ഇഷ്ക് തിയേറ്ററിൽ നിറഞ്ഞ കയ്യടികൾ നേടുമ്പോൾ നായിക ആൻ ശീതൾ കൊച്ചിയിലെ വീട്ടിലുണ്ട്, തേടിയെത്തുന്ന ഓരോ അഭിനന്ദനങ്ങൾക്കും നിറഞ്ഞ സന്തോഷവുമായി. വസുധയെ മികവുറ്റതാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആൻ ശീതൾ പങ്കുവച്ചു. ഇഷ്കിന്റെ വിജയത്തിൽ നല്ല സന്തോഷമുണ്ട്. പ്രേക്ഷകർക്കെന്തായാലും സിനിമ ഇഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല. വസുധ ഇന്നത്തെ കാലത്തെ ഒരു പെൺകുട്ടിയാണ്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കുറേ കാര്യങ്ങളുണ്ട് ഈ സിനിമയിൽ. "
ഇഷ്കിലേക്ക്
സംവിധായകൻ അനുരാജ് മനോഹർ ആണ് കഥ പറഞ്ഞത്. കേട്ടുകഴിഞ്ഞപ്പോൾ ചെയ്യണമെന്ന് തോന്നിയിരുന്നു. പക്ഷേ ഓഡിഷൻ വച്ചപ്പോൾ ആത്മവിശ്വാസം കുറച്ച് നഷ്ടപ്പെട്ടു. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വസുധയാകാനുള്ള ഫോൺ വിളി തേടിയെത്തി. എന്റെ കരിയർ ബെസ്റ്റ് ചിത്രമായിരിക്കും ഇതെന്ന് പറയാനാണിഷ്ടം. ഇഷ്ക് എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. സാമൂഹികമായ ഇന്നത്തെ അവസ്ഥ പറയുന്നുണ്ടെങ്കിൽ കൂടിയും എന്റർടെയ്മെന്റിനുള്ള ഇടങ്ങൾ ആവോളം സിനിമയിലുണ്ട്.
സിനിമയിലേക്ക്
കാമറയോടായിരുന്നു എനിക്ക് പ്രണയം. അതിന് വേണ്ടി ഇറങ്ങിയ ഞാനാണ് കാമറയ്ക്ക് മുന്നിലെത്തിയത്. എപ്പോഴെങ്കിലും സിനിമയിലെത്തുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. കുട്ടിക്കാലത്തൊക്കെ സിനിമ ഇഷ്ടമായിരുന്നുവെന്നല്ലാതെ വലുതാകുമ്പോൾ നടിയാകണമെന്നൊന്നും കരുതിയിട്ടേയില്ല. സിനിമാട്ടോഗ്രാഫി പഠിക്കാൻ ഇറങ്ങിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അതിനിടയ്ക്കാണ് ചെറുതായിട്ട് മോഡലിംഗ് നോക്കിയത്. കൂട്ടത്തിൽ ചെറുതായിട്ട് ഓഡിഷനൊക്കെ ശ്രമിക്കുകമായിരുന്നു. വെറുതേയിരുന്നപ്പോൾ തോന്നി എന്നാൽ ഒരു ആക്ടിംഗ് കോഴ്സിന് ചേർന്നേക്കാമെന്ന്. അങ്ങനെ ഒരു ഷോർട്ട് ടേം ആക്ടിംഗ് കോഴ്സിൽ ചേർന്നു. എസ്രയിലേക്ക് ഓഡിഷൻ നടക്കുന്നുണ്ടെന്ന് അറിയുന്നതും ആ സമയത്താണ്. എങ്കിൽ പിന്നെ ഒന്നു ശ്രമിക്കാമെന്നായി. ഓഡിഷൻ കഴിഞ്ഞപ്പോൾ എസ്രയിലെ റോസി വേഷം എന്നെ തേടി വന്നു. ഒടുവിൽ ചെയ്യാമെന്നേറ്റു. അങ്ങനെയാണ് ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്.
സംവിധായകൻ കിടു
അനുരാജ് മനോഹർ എന്ന സംവിധായകന്റെ സിനിമയാണിത്. നമുക്ക് ഒരുപാട് സ്പെയ്സ് തരും. ഓരോ ഷോട്ടിനും മുന്നേ ഈ സീനാണ് എടുക്കുക. തൊട്ടുമുമ്പത്തെ സീൻ ഇതാണ്, ഇനി വരുക ഇങ്ങനെയായിരിക്കും എന്നൊക്കെ പറഞ്ഞു തരും. ആ ഗ്രാഫ് നമ്മൾ കൃത്യമായി ഫോളോ ചെയ്യണം. ആള് കുറച്ച് പെർഫക്ഷനിസ്റ്റാണ്. എന്നാലും വളരെ ഫ്രീയായിട്ട് അഭിനയിക്കാം. പക്ഷേ നമ്മുടെ ഏറ്റവും ബെസ്റ്റ് പുറത്തെടുക്കേണ്ടി വരും. അത് വരെ ടേക്ക് പോയിക്കൊണ്ടിരിക്കും. ലൊക്കേഷൻ ശരിക്കും അടിപൊളിയായിരുന്നു. സമ്മർദ്ദങ്ങളോ ടെൻഷനോ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും ഒരു ഫാമിലി പോലെയായിരുന്നു. ഇഷ്ക് കഴിഞ്ഞിറങ്ങിയതോടെ എന്റെ ആക്ടിംഗിൽ കുറച്ചൂടെ മാറ്റം വന്നിട്ടുണ്ട്, അതുപോലെ ആത്മവിശ്വാസവും കൂടിയുണ്ട്.
വസുധയല്ല ഞാൻ, പക്ഷേ
ഞാനും വസുധയും തമ്മിൽ യഥാർത്ഥ ജീവിതത്തിൽ ഒരു ബന്ധവുമില്ല. പക്ഷേ പറഞ്ഞു വരുമ്പോൾ എവിടെയങ്കിലും എന്തെങ്കിലുമൊക്കെയുണ്ടാകാം. സിനിമയിലെ പല സീനുകളും പക്ഷേ അപരിചിതമല്ല. നമ്മളും ജീവിക്കുന്നത് ഈ സമൂഹത്തിൽ തന്നെയാണല്ലോ. പലപ്പോഴായിട്ട് പലരും നേരിടുന്ന പ്രശ്നങ്ങളൊക്കെ സിനിമയിൽ കൊണ്ടു വന്നിട്ടുണ്ട്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ബന്ധം ഈ സിനിമയിൽ നിന്നും കണ്ടെത്താനാകും. ഇതിലൊട്ടും ഭാവനയില്ല, റിയലിസ്റ്റിക് സിനിമ തന്നെയാണ്.
കാത്തിരിപ്പിലാണ്
മലയാളത്തിൽ നിന്ന് കുറച്ച് കഥകൾ വരുന്നുണ്ട്. പക്ഷേ ഒന്നും പറയാറായിട്ടില്ല. നല്ല നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്, നല്ല ടീമിനൊപ്പം പ്രവർത്തിക്കണം. ഇതാണിപ്പോഴത്തെ ആഗ്രഹം. തേടി വരുന്ന എല്ലാ വേഷങ്ങളും ചെയ്യാൻ ഞാൻ ഒരുക്കമല്ല. കഥ നോക്കിയാകും ആ സിനിമ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. കഥ പോലെ തന്നെ പ്രധാനമാണ് അതിന്റെ പിന്നിലെ ടീമും. നല്ല ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞാൽ നമ്മുടെ ഭാഗം നമുക്ക് കൂടുതൽ നന്നാക്കാൻ പറ്റും. സിനിമയുടെ വിജയത്തെ അത് സ്വാധീനിക്കും. അതുകൊണ്ട് ടീം വളരെ പ്രധാനമാണ്. പിന്നെ എന്റെ കഥാപാത്രം എന്താണെന്ന് നോക്കും. ചെറിയ കഥാപാത്രമായാൽ കൂടിയും അതിന്റെ പ്രാധാന്യമനുസരിച്ചായിരിക്കും സമ്മതം അറിയിക്കുക. ആ സിനിമയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്താൽ മതിയല്ലോ. വെറുതേ വന്ന് പോകാനില്ല.