സാർ എന്താണ് കഴിക്കാൻ വേണ്ടത്?""
പതിവുചോദ്യം മാത്രമാണിത്. പക്ഷേ 'ഷീറോസി"ൽ നിന്നുയരുന്ന ഈ ചോദ്യം അത്ര സാധാരണമല്ല. കൊതിപ്പിക്കുന്ന ഏതു വിഭവത്തേക്കാളും കൂടുതൽ രുചിയുണ്ട് അതിന്. ആ വാക്കുകളുടെ ഉടമയ്ക്ക് ഇതുവരെ കണ്ട ഏതൊരാളേക്കാളും കൂടുതൽ ഭംഗിയുണ്ട്, ഒപ്പം ആത്മവിശ്വാസത്തിന്റെ ചങ്കുറപ്പും.
വിശ്വസൗന്ദര്യത്തിന്റെ നിറവായി തലയുയർത്തി നിൽക്കുന്ന ആഗ്രയിലെ വെണ്ണക്കൽ ശില്പമായ താജ്മഹലിന്റെ തൊട്ടടുത്ത് മറ്റൊരു സൗന്ദര്യലോകമുണ്ട്, ഷീറോസ് ഹാംഗൗട്ട്. ആസിഡാക്രണത്താൽ പൊള്ളിപ്പോയ ശരീരത്തെയും മനസിനെയും ചേർത്തു പിടിച്ച് ജീവിതം ഭംഗിയായി ആസ്വദിക്കുന്നവർ. നിമിഷനേരം കൊണ്ട് സ്വന്തം ശരീരം മാറ്റിയെഴുതാൻ വിധിക്കപ്പെട്ടവർ. അവരുടെ അതിജീവനത്തിന്റെ കഥയാണ് 'ഷീറോസ് " പറയുന്നത്. വിപ്ലവം എന്ന വാക്കിനപ്പുറം ഈ മുന്നേറ്റത്തെ വിശേഷിപ്പിക്കാൻ മറ്റൊന്നില്ല.
സ്വപ്നം കണ്ടതൊക്കെയും ഒരു നിമിഷം കൊണ്ട് വീണുടയുക, ആരാലും കാണാനിഷ്ടപ്പെടാതിരിക്കുക, കണ്ണാടിയെ പേടിക്കേണ്ടി വരിക, ഇരുണ്ട മുറിക്കുള്ളിലേക്ക് രാവും പകലും ഒതുങ്ങികൂടേണ്ടി വരിക. ജീവിതത്തിന്റെ നിറം കെട്ടുപോകുന്ന അത്തരം ഒരവസ്ഥ അനുഭവിക്കുമ്പോൾ മാത്രമറിയുന്നതാണ്. തോറ്റുപിൻമാറാൻ എളുപ്പമായിരുന്നു അവർക്ക്. പക്ഷേ, അനുഭവങ്ങൾ പൊരുതണമെന്ന് അവരെ പഠിപ്പിച്ചു. ആ യാത്രയുടെ സാക്ഷ്യമാണ് ഷീറോസ് എന്ന പെൺമുഖങ്ങൾ. പൊള്ളലേറ്റ മുഖം പുറംലോകത്തെ കാണിക്കാൻ ഇന്നവർ ഭയക്കുന്നില്ല, അവരെ ജീവിതത്തോടു ചേർക്കാൻ ഒരുപാടുപേരുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷവതികളായ പെൺകുട്ടികളായി അവർ ഓരോ നിമിഷവും ആസ്വദിക്കുന്നു. ഷീറോസിന് മുന്നിൽ നീതു, ഗീത, ഋതു, രൂപ, മധു അവരുടെ ജീവിതത്തിന്റെ ആഴവും പരപ്പും മറ്റാർക്കും അളക്കാനാകില്ല. ചിന്തകൾക്ക് മൂർച്ച കൂട്ടി ജീവിതത്തിന് കരുത്ത് പകർന്ന് അവർ മുന്നോട്ടുപോകുകയാണ്.
കനൽത്തീ പോലെ അഞ്ചുപേർ
ഒറ്റനോട്ടത്തിൽ കാഴ്ചയെ പിടിച്ചുലക്കുന്ന ചുവർചിത്രങ്ങളാണ് ഷീറോസിന്റെ തലയെടുപ്പ്. നിറക്കൂട്ട് കൊണ്ട് മനോഹരമാക്കിയ ഭിത്തികൾ, കൊതിപ്പിക്കുന്ന രുചിക്കൂട്ടുകൾ. രണ്ടുനില കെട്ടിടത്തിലായി കാണാനേറെ കാഴ്ചകളുണ്ട്. ആർട്ട് ഗാലറി, വായനാമുറി, ബൂട്ടിക് ഒക്കെ കൗതുകമുണർത്തും. അക്ഷരാർത്ഥത്തിൽ ഇതൊരു പുതുലോകമാണ്. കണ്ടും ആസ്വദിച്ചും ഭക്ഷണം കഴിച്ചും പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കാനൊരിടം. വെന്തുരുകിയ ഇവരാണിന്ന് ഏറ്റവും നല്ല ഭക്ഷണം തയ്യാറാക്കുന്നതും അവ ഭംഗിയായി അലങ്കരിച്ച് തീൻമേശയ്ക്ക് മുന്നിൽ കൊണ്ടുവന്നു വയ്ക്കുന്നതും. വില ചോദിച്ച് ബിൽ കൊടുക്കുന്ന രീതിയല്ല ഇവിടെയുള്ളത്. ഇഷ്ടമുള്ളത് ഓർഡർ ചെയ്ത് കഴിക്കാം. അതിന് പ്രതിഫലമെന്ന നിലയിൽ ഇഷ്ടമുള്ള തുക നൽകിയാൽ മതി. ആ തുകയുടെ ഒരുഭാഗം തങ്ങളുടെ ചെലവുകൾക്കായി മാറ്റിവച്ചശേഷം ബാക്കിയുള്ളത് സന്നദ്ധപ്രവർത്തനങ്ങൾക്കാണ്.
എന്തുകൊണ്ട് താജ്മഹലിനടുത്ത് തന്നെ ഷീറോസ് തുടങ്ങിയെന്ന സംശയം എല്ലാവരിലുമുണ്ടാകും. അതിനുള്ള മറുപടി ആ ചോദ്യത്തിൽ തന്നെയുണ്ട്. സൗന്ദര്യത്തിന്റെ പര്യായമായി എന്നെന്നും വാഴ്ത്തപ്പെടുന്ന താജ്മഹൽ കാണാൻ വരുന്നവരെ ഇവിടേക്ക് കൂടി സ്വാഗതം ചെയ്യുക, സൗന്ദര്യസങ്കൽപ്പങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പാടേ മാറ്റിയെഴുതുക. കഫേയെന്ന പേരിനൊപ്പം പുതിയ ചിന്തകളുടെ മറ്റൊരു ലോകം കൂടി അവർ തുറന്നു കാട്ടുകയാണ്. ഇന്ത്യയിൽ പല നാടുകളിലായി കിട്ടുന്ന വ്യത്യസ്തരുചികളെ കോർത്തിണക്കി കൊണ്ടുള്ള വിഭവങ്ങളാണ് ഷീറോസ് ഹാംഗൗട്ടിലെ പ്രധാന ആകർഷണം. പക്ഷേ, ഇന്ത്യക്കാരെക്കാൾ കൂടുതലായി ഇവിടേക്ക് എത്തുന്നത് വിദേശികളാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വാർത്തകളുടെ രൂപത്തിൽ ഷീറോസ് എത്തപ്പെട്ടു എന്നതിന്റെ തെളിവാണത്.
അഞ്ച് സ്ത്രീകളുടെ വിജയമാണിത്. അവരോരുത്തർക്കും പറയാനുണ്ട് കനൽത്തീ പോലെ പൊള്ളുന്ന ഓരോ കഥകൾ. 2014 ഡിസംബറിലായിരുന്നു ഷീറോസ് ഹാംഗൗട്ട് പിറവി കൊണ്ടത്. ആസിഡ് പൊള്ളിച്ച മുഖമല്ല, അതിനെ ആത്മവിശ്വാസത്തോടെ നേരിടുന്ന മനസാണ് വേണ്ടതെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഇവർ യാത്ര തുടങ്ങിയത്. ആക്രമണത്തിനിരയാവർക്ക് ആത്മധൈര്യത്തോടെ ജീവിക്കാനും തൊഴിൽ ചെയ്യാനും പറ്റിയൊരിടമെന്ന നിലയ്ക്കാണ് ഈ സ്വപ്നരാജ്യം അവർ പണിതുയർത്തിയത്. മറ്റുള്ളവരുടെ ദയയിലൂടെ കിട്ടുന്ന തുകയേക്കാൾ തങ്ങളെ സന്തോഷിപ്പിക്കുക സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണമാണെന്ന് ഇവരോരുത്തരും വിശ്വസിക്കുന്നു. ആ വിശ്വാസം ഇന്നവരുടെ വിജയം കൂടിയാണ്. ആ ചിരിയിൽ ആത്മവിശ്വാസമാണ് കയ്യൊപ്പിട്ടിരിക്കുന്നത്.
നീറുന്നുണ്ട് ഇന്നും ആ ഓർമ്മകൾ
വെറും പത്തൊൻപത് വയസുള്ളപ്പോഴാണ് ഋതുവിന്റെ ജീവിതം മാറുന്നത്. അതുവരെ ഉത്തരേന്ത്യയിലെ തനി ഉൾനാടൻ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു സാധാരണക്കാരി പെൺകുട്ടിയായിരുന്നു അവളും. കുടുംബ സ്വത്തിന്റെ തർക്കവുമായി ബന്ധപ്പെട്ടാണ് ഋതുവിന് ആസിഡാക്രമണം നേരിടേണ്ടി വന്നത്. അടുത്ത ബന്ധുവിന്റെ പകയ്ക്ക് കൂട്ടായി ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഋതുവിന്റെ മുഖത്തേക്ക് ആസിഡൊഴിച്ച് പോവുകയായിരുന്നു. അതും പട്ടാപ്പകൽ വെളിച്ചത്തിൽ നടുറോഡിൽ. കരഞ്ഞു നിലവിളിച്ചിട്ടും ഒരാൾ പോലും സഹായിക്കാനെത്തിയില്ല എന്നതാണ് ഇന്നും പൊള്ളിക്കുന്ന തെന്ന് അവൾ പറയുന്നു.
ഗീതയ്ക്ക് ആക്രമണം നേരിടേണ്ടി വന്നത് ഭർത്താവിൽ നിന്നാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന ഗീതയ്ക്കൊപ്പം അവളുടെ രണ്ടു പെൺകുട്ടികൾക്കും പൊള്ളലേറ്റു, ആൺകുട്ടി ജനിക്കാത്തതിന്റെ പേരിലായിരുന്നു ആ അക്രമം. ഇളയകുട്ടി അന്നേരം തന്നെ മരിച്ചു. മൂത്തവൾ നീതു, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അന്ന് സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന പരിഹാസവും അപമാനവും ഇപ്പോഴും ഗീതയുടെ മനസിലുണ്ട്. ജീവിക്കാനൊരു വഴി തേടി അലഞ്ഞു തിരിഞ്ഞെങ്കിലും ആരും സഹായിച്ചില്ലെന്ന വേദനിപ്പിക്കുന്ന സത്യവും അവൾ പങ്കുവച്ചു. ജോലി തേടിയിറങ്ങിയപ്പോഴെല്ലാം അറപ്പു തോന്നുന്നു, പേടിയാകുന്നു എന്നൊക്കെയായിരുന്നു അവൾക്ക് കിട്ടിയ മറുപടികൾ. ഗീതയോടൊപ്പം മകൾ നീതുവും ഷീറോസിലുണ്ട്, ആസിഡൊഴിച്ചത് അച്ഛനായിരുന്നു എന്ന സത്യം ഇപ്പോഴും അവളെ വേദനിപ്പിക്കുന്നു. കാഴ്ച പൂർണമായി നഷ്ടപ്പെട്ടെങ്കിലും പക്ഷേ ആത്മവിശ്വാസം അവളുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ട്.
രൂപയ്ക്ക് പങ്കുവയ്ക്കാനുള്ളത് സ്വന്തം വീട്ടിലുള്ളവർ പേടിക്കാതിരിക്കാൻ തുണി കൊണ്ട് മുഖം മറച്ചിരുന്ന കഥയാണ്. ആരും കാണരുതേ എന്ന പ്രാർത്ഥനയോടെ പാടുപെട്ട് ഭക്ഷണം കഴിച്ചിരുന്ന നാളുകൾ ഇന്നും അവൾ മറന്നിട്ടില്ല. വെറും പതിനഞ്ച് വയസുള്ളപ്പോഴാണ് രണ്ടാനമ്മ രൂപയുടെ നേർക്ക് ആസിഡ് ഒഴിച്ചത്. ശരീരമാസകലം പൊള്ളിയെങ്കിലും ജീവൻ നഷ്ടമായില്ല. നീണ്ട ആശുപത്രിവാസത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി. ഒടുവിൽ ഒളിച്ചിരിക്കാനുള്ളതല്ല ജീവിതമെന്ന് സ്വയം തിരിച്ചറിഞ്ഞ് അവളും ഷിറോസിലെത്തി. അവിടെ നിന്നും ഒരു കഷ്ണം ബ്രെഡ് കെച്ചപ്പിൽ മുക്കി കഴിച്ചുകൊണ്ടാണ് അവളുടെ മുഖത്തെ വർഷങ്ങളായി ഒളിപ്പിച്ചിരുന്ന തുണി മാറ്റി അവൾ വീണ്ടും ചിരിക്കാൻ തുടങ്ങിയത്. കോഫി ഷോപ്പിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ ഇവിടെയൊരു ഡിസൈനർ ബുട്ടീക്കും രൂപ നടത്തുന്നുണ്ട്. തീർന്നിട്ടില്ല അതിജീവിച്ചവരുടെ കഥകൾ. പ്രണയം നിഷേധിച്ചതിന്റെ പേരിലും പെൺകുട്ടിയായി ജനിച്ചതിന്റെ പേരിലും അക്രമണത്തിനിരയാകേണ്ടി വന്നവരും ഇവിടെയുണ്ട്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് കിടപ്പറയിൽ പെരുമാറാതിരുന്നതിന് പൊള്ളലേൽക്കേണ്ടി വന്നവരുമുണ്ട്. അങ്ങനെ ഓരോരുത്തർക്കും പറയാനുള്ളത് വിചിത്രവും എന്നാൽ എവിടെയൊക്കെയോ കേട്ടുപരിചിതവുമായ അനുഭവങ്ങളാണ്.
ഈ ഷിറോസ് നമ്മുടെ ഹീറോസ്
മാസങ്ങൾ നീളുന്ന ആശുപത്രിജീവിതം, എണ്ണമറ്റ ശസ്ത്രക്രിയകൾ, ശരീരവും മനസും കാർന്നു തിന്നുന്ന പൊള്ളലിന്റെ നീറ്റൽ. ഇവരുടെ ജീവിതത്തിലെ കഴിഞ്ഞ നാളുകളൊന്നും അത്ര എളുപ്പമായിരുന്നില്ല. എങ്കിലും എല്ലാ വേദനകളെയും അവർ അതിജീവിച്ചു. വികൃതമായ മുഖം കാണുമ്പോൾ പേടിച്ച് ആളുകൾ ഓടിയൊളിക്കുമ്പോൾ സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞവരായിരുന്നു ഇവരെല്ലാം. ബസിലോ ഭക്ഷണശാലയിലോ അടുത്ത സീറ്റ് പങ്കിടാൻ പോലും തയ്യാറാകാത്തവരുണ്ട്. മാന്യമായ ജോലി ചെയ്യാൻ അവസരം നിഷേധിച്ചവരുണ്ട്. എന്നിട്ടും വിധിയെ അവർ കുറ്റപ്പെടുത്തുന്നില്ല. സ്വയം കണ്ടെത്തേണ്ടതാണ് സന്തോഷമെന്ന് അനുഭവങ്ങളിൽ നിന്നും പറയുന്നു. കരയാനാണെങ്കിൽ ജീവിതകാലം മുഴുവൻ കരയേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് ഇനി ആ കണ്ണുകൾ നിറയില്ലെന്ന് ഇവർ ഉറപ്പിച്ചിട്ടുണ്ട്. അലോക് ദീക്ഷിത് എന്ന പൊതുപ്രവർത്തകനും ആസിഡാക്രമണത്തിന് വിധേയയായ ലക്ഷ്മിയുമാണ് ഇവരുടെ ജീവിതം മാറ്റിയെഴുതിയതെന്ന് പറയാം. അവരുടെ വാക്കുകളുടെ ശക്തിയാണ് ഇന്നത്തെ ഷീറോസ്. ചനവ് ഫൗണ്ടേഷനും സ്റ്റോപ്പ് ആസിഡ് അറ്റാക്ക് നെറ്റ് വർക്ക് പ്രവർത്തകരും ചേർന്നാണ് കഫേയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.
പൊള്ളിയടർന്ന ഈ പെൺമുഖങ്ങളോട് സഹതാപം വേണ്ട എന്ന് ഷീറോസ് പറഞ്ഞ് വയ്ക്കുന്നുണ്ട്. ഒരിക്കൽ നേരിടേണ്ടി വന്ന ആക്രമണം കൊണ്ട് ഇരുളടഞ്ഞ മുറിക്കുള്ളിൽ ഒതുങ്ങി കൂടേണ്ടവരല്ല തങ്ങളെന്ന് ഏറ്റവുമുച്ചത്തിൽ വിളിച്ചു പറയുകയാണിവർ. തെറ്റ് ചെയ്യാത്ത തങ്ങളെന്തിനാണ് മുഖം മറയ്ക്കേണ്ടി വരുന്നത്. ആ ചിന്തയാണ് ഇന്നവരെ ഏറ്റവും മനോഹരമായി ചിരിക്കാൻ പഠിപ്പിച്ചതും ഏറ്റവും നന്നായി സംസാരിക്കാൻ പഠിപ്പിച്ചതും. ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് കരുതിയതാണ് ഇവരിൽ പലരും, പക്ഷേ തോൽക്കാൻ തയ്യാറല്ലെങ്കിൽ പഴയതിനേക്കാൾ നന്നായി ജീവിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ അവർക്കായി. സ്വപ്നങ്ങൾക്ക് മേലെ ആസിഡ് തെറിപ്പിച്ചപ്പോൾ, ആസിഡിനേക്കാൾ വീര്യമുള്ള മനസുമായി മുന്നേറുമ്പോഴും അവർക്ക് പറയാനുള്ളത് ഒരൊറ്റക്കാര്യമാണ്. പൊള്ളലേറ്റത് ശരീരത്തിനാണ്, സ്വപ്നങ്ങൾക്കല്ല. തങ്ങളുടെ ജീവിതത്തിൽ മോശമായതൊന്നും സംഭവിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇവർക്കിഷ്ടം. ആ മനോധൈര്യത്തിനാണ് നമ്മൾ കയ്യടിക്കേണ്ടതും.
ചേർത്തുപിടിക്കാം ഇവരെയും
ഇനിയുള്ള താജ്മഹൽ യാത്രകളിൽ ഒരല്പ നേരം ഷീറോസിലും പങ്കിടുക. അവർക്ക് വേണ്ടത് നമ്മളെയല്ല, നമുക്കാണ് അവരെ വേണ്ടതെന്ന് തിരിച്ചറിയണം. ഒട്ടും മങ്ങലില്ലാത്ത അവരുടെ ചിരിയും ചിന്തകളും കണ്ടും കേട്ടും മടങ്ങുമ്പോൾ നമ്മൾ മനസിൽ സൂക്ഷിച്ചിരിക്കുന്ന സൗന്ദര്യബോധത്തിന്റെ ചിത്രം അപ്പാടെ മാറിയിരിക്കുമെന്ന് ഉറപ്പാണ്. ആത്മാഭിമാനത്തിന്റെ ഉയരത്തിൽ നിൽക്കുന്ന ഷീറോസ് അംഗീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് ലഖ്നൗവിൽ കൂടി ആരംഭിച്ച മറ്റൊരു ശാഖ. സമൂഹം നൽകുന്ന പിന്തുണയിലും ഇപ്പോഴും കാണുമ്പോൾ തുറിച്ചു നോക്കി അവജ്ഞയോടെ മാറി നടക്കുന്നവർ ഏറെയുണ്ടെന്ന് ഇവർ പറയുന്നു. യാത്ര ചെയ്യുമ്പോഴും പൊതുഇടങ്ങളിൽ വച്ച് കാണുമ്പോഴും ചേർത്തു നിറുത്തി കെട്ടിപ്പിടിച്ച്, കൂടെയുണ്ടെന്ന് പറയുന്ന എത്രയോ ആളുകളെയും ഇപ്പോൾ പരിചിതമാണ്. അങ്ങനെയുള്ളവരിലാണ് യഥാർത്ഥ മനുഷ്യരെ ഇവർ കാണുന്നത്.
എന്നും മനസിൽ സൂക്ഷിക്കുന്ന കൺകണ്ട ദൈവങ്ങളും മറ്റാരുമല്ല, ഒരു പുഞ്ചിരിയെങ്കിലും സമ്മാനിച്ച് നടന്നുപോകുന്ന ആ ആളുകളാണ്. സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിലും സാരമില്ല, തങ്ങളും മനുഷ്യരാണെന്ന ചിന്ത എല്ലാവരിലുമുണ്ടായാൽ മതിയെന്ന ആഗ്രഹം മാത്രമാണ് പങ്കുവയ്ക്കാനുള്ളത്. ഈ ഭൂമി തങ്ങളുടേതും കൂടിയാണെന്ന് ഇവർ പറഞ്ഞുവയ്ക്കുന്നുണ്ട്.
മറ്റുള്ളവർ നൽകുന്ന പിന്തുണ മുന്നേട്ടേക്കുള്ള ഊർജമാണിവർക്ക്. സമൂഹം ഇനിയും മാറണം. ഒരു ആസിഡ് തുള്ളിക്കും തകർക്കാൻ കഴിയാത്ത മനസുമായി അവർ ഉയരെ ഉയരെ പറക്കട്ടെ.