england

ഇംഗ്ലണ്ടിന് ജയം

ബംഗ്ലാദേശിനെ 106 റൺസിന് കീഴടക്കി

ഇംഗ്ലീഷ് ഓപ്പണർ ജാസൻ റോയ്ക്ക് സെഞ്ച്വറി

ഷാക്കിബ് അൽഹസന്റെ സെഞ്ച്വറി പാഴായി

കാർഡിഫ്: ലോകകപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ 106 റൺസിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 386 റൺസ് എന്ന കൂറ്രൻ സ്കോർ നേടി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 48.5 ഓവറിൽ 280 റൺസിന് ആൾൗട്ടാവുകയായിരുന്നു.

നേരത്തേ സെഞ്ച്വറിയുമായി തിളങ്ങിയ ഓപ്പണർ ജാസൻ റോയ് (153)​ യുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്. ജോസ് ബട്ട്ലർ (64)​,​ ജോണി ബെയർസ്‌റ്രോ (51)​ എന്നിവരും ഇംഗ്ലണ്ടിനായി നന്നായി ബാറ്റ് ചെയ്തു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നായകൻ മഷ്റഫെ മൊർത്താസയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് ഇംഗ്ലണ്ട് ഓപ്പണർമാരായ റോയ്‌യും ബെയർസ്റ്രോയും കത്തിക്കയറുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റിൽ 128 റൺസ് കൂട്ടിചേർത്തു. ഇരുപതാമത്തെ ഓവറിലെ ആദ്യ പന്തിൽ മെഹന്ദി ഹസന്റെ കൈയിൽ ബെയർസ്റ്റോയെ എത്തിച്ച് മൊർത്താസയാണ് കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തിൽ 6 ഫോറുൾപ്പെടയാണ് ബെയർസ്റ്റോ 50 റൺസടിച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ജോ റൂട്ട് 21 റൺസെടുത്ത് സയിഫുദ്ദീന്റെ പന്തിൽ ക്ലീബൗൾഡായി മടങ്ങി. പിന്നീട് 150ഉം കടന്ന് കുതിക്കുകയായിരുന്ന റോയ്‌യെ മെഹദി ഹസ്സൻ മൊർത്താസയുടെ കൈയിൽ എത്തിക്കുകയായിരുന്നു.14 ഫോറും 6 സിക്സും റോയ്‌യുടെ ബാറ്റിൽ നിന്ന് പറന്നു.

തുടർന്നെത്തിയ നായകൻ ഒയിൻ മോർഗനൊപ്പം (35)​ ബട്ട്ലർ ഇംഗ്ലണ്ടിന്റെ റൺറേറ്രുയർത്തി. 44 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 64 റൺസെടുത്ത ബെയർസ്റ്രോ സയിഫുദ്ദീന്റെ പന്തിൽ സൗമ്യ സർക്കാരിന് ക്യാച്ച് നൽകിയാണ് പുറത്തായത്.

മെഹദി ഹസനും സയിഫുദ്ദീനും ബംഗ്ലാദേശിനായി രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.

തുടർന്ന് ബാറ്രിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ഷാക്കിബ് അൽഹസൻ (121)​ സെഞ്ച്വറി നേടി.എന്നാൽ മറ്ര് ബാറ്ര്‌സ്മാൻമാരിൽ മുഷ്ഫിക്കുർ റഹിമിന് മാത്രമേ (44) ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായുള്ളൂ. ബെൻ സ്റ്രോക്സും ജോഫ്ര ആർച്ചറും ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്ര് വീതം വീഴ്ത്തി.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനോട് തോറ്രിരുന്നു. മറുവശത്ത് ദക്ഷിണാഫ്രിക്കെ കീഴടക്കിയ ബംഗ്ലാദേശ് ന്യൂസിലൻഡിനോട് കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്നു.