വാഷിംടൺ: ആകാശ ആക്രമണങ്ങൾക്ക് ഉപയോഗിക്കാവുന്ന ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അമേരിക്ക. മിസൈൽ പ്രതിരോധ കവചം ഉൾപ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ ഇന്ത്യയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന് അമേരിക്ക അറിയിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്.
2017 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചയിൽ അത്യാധുനിക ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാമെന്ന് യു.എസ് സമ്മതിച്ചിരുന്നു. യു.എസ് പ്രതിരോധ കമ്പനിയായ ജനറൽ അറ്റോമിക്സിനാണ് ഗാർഡിയൻ ഡ്രോണുകളുടെ നിർമ്മാണച്ചുമതല. എന്നാൽ, അമേരിക്കൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഡ്രോണുകൾ വാങ്ങാനുള്ള നടപടികൾ നീളുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം നടത്താൻ ശേഷിയുള്ള ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക സമ്മതിച്ചത്. ഗാർഡിയൻ ഡ്രോണുകളുടെ വകഭേദമാണിത്. പുതിയ കരാറിന് ഏകദേശം 250 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നാണ് അമേരിക്കയുടെ നിലപാട്. നേരത്തെ തന്നെ ഇന്ത്യ ഇത് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്ക ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
റഷ്യയെ തോൽപ്പിക്കാനോ?
റഷ്യയിൽ നിന്ന് എസ് -400 മിസൈൽ സംവിധാനം വാങ്ങാനുള്ള പദ്ധതിയിൽനിന്ന് ഇന്ത്യയെ പിന്തിരിക്കാനാണ് അമേരിക്കയുടെ പുതിയ നീക്കമെന്ന വിലയിരുത്തലുമുണ്ട്. എസ്-400 ന് പകരം തങ്ങളുടെ 'ഥാഡ്' (ടെർമിനല്‍ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം) മിസൈൽ സംവിധാനം നൽകാമെന്നും അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിൽ റഷ്യയുമായി കരാർ ഉറപ്പിച്ചിരിക്കുന്നതിനാൽ, യു.എസ് വാഗ്ദാനം ഇന്ത്യ മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതോടെയാണ് ആക്രമണത്തിന് ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ നല്‍കാമെന്ന വാഗ്ദാനം യുഎസ് മുന്നോട്ടുവെച്ചത്.