ഒരു വേള പഴക്കമേറിയാ
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ" എന്ന് മഹാകവി കുമാരനാശാൻ ചിന്താവിഷ്ടയായ സീതയിൽ പറയുന്നുണ്ട്. ഏത് ദു:ഖവും ക്രമേണ സഹ്യമായിത്തീരുകയും സുഖമായി പരിണമിക്കുകയും ചെയ്യാമെന്ന് സീത സ്വയം ചിന്തിക്കുന്നതാണ് സന്ദർഭം.
അങ്ങനെയൊരു ചിന്ത, കടുത്ത പരീക്ഷണത്തിന്റെ കയ്പേറിയതും ഇരുണ്ടതുമായ നാളുകൾ തള്ളിനീക്കുമ്പോൾ ഷാനവാസ് പോങ്ങനാടിനെ മഥിച്ചിരുന്നോ എന്ന് നിശ്ചയമില്ല. ഒന്നേ ഇപ്പോൾ മനസിലാക്കാനാവുന്നുള്ളൂ. ഒരായുസ്സിൽ അനുഭവിച്ചുതീർക്കേണ്ട കൊടിയ വേദന അദ്ദേഹം രണ്ടു വർഷക്കാലം അനുഭവിച്ചുതീർത്തിട്ടുണ്ട്. ആ നാളുകളിൽ തിന്നുതീർത്ത വേദനയുടെ തീക്ഷ്ണമായ അനുഭവങ്ങൾ ഒട്ടൊന്ന് വിങ്ങലോടെയാണ് നമ്മളേറ്റുവാങ്ങുന്നത്, ഉച്ചമരപ്പച്ച എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ. എത്ര നിസ്സാരമാണ് മനുഷ്യജീവിതം എന്ന് നമ്മെ സ്വയം ചിന്തിപ്പിക്കുന്ന അനുഭവക്കുറിപ്പുകൾ. വായിച്ച് പുസ്തകം മടക്കിവയ്ക്കുമ്പോൾ എന്നെ മഥിച്ചുകളഞ്ഞത് ഏതുതരം വികാരമാണെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.
ഹൃദയം നുറുങ്ങുന്ന വേദന ഞാനും അനുഭവിച്ചിട്ടുണ്ട്, ഇതിന്റെ വായനാവേളയിൽ. ഇങ്ങനെയൊക്കെ സങ്കീർണമായ രോഗബാധയിലൂടെ കടന്നുപോയിട്ടും ഒന്ന് പോയി കാണാൻ എനിക്ക് തോന്നിയില്ലല്ലോ എന്നുള്ള കുറ്റബോധവും വേട്ടയാടുന്നുണ്ട്.
2001ൽ, പത്രപ്രവർത്തനത്തിൽ പിച്ചവച്ച് തുടങ്ങിയ കാലത്ത് തലസ്ഥാനത്ത് പരിചയപ്പെട്ട മുഖമായിരുന്നു ജ്യേഷ്ഠസഹോദരനും സുഹൃത്തുമായ ഷാനവാസ് പോങ്ങനാടിന്റേത്. പത്രപ്രവർത്തകനും എഴുത്തുകാരനും പുസ്തകപ്രസാധകനും നല്ല വായനക്കാരനുമായ സഹൃദയവ്യക്തിത്വം. ഞങ്ങൾ പരിചയപ്പെട്ടിട്ട് കുറേക്കഴിഞ്ഞാണ് അദ്ദേഹം മെലിൻഡ എന്ന പേരിൽ പുസ്തകപ്രസാധനശാലയ്ക്കൊക്കെ തുടക്കം കുറിക്കുന്നത്. അർബുദബാധയെ അതിജീവിച്ച ഷാനവാസ് പോങ്ങനാട് ആ ചികിത്സാകാലത്തിലൂടെ യാത്ര ചെയ്യുകയാണ് ഉച്ചമരപ്പച്ച എന്ന പുസ്തകത്തിൽ.
'ജീവിതം കത്തിനിന്ന മദ്ധ്യാഹ്നത്തിൽ വന്നുപെട്ട പരീക്ഷണമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കാൻസർ. ആകെ കരിഞ്ഞുണങ്ങിയ കാലം. അവിടേക്ക് തളിർപ്പച്ചയായി തിരിച്ചുകിട്ടിയതാണ് ഈ ജീവിതം"- പുസ്തകത്തിന്റെ മുഖക്കുറിപ്പിൽ എഴുത്തുകാരൻ കുറിച്ചു.
ആർത്തിയിലും അഹന്തയിലും അഭിരമിക്കുന്ന മനുഷ്യന്, ഇതുപോലൊരു രോഗം വന്നുപെട്ടാൽ അത്രയേയുള്ളൂ ജീവിതം. 'രാവിലെ ഉദയസൂര്യന്റെ ശോഭയിൽ തെങ്ങിൻതലപ്പുകൾ തിളങ്ങുന്നതും ഉച്ചവെയിലിൽ ആകാശത്തിന്റെ അതിരുകൾ ഇല്ലാതാകുന്നതും കാണാം. പിന്നീട് പോക്കുവെയിലിൽ മരച്ചില്ലകൾ തിളങ്ങും. ഇരുളിന് മുമ്പുള്ള പൊൻപ്രഭയുടെ ശോഭയാണെങ്ങും. മനുഷ്യജീവിതവും ഇങ്ങനെയൊക്കെതന്നെയാണ്"- പുസ്തകത്തിൽ ഷാനവാസ് പറയുന്നുണ്ട്. കീമോതെറാപ്പിക്കായി ആർ.സി.സിയിൽ ഊഴം കാത്ത് ഇരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് ആശ്വസിപ്പിച്ച തൊട്ടടുത്ത കസേരയിലിരുന്ന മറ്റൊരു രോഗിയുടെ വാക്കുകളിതായിരുന്നു: ചേട്ടനെപോലുള്ളവർ ഇങ്ങനെയായാൽ ഞങ്ങളെപ്പോലുള്ളവർ എന്തു ചെയ്യാനാണ്. രണ്ടാമത്തെ കീമോയ്ക്കാണ് ഞാനിരിക്കുന്നത്. വിഷമിക്കാതിരിക്കൂ, എല്ലാം ശരിയാകും, ആ നേരത്ത് അജ്ഞാതയായ ആ സഹോദരിയിൽ നിന്നുണ്ടായ ഈ ആശ്വാസവചനങ്ങൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നോർക്കുന്നുണ്ട് എഴുത്തുകാരൻ.
പുസ്തകത്തിൽ ഒരിടത്ത് തന്റെ രോഗബാധയറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളെക്കുറിച്ച് പറയുന്നുണ്ട്. അതിലൊരനുഭവത്തെക്കുറിച്ച് ഷാനവാസ് പറയുന്നത് നോക്കുക: 'ശബരിമലയിൽ പോകുന്ന വ്രതത്തിലായതിനാൽ അവരോടൊപ്പം (വീട്ടിൽ വന്ന സുഹൃത്തുക്കൾ) വരാൻ മറ്റൊരു സുഹൃത്തിനായില്ല. ഇക്കാര്യം അയാൾ തന്നെ എന്നെ ഫോണിലൂടെ അറിയിച്ചു. അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ക്ഷേത്രദർശനത്തിന് പോകുന്നതിന് മുമ്പ് കാണാൻ പാടില്ലാത്ത അപശകുനമാണോ കാൻസർ രോഗി! ഇന്നും അതെന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണ് "- തീർച്ചയായും ഉത്തരം കിട്ടേണ്ട ചോദ്യമാണത്. കാൻസർ രോഗിയെ കണ്ടാൽ ഏത് ദൈവമാകും കോപിക്കുക?
പുസ്തകം വായിച്ച് മടക്കി വച്ചപ്പോൾ ഞാനോർത്തു. ഏറെ വൈകിയാണ് ഞാൻ ഇദ്ദേഹത്തിന്റെ രോഗവിവരം അറിയുന്നത്. അറിഞ്ഞ വേളയിലൊരിക്കൽ ടെലഫോണിൽ വിളിച്ചിട്ടുണ്ട്. നിസ്സാരമായ രോഗം എന്ന് കരുതിയുള്ള ഒരു ഫോൺ വിളി മാത്രമായിരുന്നു അത്. പക്ഷേ, എത്രത്തോളം കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ചാണ് ഈ മനുഷ്യൻ ഇന്ന് നമ്മുടെയെല്ലാം മുന്നിൽ നിൽക്കുന്നത് എന്നോർക്കുമ്പോൾ, എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. ഒറ്റയിരിപ്പിൽ വായിച്ചുപോകുന്ന, പൊള്ളിക്കുന്ന അനുഭവസാക്ഷ്യങ്ങൾ ആണ് ഈ പുസ്തകം.
(ലേഖകന്റെ ഫോൺ :
9946108241)