ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെപോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമത തന്റെ രാഷ്ട്രീയ എതിരാളികളെ നിഷ്‌കരുണം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇത് ബംഗാളിലെ മമത ബാനർജി ഭരണത്തിന്റെ പതനത്തിലേക്ക് വഴിതെളിയിക്കുമെന്നുമാണ് ഗിരിരാജ് സിങ് പറഞ്ഞത്.
''കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ആസന്നമായ പരാജയത്തെ കുറിച്ചുള്ള ഭീതി അവരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ അവർ കൈകാര്യം ചെയ്യുന്ന രീതി കിം ജോംഗ് ഉന്നിനെ ഓർമ്മിപ്പിക്കുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നും നീതി ആയോഗിന്റെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നും അവർ പറയുന്നു. ഇത് രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അധിക്ഷേപിക്കലാണ് ''- ഗിരിരാജ് സിംഗ് ആരോപിച്ചു. കാബിനറ്റ് മന്ത്രിയായതിന് ശേഷമുള്ള ആദ്യ ബിഹാർ സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.