പോസ്റ്റുമാനായി റിട്ടയർ ചെയ്ത ശ്രീധരന് എല്ലാവിഭാഗം ആൾക്കാരുമായി ഇപ്പോഴും നല്ല ബന്ധമാണ്. വിവിധ മതക്കാർ, ജാതിക്കാർ, വ്യത്യസ്തരായ സാമ്പത്തിക സ്ഥിതിയുള്ളവർ, ഭിന്നരാഷ്ട്രീയ ചിന്താഗതിക്കാർ... അങ്ങനെ പല തരക്കാരുമായുള്ള ബന്ധം കൊണ്ട് സ്വന്തമായൊരു ജീവിതവീക്ഷണവുമുണ്ട്. ചില വീടുകളിൽ ഉറക്കമുണരുന്നത് മുതൽ ഉറങ്ങുന്നതുവരെ അഖണ്ഡനാമ ജപം പോലെ പണം, പണം എന്നതുമാത്രമായിരിക്കും. വന്നുകയറുന്ന പണത്തെ ആദരവോടെ വരവേൽക്കും. തിരിച്ചൊരു ചില്ലിക്കാശിനും ഇറങ്ങിപ്പോകാനും പറ്റില്ല. ചില വീടുകളിൽ ഭക്ഷണക്കാര്യങ്ങളായിരിക്കും സജീവചർച്ച.
മൂക്കുമുട്ടെ തിന്നുന്നതും അടുത്ത നേരം കഴിക്കാനുള്ളതുമാകും മുഖ്യഅജണ്ട. അപൂർവം വീടുകളിൽ സ്നേഹം, ജീവിതാനുഭവങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നിലുള്ളവരായിരിക്കും അത്തരക്കാർ. ആ വീടുകളിൽ ഇരിക്കാൻ പ്രത്യേകസുഖവും ആശ്വാസവും ഉണ്ടാകുമെന്ന് ശ്രീധരൻ പറഞ്ഞിട്ടുണ്ട്.
നാട്ടിലെ ഏറ്റവും സമ്പന്നമായ വീട്ടിൽ ഇടയ്ക്കിടെ മണി ഓർഡറുകൾ കൊടുക്കാൻ ശ്രീധരൻ പോയിട്ടുണ്ട്. സത്യവതി ഏക മകൾ, നല്ല സാമ്പത്തിക ഭദ്രത, വെയിൽ കൊണ്ട് തളർന്നു ചെന്നാലും ദാഹിച്ച വെള്ളം നൽകില്ല. തൊഴുത്തിൽ നിറയെ പശുക്കൾ. പാലും തൈരും നെയ്യും സമൃദ്ധം. ഒരിക്കൽപ്പോലും മോരുവെള്ളമോ എന്തിന് ചൂടുവെള്ളമോ നൽകിയിട്ടില്ല. മണി ഓർഡർ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ ഔപചാരികത പോലെ ചോദിക്കും, ഈയിടെ ശമ്പളമൊക്കെ വർദ്ധിച്ചല്ലോ. ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ നികുതി പിരിച്ച് ശമ്പളക്കാർക്കല്ലേ കൊടുക്കണത്. അൽപ്പം കാറ്റുകൊള്ളാൻ തിണ്ണയിലിരുന്നാൽ മൂവായിരം തേങ്ങ വെട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോൾ മൂന്നിലൊന്നേയുള്ളൂ എന്ന് പരിതപിക്കും, നൂറുപറ നെല്ലു കിട്ടിയിരുന്ന പാടത്ത് ഇപ്പോൾ നാലിലൊന്ന് വിളവുപോലുമില്ലെന്ന് വിഷമത്തോടെ പറയും. സത്യവതിയെന്ന സമ്പന്നയുടെ ഇല്ലായ്മകൾ തീർത്തുകൊടുക്കണേ എന്ന് അവിടെയിരുന്ന് ശ്രീധരൻ പ്രാർത്ഥിച്ചു പോയിട്ടുണ്ട്.
സത്യവതിക്ക് രണ്ടാൺമക്കൾ. നഗരത്തിലെവിടെയോ പഠിക്കുന്നു എന്നു മാത്രമേ അറിയൂ. അമ്മയും അച്ഛനും മക്കളും കൂടുമ്പോൾ റിസർവ് ബാങ്ക് കാര്യങ്ങളാണ് ചർച്ച. വരുംതലമുറകൾക്കു വേണ്ടി സമ്പാദിച്ചു വയ്ക്കണം. കണ്ണിന്റെ മോഹവും നാവിന്റെ രുചിയും അത്ര കാര്യമാക്കേണ്ട. കഴിഞ്ഞ ജന്മത്തിൽ പാപകർമ്മങ്ങൾ ചെയ്തവരാണ് ഈ ജന്മത്തിൽ കഷ്ടപ്പെടുന്നതെന്ന വേദാന്തവും സത്യവതി ആവർത്തിക്കാറുണ്ട്.
ഈയിടെ ഒരു ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിക്കാൻ പോയതാണ് ശ്രീധരൻ. റൂം നമ്പർ തെറ്റി വാതിൽ തുറന്നത് സത്യവതിയുടെ മുറിയിൽ. കണ്ടയുടൻ സത്യവതി ശ്രീധരനെ തിരിച്ചറിഞ്ഞു. വാതോരാതെ പ്രശംസിച്ചു. രാവിലെ മുതൽ അവർ ഒന്നും കഴിച്ചിട്ടില്ല. വിശന്നു പൊരിഞ്ഞ് തളർന്നിരിക്കുകയാണ്. ആശുപത്രി കാന്റീനിലേക്ക് ഫോൺ ഉണ്ടെങ്കിലും സഹായിയായി നിൽക്കുന്ന സ്ത്രീക്ക് അതൊന്നും വലിയ പിടിയില്ല. ശ്രീധരൻ വാതിൽ തുറന്ന് പുറത്തിറങ്ങി. രണ്ടു ഭക്ഷണപാക്കറ്റുകളുമായാണ് അയാൾ മടങ്ങിയത്. കയ്യിൽ കിട്ടാത്ത താമസം, സത്യവതി അതു തുറന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. അൽപ്പം ആശ്വാസമായപ്പോൾ അവർ പറഞ്ഞത്രെ, ഭർത്താവ് മരിച്ചശേഷം മക്കളുടെ സ്നേഹവും കണക്കാ. അന്വേഷിച്ചു വന്നാൽ വന്നു, നിനക്കല്ലേ കൂടുതൽ തന്നത്, നീ അന്വേഷിക്ക് എന്ന് രണ്ടുപേരും പരസ്പരം പഴിചാരും. രൂപയുടെ മൂല്യം താഴും, ഉയരും. മൂല്യം കുറയാത്തത് സ്നേഹത്തിന് മാത്രം. ജീവിതം സത്യവതിയെ പഠിപ്പിച്ച വാക്കുകൾ ശ്രീധരൻ അതിശയത്തോടെ കേട്ടിരുന്നു. വിശപ്പാറിയപ്പോൾ സത്യവതിയുടെ മുഖം തെളിഞ്ഞു, ഒരു ഔദാര്യവും പറ്റാത്ത അവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞ സന്തോഷമായിരുന്നു ശ്രീധരന്.
(ഫോൺ: 9946108220)