അമരാവതി: ആന്ധ്രയിലെ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദളിത് വനിത. രാജ്യത്ത് ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പുതിയ തീരുമാനം.പ്രതിപടു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മേകതോടി സുചരിതയാണ് ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അമരാവതിയിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ സുചരിത ഉൾപ്പെടെ 24 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ഇ.എസ്.എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ച് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഉപമുഖ്യമന്ത്രിമാർ. സുചരിത ഉൾപ്പെടെ മൂന്ന് വനിതാ മന്ത്രിമാരാണ് ജഗൻ മന്ത്രിസഭയിലുള്ളത്.
2014ൽ തെലങ്കാൻ, ആന്ധ്ര സംസ്ഥാനങ്ങളായി മാറിയ ശേഷം ആന്ധ്രയിൽ ആദ്യമായാണ് ഒരു വനിതാ ആഭ്യന്തര മന്ത്രി ഉണ്ടാവുന്നത്. വൈ.എസ് രാജശേഖര റെഡ്ഡിയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ആഭ്യന്തര മന്ത്രിയെ നിയമിക്കുന്നത്.