ഗുരുവായൂർ:അരികന്നിയൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെനിന്ന് കാറിൽ 10.05 ഓടെയാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയത്. 10.15ന് അവിടെനിന്ന് ഇറങ്ങിയ അദ്ദേഹം ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരോടൊപ്പം നടന്നാണ് ക്ഷേത്രത്തിലെത്തിയത്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോംജോസ് എന്നിവരും അനുഗമിച്ചു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ഭരണസമിതി അംഗങ്ങളായ പി. ഗോപിനാഥൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, എ.വി. പ്രശാന്ത്, എം. വിജയൻ എന്നിവർ ക്ഷേത്രത്തിനു മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. സുരേഷ് ഗോപി എം.പി പ്രധാനമന്ത്രി എത്തുന്നതിനുമുമ്പേ ക്ഷേത്രത്തിലെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, എം. ഗണേഷ്, ബി. ഗോപാലകൃഷ്ണൻ, എച്ച്. രാജ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
ദർശനത്തിന് ശേഷം നടന്ന സമ്മേളനത്തിൽ മറ്റ് നേതാക്കൾക്കൊപ്പം ബി. ജെ. പി സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂർണ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, എം. ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.