ഫേസ്ബുക്കും വാട്സപ്പുമൊന്നും ഇല്ലാതിരുന്ന കാലത്ത് ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നാണ് ഇത്. പല എക്സിബിഷനുകളിലും വളരെ നല്ല പ്രതികരണം ലഭിച്ചിരുന്നു. മധുരമില്ലാത്ത ഈ മുന്തിരിങ്ങ മുന്തിരി വള്ളിയിൽ ഉണ്ടായതല്ല. ഇനി ഇതെന്താണെന്നും എങ്ങനെ എടുത്തതാണെന്നും പറയാം.
ഒരുവിധം എല്ലാ സാധനങ്ങളും കിട്ടുന്ന ഒരു മാർക്കറ്റാണ് കൂനൂരിലേത്. ഒരു ഒഴിവുദിവസം വൈൽഡ് ലൈഫ്സ് ഷൂട്ടു കഴിഞ്ഞ് കാമറയുമായി മാർക്കറ്റിനുള്ളിലൂടെ വരുമ്പോൾ ഇറച്ചിക്കടകളിലൊക്കെ മാംസഭാഗങ്ങൾ തൂക്കിട്ടിരിക്കുന്നതുപോലെ, മീൻ മാർക്കറ്റിൽ മീനിന്റെ മുട്ടകൾ മുന്തിരിക്കുലകൾ പോലെ കുലകളായി തൂക്കിയിട്ടിരിക്കുന്നതു കണ്ടു. അതിൽ ഒരു ഭാഗത്തു വെയിലുമുണ്ടായിരുന്നു. പച്ചനിറമുള്ള മുന്തിരി കുലയ്ക്കും വയലറ്റ് നിറമുള്ള മുന്തിരിക്കുലയ്ക്കും ഇടയിൽ ഏകദേശം മഞ്ഞ കളറുള്ള ഒരു പുതിയ മുന്തിരിക്കുലപോലെ പെട്ടെന്ന് ഒരു തോന്നൽ! കൗതുകം കാരണം അതിന്റെ ഫോട്ടോ എടുക്കാൻ തീരുമാനിച്ചു. ചെറിയ മുട്ടകളായതിനാൽ മാക്രോലെൻസ് വച്ച് അതിലൊരു കുലയുടെ ഫോട്ടോ എടുത്തുപോന്നു. അന്ന് ഡിജിറ്റൽ ആയിട്ടില്ലായിരുന്നു. കളർ ഫിലിമിലായിരുന്നു ഇതെടുത്തത്. പ്രിന്റടിച്ചപ്പോൾ മുന്തിരിക്കുല പോലെ തന്നെ തോന്നി. വലിയ പ്രിന്റടിച്ച് മത്സരത്തിന് അയയ്ക്കുകയും എക്സിബിഷന് വയ്ക്കുകയും ഒക്കെ ചെയ്തു. ഇതിന്റെ ഒരു വലിയ കോപ്പി സ്റ്റുഡിയോയിൽ ഫ്രെയിം ചെയ്തും വച്ചു.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഇവിടുത്തെ വലിയ ആഘോഷങ്ങളിൽ ഒന്നായ സിംസ് പാർക്കിലെ ഫ്രൂട്ട് ഷോ സമയമായി. അതിന്റെ രണ്ട് ദിവസം മുമ്പ് സിംസ് പാർക്കുമായി ബന്ധപ്പെട്ട ഹോർട്ടീകൾച്ചറിലോ മറ്റോ ജോലിചെയ്യുന്ന നേരത്തെ പരിചയമുള്ള ഒരു ഉദ്യോഗസ്ഥൻ എന്നെ സമീപിക്കുകയും ഈ ഫോട്ടോ നൽകണമെന്നും രണ്ടുദിവസം കഴിഞ്ഞു തിരിച്ചുതരാമെന്നു പറഞ്ഞു. ഫ്രൂട്ട് ഷോയുടെ ഭാഗമായുള്ള അവരുടെ എക്സിബിഷൻ സ്റ്റാളിൽ വയ്ക്കാനാണത്രെ! സസ്യ ഫലപ്രദർശനം നടത്തുന്നിടത്ത് ഇതിന്റെ ആവശ്യമെന്തെന്ന സംശയത്തിൽ കാര്യം തിരക്കിയപ്പോഴാണ് മുന്തിരിങ്ങയുടെ നല്ലപടങ്ങളൊന്നും അവരുടെ കൈവശമില്ലാത്തതുകൊണ്ടാണ് ഇത് ചോദിക്കുന്നതെന്ന് അയാൾ പറഞ്ഞത്. കാര്യം അയാളെ പറഞ്ഞുമനസിലാക്കിയ പ്പോഴാണ് ഇഷ്ടൻ അബദ്ധം പറ്റിയകാര്യം മനസിലായത്. അതൊരു നല്ല അംഗീകാരമാണെന്ന് പറയാം. കാരണം ഒരു സാധാരണ കാഴ്ചക്കാരന്റെ നോട്ടത്തിൽ അത്രയേറെ സാമ്യം തോന്നിയതുകൊണ്ടാണല്ലോ അയാൾ വന്നു് ഇത് ആവശ്യപ്പെട്ടത് ! ആ സമയത്ത് പല ആനുകാലികങ്ങളും ഇത് വേണ്ട പ്രാധന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചർച്ചചെയ്യുകയും ചെയ്തിരുന്നു.