ഒരു കാലത്ത് മലയാളിയുടെ പ്രഭാതങ്ങൾക്ക് അറിവും വെളിച്ചവും പകർന്ന ശബ്ദം ഇനി ആകാശവാണിയിൽ നിന്നും കേൾക്കാൻ കഴിയില്ല. എസ്. രാജശേഖരൻ എന്ന സീനിയർ അനൗൺസർ പടിയിറങ്ങുമ്പോൾ മലയാളികൾക്ക് നഷ്ടമാവുന്നത് ശബ്ദസുന്ദരമായ ഒരു കാലഘട്ടമാണ്. രാവിലെ സുഭാഷിതത്തിൽ തുടങ്ങി പ്രഭാത ഭേരിയും ബാലലോകവും വയലും വീടും രഞ്ജിനിയുമൊക്കെയായി കഴിഞ്ഞ മുപ്പതു വർഷക്കാലമായി മലയാളിക്ക് സുപരിചിതമായിരുന്നു ഈ ശബ്ദം. ആദ്യമായി മൈക്കിന് മുന്നിൽ നിന്നത് മുതൽ പടിയിറങ്ങുന്നതുവരെയുമുള്ള ദിനങ്ങൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളായിരുന്നുവെന്ന് ഓർക്കാനാണ് അദ്ദേഹത്തിനിഷ്ടം. മൂന്നു പതിറ്റാണ്ട് കാലത്തെ ഓർമ്മകൾ അദ്ദേഹം ഓർത്തെടുക്കുന്നു.
''വിരമിക്കുന്ന ദിവസം ഞാൻ ശ്രോതാക്കളോട് പറഞ്ഞു, പ്രിയപ്പെട്ട ശ്രോതാക്കളെ... 30 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും പിരിയുകയാണ്. ഇതുവരെ ചെയ്തു എല്ലാ സഹായങ്ങൾക്കും നന്ദി."" അതുകേട്ട് എന്നെ വിളിച്ച ശ്രോതാക്കൾ നിരവധിയാണ്. അവരിൽ പലരും അത്ഭുതപ്പെടുത്തുന്ന സ്നേഹത്തോടെയാണ് സംസാരിച്ചത്. 60 വയസായ ശബ്ദമാണെന്ന് തോന്നിയിട്ടില്ല എന്നു പറഞ്ഞവരും കൂട്ടത്തിലുണ്ട്, വർഷങ്ങളായി ശബ്ദത്തിലൂടെ മാത്രമാണ് അവർക്കെന്നെ പരിചയം. ആരേയും ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല. അവരുടെയൊക്കെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി. നമ്മുടെ ശബ്ദം അത്രത്തോളം ശ്രോതാക്കളെ സ്വാധീനിച്ചിരിക്കുന്നു എന്നതിൽപ്പരം മറ്റൊരു അംഗീകാരമില്ല.""
എന്റെ കുട്ടിക്കാലത്ത് ആകെ പ്രചാരത്തിലുള്ള വാർത്താവിനിമയ ഉപകരണം റേഡിയോ മാത്രമായിരുന്നു. അതിലൂടെ പുറത്തു വരുന്ന ശബ്ദങ്ങൾ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ റേഡിയോ കേട്ടിരുന്ന സമയത്തെപ്പോഴോ മനസിൽ കയറിപ്പറ്റിയ ആഗ്രഹമായിരുന്നു എങ്ങനെയെങ്കിലും എന്റെ ശബ്ദവും റേഡിയോയിലൂടെ ആളുകളെ കേൾപ്പിക്കണം എന്നത്. വളർന്നപ്പോഴും ആ ആഗ്രഹത്തിന് മാറ്റമൊന്നും വന്നില്ല. ആഗ്രഹിച്ചു കിട്ടിയ ജോലിയായതുകൊണ്ട് പൂർണതൃപ്തിയോടും പൂർണതയോടും കൂടി അത് ചെയ്യാനുമായി. ജോലിയുള്ള സംതൃപ്തി എല്ലാവർക്കും കിട്ടുന്നതല്ല. പലപ്പോഴും ആഗ്രഹിക്കുന്ന ജോലി എല്ലാവർക്കും കിട്ടിയെന്ന് വരില്ല. അക്കാര്യത്തിൽ താൻ ഭാഗ്യവാനാണെന്നും രാജശേഖരൻ പറയുന്നു.
കാലം ഏറെ മാറിയെങ്കിലും ഇന്റർനെറ്റും മൊബൈലും ലോകം കീഴടക്കിയെങ്കിലും റേഡിയോയുടെ പ്രതാപം ഇന്നും മങ്ങിയിട്ടില്ലെന്നാണ് അനുഭവം. റേഡിയോ കേൾക്കുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. ഓരോ ആഴ്ചയിലും അത്രത്തോളം കത്തുകളും വിളികളുമാണ് ആകാശവാണിയിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നാണ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടും ഇഷ്ടഗാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുമുള്ള കത്തുകൾ വരുന്നത്. അവയൊക്കെയും റേഡിയോ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടില്ല എന്നതിന് തെളിവാണ്. ശ്രോതാക്കൾക്ക് ഇഷ്ടപ്പെടുമോ എന്ന് തീർച്ചയില്ലാത്ത പരിപാടികൾക്കു പോലും വളരെ നല്ല പ്രതികരണമാണ് പലപ്പോഴും കിട്ടുന്നത്. റേഡിയോയുടെ കാലം കഴിഞ്ഞു എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറയുന്നു.
റേഡിയോ ജീവിതം മറക്കാനാവാത്ത ഒരുപിടി അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ടെന്നും രാജശേഖരൻ ഓർത്തെടുക്കുന്നു. അതിലൊന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ളതായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ല. രാവില 5.30നാണ് ആദ്യത്തെ പ്രക്ഷേപണം. അതിന് മുമ്പ് അവിടെയെത്തണം. ആ ദിവസവും പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങി. ബസ് കാത്തു നിൽക്കുമ്പോഴാണ് ഒരു വാഹനവും ഓടുന്നില്ല, രാജീവ് ഗാന്ധി മരിച്ചു എന്നൊക്കെ അറിയുന്നത്. എല്ലായിടത്തും പ്രശ്നങ്ങളാണ്. ആകാശവാണി ഏഴ് കിലോമീറ്ററോളം ദൂരെയാണ്. നടന്നുപോയാൽ സമയത്ത് അവിടെ എത്താനും കഴിയില്ല. അങ്ങനെ ആകെ വിഷമിച്ച് നിൽക്കുമ്പോഴാണ് ഒരു മീൻ കച്ചവടക്കാരൻ സൈക്കിളിൽ പോകുന്നത് കണ്ടത്. അയാളോട് കാര്യം പറഞ്ഞു. അയാൾ വളരെ സന്തോഷത്തോടെ പിന്നിൽ കയറിക്കോളാൻ പറഞ്ഞു. അങ്ങനെ കൃത്യസമയത്തു തന്നെ സ്റ്റേഷനിലെത്തി. ഇക്കഴിഞ്ഞ പ്രളയകാലത്തും റേഡിയോയിലൂടെ ഒരുപാട് സഹായങ്ങൾ നൽകാനായി. ടിവി, ഇന്റർനെറ്റ് തുടങ്ങിയവ പ്രവർത്തന രഹിതമായപ്പോഴും റേഡിയോയിലൂടെ കൃത്യമായ വിവരങ്ങൾ നൽകാനായി. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റേഡിയോയും ഫോണുകളും ചേർന്നപ്പോൾ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞു.
ശബ്ദത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാൽ രാജശേഖരന്റെ മറുപടി ഇതാണ്, ഈ ശബ്ദം ദൈവാനുഗ്രഹമാണ്. അത് സംരക്ഷിക്കാനും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു. അതല്ലാതെ, ശബ്ദം നന്നായിരിക്കാൻ വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാറില്ല. പ്രത്യേകമായി ആഹാരക്രമമോ ജീവിതരീതിയോ ഒന്നും പിന്തുടരുന്നില്ല. ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുക. നല്ല മലയാളം അക്ഷരസ്ഫുടതയോടെ ഉപയോഗിക്കുക. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇത്രയുമാണ്. വളർന്നു വരുന്ന തലമുറയിൽ പലയിടത്തുനിന്നും നല്ല മലയാളം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ ആകാശവാണി 'നല്ല മലയാളം" എന്ന പേരിൽ ഒരു പരിപാടിയും പ്രക്ഷേപണം ചെയ്തിരുന്നു.
കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് എസ്. രാജശേഖരന്റെ ജനനം. അച്ഛൻ വില്ലേജ് ഓഫീസറായിരുന്നു. അതുകൊണ്ട് അച്ഛന്റെ ജോലിയുടെ സ്ഥലം മാറ്റത്തിനനുസരിച്ച് താമസസ്ഥലവും സ്കൂളുമൊക്കെ മാറിക്കൊണ്ടിരുന്നു. പഠനം മുഴുവനും കേരളത്തിൽ തന്നെയായിരുന്നു. തിരുവനന്തപുരം എം.ജി കോളേജിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിനൊപ്പം നാടകത്തിൽ അഭിനയിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ പുതിയ സ്റ്റുഡിയോ സ്ഥാപിച്ചപ്പോൾ അവിടെ നിന്നും ആദ്യം പ്രക്ഷേപണം ചെയ്ത ശബ്ദം എസ്.രാജശേഖരന്റേതായിരുന്നു. റേഡിയോ പ്രക്ഷേപണരംഗത്തെ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിനായി. ആകാശവാണിയിൽ നിന്നും വിരമിച്ചെങ്കിലും ശബ്ദത്തിന് പ്രധാന്യം കിട്ടുന്ന ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കണം എന്നു തന്നെയാണ് രാജശേഖരന്റെ ആഗ്രഹം. ഡബ്ബിംഗ്, ചാനലുകൾ അങ്ങനെ ഏതെങ്കിലും മേഖലകളിലൂടെ രാജശേഖന്റെ ശബ്ദം ഇനിയും ശ്രോതാക്കളെ തേടിയെത്തും.