ദേശാടനകാലത്ത് ഇന്ത്യയിൽ എത്തുന്ന കൊക്കുകളിലെ മറ്റൊരു പ്രമുഖനാണ് ഡിമോസെൽ ക്രെൻ. പേരു കേട്ട് അന്തം വിടേണ്ട. ഇവയെ നമുക്ക് പണ്ട് മുതലേ പരിചയം ഉണ്ട്. എങ്ങനെയെന്നല്ലേ. കുറച്ചു കാലം പുറകിലേക്ക് പോകാം. പുറകിലേക്ക് എന്നുപറഞ്ഞാൽ പുരാണ കാലത്തിലേക്ക് ഇന്ത്യയിലും പാകിസ്താനിലും ഒക്കെ ഇവയെ 'കൂഞ്ച്" എന്നാണ് വിളിക്കുന്നത്. 'കൂഞ്ച്" എന്ന പദം ആദിഭാഷയായ സംസ്കൃതത്തിലെ 'ക്രൗഞ്ച്" എന്ന പദത്തിൽ നിന്നുമാണ് ഉടലെടുത്തത്.
താമസാനദീ തീരത്ത് പർണശാല കെട്ടി പാർത്തിരുന്ന വാല്മീകി മുനി കുളിക്കാൻ നദിക്കരയിൽ ചെന്നപ്പോൾ ഇണ ചേർന്നിരുന്ന രണ്ടു ക്രൗഞ്ചപക്ഷികളെ കണ്ടുവെന്നും തൊട്ടടുത്ത് നിന്ന ഒരു വേടൻ അതിൽ ആൺപക്ഷിയെ അമ്പെയ്തു കൊന്നുവെന്നും ഇത് കണ്ട മുനി 'മാ നിഷാദ .." എന്ന് തുടങ്ങുന്ന ശ്ലോകഭാഷയിൽ വേടനെ ശപിച്ചുവെന്നും ഒക്കെയുള്ള കഥകൾ നമ്മൾ കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്. ആ ക്രൗഞ്ചപ്പക്ഷികളാണ് ഇന്നത്തെ ഡിമോസെൽ ക്രെൻ. എന്നുവച്ചാൽ എത്രയോ കാലങ്ങളായി ഈ പക്ഷികൾ ലോകത്തുണ്ടെന്ന് അർത്ഥം. യൂറോപ്പിലും ചൈനീസ് മംഗോളിയയിലും അധിവസിക്കുന്ന ഈ പക്ഷികൾ നല്ല ദേശാടകരാണ്.
ശരത്കാലത്ത് യൂറോപ്പിൽ ഉള്ള പക്ഷികൾ ആഫ്രിക്കയിലേയ്ക്ക് പറക്കുമ്പോൾ ചൈനയിലെ മംഗോളിയയിലുള്ള പക്ഷികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയ്ക്ക് പറക്കുന്നു. ഒരു മീറ്ററോളം നീളമുള്ള ഉയരമുള്ള ഒരു പക്ഷി. മുഖവും കഴുത്തും തൊണ്ടയും ഒക്കെ കറുപ്പ് നിറം. ശരീരത്തിന്റെ പുറംഭാഗം നേരിയ നീലിമ കലർന്ന നല്ല ചാരനിറം. അടിഭാഗം വെണ്മ കലർന്ന ചാര നിറം. ചാരവും കറുപ്പും ഇടകലർന്ന നീണ്ട വാൽ. നീണ്ട കറുത്ത കാലുകൾ. കണ്ണിന്റെ പുറകിൽ നിന്ന് തലയുടെ പുറകിലേക്ക് നീണ്ടു കിടക്കുന്ന വെളുത്ത നീണ്ട തൂവലുകൾ. കഴുത്തിന്റെ ഭാഗത്ത് കറുത്ത തൂവലുകൾ താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു. ചുവന്ന കണ്ണുകൾ. നല്ല ഭംഗിയും ആകാരവടിവും ഉള്ള പക്ഷി. കൊക്കുകളുടെ കൂട്ടത്തിൽ താരതമ്യേന ചെറുതാണ് ഇവർ.
റഷ്യയിലെ പുൽമേടുകളിലും നിന്നും പിടിച്ചു ആദ്യമായി യൂറോപ്പിലെ ഫ്രാൻസിൽ കൊണ്ടുവന്നപ്പോൾ ഇവയുടെ ശരീരവടിവ് കണ്ടു അന്നത്തെ രാജ്ഞിയായ മേരി അന്റോയ്നെറ്റ് ആണ് ഇവയെ ഡിമോസെൽ ക്രെൻ എന്ന് നാമകരണം ചെയ്തത്.
ഇന്ത്യയിൽ ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെയുള്ള തണ്ണീർത്തടങ്ങളിൽ ഇവയെ കാണാം. വലിയ കൂട്ടങ്ങളായാണ് ഇവയുണ്ടാവുക. കൂട്ടത്തോടെ പറക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. ഹിമാലയത്തിന്റെ മുകളിലൂടെ 25000 അടി ഉയരത്തിൽ പറക്കുന്ന സമയത്ത് ക്ഷീണവും ആഹാരമില്ലായ്മയും ഒക്കെ കാരണം പലതിന്റെയും ജീവൻ വെടിയാറുമുണ്ട്. പക്ഷേ ഏതു ഭൂപ്രദേശത്തും ജീവിച്ചുപോകാനുള്ള ഇവയുടെ കഴിവ് ഒന്നു വേറെ തന്നെ.
മരുഭൂമികളിലും തണ്ണീർ തടങ്ങളിലും പുൽമേടുകളിലും ഒക്കെ ഇവ ജീവിക്കുന്നു. ചെറിയരീതിയിൽ പുല്ലു വളർന്നു കിടക്കുന്ന തടങ്ങൾ ആണ് മുട്ടയിടാനായി തിരഞ്ഞെടുക്കുന്നത്. അവിടെ മുട്ടയ്ക്ക് അടയിരിക്കുമ്പോൾ ചുറ്റും കാണാൻ സാധിക്കണം. ശത്രുക്കളുടെ സാമീപ്യം അറിയാനാവണം.ഇത്രയൊക്കെ തന്നെ ഈ പക്ഷി നോക്കാറുള്ളൂ.വലിയ പരുന്തുകളും കുറുക്കന്മാരുമൊക്കെ ഇവയുടെ ശത്രുക്കളാണ്. മുട്ടകൾ ബ്രൗൺ കലർന്ന ക്രീം നിറത്തിൽ ബ്രൗൺ പൊട്ടുകളോട് കൂടിയതാണ്. ആഫ്രിക്കൻ യൂറേഷ്യൻ ദേശാടന പക്ഷികളുടെ സംരക്ഷണ കരാർ പ്രകാരം സംരക്ഷിത വർഗവുമാണ് . എന്നുവച്ചാൽ ഇന്ന് ഈ ക്രൗഞ്ച പക്ഷികളെ വേട്ടയാടുന്ന വേടന്മാർക്ക് ശാപത്തിന് പകരം നല്ല ശിക്ഷ കിട്ടുമെന്നർത്ഥം.