ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഇത് തുടർന്നാൽ, പാർട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ വീരപ്പമൊയ്ലി. അദ്ധ്യക്ഷന്റെ കാര്യത്തിൽ പാർട്ടിയിൽ തുടരുന്ന അനിശ്ചിതത്തെക്കുറിച്ചാണ് വീരപ്പമൊയ്ലിയുടെ പരാമർശം. രാഹുൽ പാർട്ടിയെ നയിക്കണമെന്നും, അഥവാ, സ്ഥാനം ഉപേക്ഷിക്കുകയാണെങ്കിൽ, അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി, സ്ഥാനമേൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'' രാഹുൽ തന്നെ നേതൃത്വം ഏറ്റെടുക്കണം. ഇത് നിർണായക സമയമാണ്. അദ്ദേഹത്തിന്റേത് ദേശീയ ദൗത്യമാണ്. അതിന്റെ സ്ഥിരതയും ഐക്യവും നിലനിറുത്തേണ്ടതുണ്ട്. പാർട്ടിക്ക് ഇതുപോലെ അലസമായി തുടർന്നുപോവാനാവില്ല. ഇപ്പോൾത്തന്നെ അവിടവിടെയായി ശബ്ദങ്ങളുയർന്നു തുടങ്ങി. 1998ൽ സീതാറാം കേസരിയിൽ നിന്ന് സോണിയ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം പാർട്ടിയിൽ ചെറിയ രീതിയിലുള്ള പിളർപ്പു പോലുമുണ്ടായിട്ടില്ല. അത് ഇനിയും തുടർന്നു പോകണം" വീരപ്പ മൊയ്ലി പറഞ്ഞു