ന്യൂഡൽഹി: രാജ്യത്ത് സാങ്കല്‌പികം അഥവാ ഡിജിറ്റൽ നാണയങ്ങളുടെ (ക്രിപ്‌റ്റോകറൻസി) ഇടപാട് നടത്തുന്നവർക്ക് പത്തുവർഷം ജയിൽശിക്ഷ ഉറപ്പാക്കുന്ന ബിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളുടെ മൈനിംഗ്, കൈവശംവയ്‌ക്കൽ, വാങ്ങൽ, വില്‌ക്കൽ തുടങ്ങിയവ വിലക്കുന്ന 'ബാനിംഗ് ഒഫ് ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഒഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ-2019" ആണ് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പാനൽ തയ്യാറാക്കുന്നത്. സെബി, വിവിധ അന്വേഷണ ഏജൻസികൾ, സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് എന്നിവയുടെ പ്രതിനിധികളും പാനലിലുണ്ട്. അതേസമയം, റിസർവ് ബാങ്കുമായി ചർച്ച നടത്തി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയായ 'ഡിജിറ്റൽ റുപ്പീ" പുറത്തിറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.