jagan

അമരാവതി: ആന്ധ്രാപ്രദേശിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരടക്കം 25 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ,​ ഏവരുടെയും ശ്രദ്ധപതിഞ്ഞത് മെകതൊടി സുചരിതയെന്ന വനിതാമന്ത്രിയിലാണ്. ജഗൻമോഹന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായാണ് ദളിത് വനിതയായ മെകതൊടി സുചരിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദളിത് വിഭാഗത്തിലെ പ്രതിപടു ജാതിയിൽപ്പെട്ട സുചരിത സംവരണ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമായാണ് ആന്ധ്രപ്രദേശിൽ ദളിത് വനിത ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കുന്നത്. പിതാവ് വൈ.എസ്.ആർ റെഡ്ഡിയുടെ മാതൃക പിന്തുടർന്നാണ് ജഗമോഹൻ വനിതയെ ആഭ്യന്തരമന്ത്രിയായി നിയമിക്കുന്നത്. വൈ.എസ്.ആർ നേരത്തെ സബിത ഇന്ദ്ര റെഡ്ഡിയെ ആഭ്യന്തരമന്ത്രിയാക്കിയിരുന്നു. സബിത ഇപ്പോൾ ടി.ആർ.എസ് എം.എൽ.എയാണ്. നേരത്തെ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ജഗന്‍ രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചിരുന്നു. ദളിത് വനിതക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പ് നൽകിയ ജഗന്റെ തീരുമാനത്തിന് വൻകൈയടിയാണ് സാമൂഹ്യമാദ്ധ്യമങ്ങളിടക്കം ലഭിക്കുന്നത്.