്യയ്ക്ക് വിജയിക്കാനാകുമെന്ന് തന്നെ കരുതുന്നു. ഷോർട്ട് ബാൾകളിക്കുകയെന്നത് എത്രമികച്ച ബാറ്റ്സ്മാനെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. മികച്ച ഷോർട്ട് ബാളുകൾ എറിയുന്നവരാണ് നമ്മുടെ ബൗളർമാർ.
രോഹിത് ശർമ്മ
ഇന്ത്യയ്ക്കെതിരെ അവരുടെ നാട്ടിൽ അവസാനം കളിച്ച മൂന്ന് ഏകദിനങ്ങളിലും ജയിക്കാനായത് ആത്മവിശ്വാസം കൂട്ടുന്നു. ഇത്രയും വലിയൊരു മത്സരത്തിനിറങ്ങുമ്പോൾ ആ വിജയങ്ങൾ മാനസികമായി ഞങ്ങൾക്ക് മുൻതൂക്കം നൽകുന്നു.ആരോൺ ഫിഞ്ച്